- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിങ്ങിപ്പൊട്ടിയ കൃതികയെയും തരിണിയെയും ഗീതിക ചേർത്തുപിടിച്ചു; തളരരുത്; പോരാളിയായിരുന്നു നിങ്ങളുടെ അച്ഛൻ എന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു; പിന്നാലെ ഗീതിക തന്റെ പ്രിയതമന്റെ മൃതദേഹ പേടകത്തിനു മുന്നിൽ തലകുമ്പിട്ടു; മകൾ ആഷ്‌ന കണ്ണീരോടെ അച്ഛനെ ചുംബിച്ചു; ധീരസൈനികർക്ക് ഉറ്റവരുടെ കണ്ണീർ പ്രണാമം; വിതുമ്പി രാജ്യം
ന്യൂഡൽഹി: ഹെലികോപ്റ്റർ ദുരന്തത്തിൽ മരിച്ച സംയുക്ത സേനാ മേധാവിയക്കും ധീരസൈനികർക്കും രാജ്യത്തിന്റെ അന്ത്യാജഞ്ജലി. ഈ ദുരന്തം ഏറ്റവും വേദനിപ്പിക്കുന്നത് മരിച്ചവരുടെ കുടുംബാഗങ്ങളെയാണ്. അച്ഛനും അമ്മയും നഷ്ടമായ കൃതികയും താരുണിയും. ഇവരെ ആശ്വസിപ്പിക്കാൻ ആർക്കും കഴിയുന്നില്ല. അപകടത്തിൽ മരിച്ച സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന്റെയും ഭാര്യ മധുലിക റാവത്തിന്റെയും മക്കളാണ് കൃതികയും താരുണിയും.
ബുധനാഴ്ച രാവിലെ സന്തോഷത്തോടെ വീട്ടിൽനിന്നു യാത്രതിരിച്ച മാതാപിതാക്കൾ ചേതനയറ്റ ശരീരമായാണ് ഡൽഹിയിലെത്തിയത്. ദേശീയപതാക പുതപ്പിച്ച അവരുടെ മൃതദേഹത്തിൽ കൃതികയും താരുണിയും ആദരാഞ്ജലികൾ അർപ്പിച്ചപ്പോൾ രാജ്യം വിതുമ്പി. ഡൽഹി പാലം വിമാനത്താവളത്തിലെത്തിയാണ് ഇരുവരും മാതാപിതാക്കൾക്ക് ആദരാഞ്ജലി അർപ്പിച്ചത്. ഇവിടെയെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവർ ഇരുവരെയും ആശ്വസിപ്പിച്ചു.
വ്യാഴാഴ്ച രാത്രി എട്ടോടെയാണ് സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത്, പത്‌നി മധുലിക, മലയാളിയായ ജൂനിയർ വാറന്റ് ഓഫിസർ എ.പ്രദീപ് എന്നിവരടക്കമുള്ളവരുടെ മൃതദേഹങ്ങൾ പാലം വ്യോമതാവളത്തിലെത്തിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും അഭിവാദ്യമർപ്പിച്ചു. റാവത്തിന്റെയും മധുലികയുടെയും മൃതദേഹങ്ങൾ വെള്ളിയാഴ്ച 11 മുതൽ 1.30 വരെ ഡൽഹിയിലെ വസതിയിൽ പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് സേനാ കന്റോൺമെന്റിലുള്ള ബ്രാർ സ്‌ക്വയർ ശ്മശാനത്തിലേക്കു വിലാപയാത്രയായി എത്തിക്കും. ബ്രിഗേഡിയർ എൽ.എസ്. ലിഡ്ഡറുടെ മൃതദേഹം രാവിലെ ഒൻപതിനു ബ്രാർ സ്‌ക്വയറിൽ സംസ്‌കരിക്കും.
ധീരപോരാളികളുടെ ചേതനയറ്റ ശരീരം നിറകണ്ണുകളോടെ രാജ്യതലസ്ഥാനം ഏറ്റുവാങ്ങി. മൃതദേഹ പേടകങ്ങൾ വഹിച്ചുള്ള വ്യോമസേനാ വിമാനം സൂലൂരിൽ നിന്ന് രാത്രി 7.40ന് ആണു പാലം വ്യോമതാവളത്തിലെത്തിയത്. സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന്റെ മക്കളായ കൃതിക, തരിണി, ബ്രിഗേഡിയർ എൽ.എസ്. ലിഡ്ഡറുടെ ഭാര്യ ഗീതിക, മകൾ ആഷ്‌ന എന്നിവരുൾപ്പെടെയുള്ളവർ കണ്ണീരണിഞ്ഞു നിന്നു. വിങ്ങിപ്പൊട്ടിയ കൃതികയെയും തരിണിയെയും ഗീതിക ചേർത്തുപിടിച്ചു; 'തളരരുത്; പോരാളിയായിരുന്നു നിങ്ങളുടെ അച്ഛൻ'! പിന്നാലെ ഗീതിക തന്റെ പ്രിയതമന്റെ മൃതദേഹ പേടകത്തിനു മുന്നിൽ തലകുമ്പിട്ടു; മകൾ ആഷ്‌ന കണ്ണീരോടെ അച്ഛനു മേൽ ചുംബിച്ചു.
13 മൃതദേഹ പേടകങ്ങളിൽ 4 എണ്ണത്തിൽ മാത്രമായിരുന്നു പേരുകൾ ജനറൽ ബിപിൻ റാവത്ത്, ഭാര്യ മധുലിക, ബ്രിഗേഡിയർ എൽ.എസ്. ലിഡ്ഡർ, ലാൻസ് നായിക് വിവേക് കുമാർ. ഇവരുടെ മൃതദേഹങ്ങൾ ഡിഎൻഎ പരിശോധന കൂടാതെ തിരിച്ചറിഞ്ഞിരുന്നു. മലയാളിയായ എ.പ്രദീപിന്റെയടക്കമുള്ള 9 മൃതദേഹ പേടകങ്ങൾ പേരുകളില്ലാതെ ത്രിവർണ പതാക പുതച്ചു കിടന്നു.
കരസേനാ മേധാവി ജനറൽ എം.എം.നരവനെ, നാവികസേനാ മേധാവി അഡ്‌മിറൽ ആർ.ഹരികുമാർ, വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി.കെ. ചൗധരി എന്നിവർ സംയുക്ത സേനാ മേധാവിക്ക് സല്യൂട്ട് നൽകി. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർ പിന്നാലെയെത്തി. ഒൻപതു മണിയോടെയെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പചക്രം സമർപ്പിച്ചു. തുടർന്ന് ഓരോ പേടകത്തിനും മേൽ പൂക്കൾ വിതറി.
സേനാംഗങ്ങളുടെ കുടുംബാംഗങ്ങൾക്കു മുന്നിൽ കൂപ്പുകൈകളോടെ നിന്ന അദ്ദേഹം അവരെ ആശ്വസിപ്പിച്ചു. തുടർന്നു മൃതദേഹങ്ങൾ കന്റോൺമെന്റിലെ സേനാ ആശുപത്രിയിലേക്കു മാറ്റി. പ്രദീപ് ഉൾപ്പെടെയുള്ളവരുടെ മൃതദേഹങ്ങൾ അവിടെ ഡിഎൻഎ പരിശോധനയ്ക്കു വിധേയമാക്കി.
രാഷ്ട്രപതിയും അന്തിമോപചാരം അർപ്പിക്കും
റാവത്തിനും മധുലികയ്ക്കും ലിഡ്ഡർക്കും ഇന്നു രാജ്യം യാത്രാമൊഴിയേകും. സർവസൈന്യാധിപൻ കൂടിയായ രാഷ്ട്രപതി റാം നാഥ് കോവിന്ദും അന്തിമോപചാരം അർപ്പിക്കും.
വെള്ളിയാഴ്ച രാവിലെ 11.30 മുതൽ 12.30 വരെ ജനങ്ങൾക്ക് അന്തിമോപചാരം അർപ്പിക്കാം. 12.30 മുതൽ 1.30 വരെ സൈനികർക്ക് അന്തിമോപചാരത്തിന് അവസരം. ബിപിൻ റാവത്തിന്റെ മൃതദേഹം അദ്ദേഹത്തിന്റെ വസതിയിൽ പൊതുദർശനത്തിനു വയ്ക്കും. ബ്രിഗേഡിയർ എൽ.എസ്.ലിഡ്ഡറിന്റെ സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 9.30ന് ഡൽഹിയിൽ നടക്കും.
വെല്ലിങ്ടണിൽ, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, മറ്റു സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ അന്ത്യാഞ്ജലി അർപ്പിച്ചു. തമിഴ്‌നാട് ഗവർണർ ആർ.എൻ.രവി, മറ്റു സൈനിക ഉദ്യോഗസ്ഥർ, ജില്ലാ ഭരണാധികാരികൾ എന്നിവരും പങ്കെടുത്തു.
ബിപിൻ റാവത്ത്, ഭാര്യ മധുലിക, ബ്രിഗേഡിയർ എൽ.എസ്.ലിഡ്ഡർ, ലഫ്. കേണൽ ഹർജിന്ദർ സിങ്, ഹവിൽദാർ സത്പാൽ, നായികുമാരായ ഗുർസേവക് സിങ്, ജിതേന്ദ്ര കുമാർ, ലാൻസ് നായികുമാരായ വിവേക് കുമാർ, ബി.സായ് തേജ എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് ഗുരുതര പരുക്കുകളോടെ രക്ഷപ്പെട്ടു.
ഇവർ സഞ്ചരിച്ചിരുന്ന മി 17 വി 5 എന്ന ഹെലികോപ്റ്റർ ഇന്നലെ ഉച്ചയ്ക്ക് 12.20ന് ഊട്ടിക്കു സമീപം കൂനൂരിലെ വനമേഖലയിൽ തകർന്നു വീഴുകയായിരുന്നു. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിനടുത്തുള്ള സുലൂരിലെ സൈനിക താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് തകർന്നുവീണത്. ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജ് സ്ഥിതി ചെയ്യുന്ന വെല്ലിങ്ടണിലേക്കായിരുന്നു യാത്ര.
മറുനാടന് മലയാളി ബ്യൂറോ