- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നമ്മുടെ രാജ്യത്തെ സംരക്ഷിക്കുന്ന വലിയൊരു ഉദ്യോഗസ്ഥൻ കുടിക്കാൻ വെള്ളം ചോദിച്ചിട്ട് കൊടുക്കാൻ കഴിഞ്ഞില്ലല്ലോ; അദ്ദേഹം മരിച്ചതറിഞ്ഞപ്പോൾ രാത്രിയൊന്നും ഉറങ്ങാനായില്ല; അപകട സമയത്ത് ഹെലികോപ്ടറിൽ നിന്ന് ചാടിയ മൂന്ന് പേരിൽ ഒരാൾ സംയുക്ത സേനാ മേധാവി; ബിപിൻ റാവത്തിന്റെ മരണം ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ
ഊട്ടി: കുനൂരിൽ മരത്തിലിടിച്ച് കത്തിയമർന്ന ഹെലികോപ്റ്ററിനകത്ത് രാജ്യത്തിന്റെ സംയുക്തമേധാവി ബിപിൻ റാവത്ത്. ഇത് ഞെട്ടലോടെയാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവരും മനസ്സിലായത്. രക്ഷാപ്രവർത്തകർ ഓടിയെത്തുമ്പോൾ ബിപിൻ റാവത്തിന് ജീവനുണ്ടായിരുന്നു. ചോദിച്ചത് വെള്ളവും. ഭയത്തോടെയാണ് രക്ഷാപ്രവർത്തനത്തിന് നാട്ടുകാർ എത്തിയത്. ഹെലികോപ്ടർ പൊട്ടിത്തെറിക്കുമോ എന്ന ഭയത്തിൽ.
തങ്ങൾ രക്ഷിച്ചത് ബിപിൻ റാവത്തിനെയാണെന്ന് മനസ്സിലായത് മൂന്നു മണിക്കൂറിനു ശേഷമാണെന്ന് രക്ഷാപ്രവർത്തനത്തിലേർപ്പെട്ട ശിവകുമാർ പറയുന്നു. അദ്ദേഹത്തെ കണ്ടെത്തുമ്പോൾ ജീവനുണ്ടായിരുന്നുവെന്നും തന്നോട് വെള്ളം ചോദിച്ചെന്നും ശിവകുമാർ പറഞ്ഞു. ശിവകുമാറിന്റെ വാക്കുകൾ അനുസരിച്ചാണെങ്കിൽ ഹെലികോപ്ടർ തകർന്നപ്പോൾ അതിൽ നിന്ന് പുറത്തു ചാടിയ മൂന്ന് പേരിൽ ഒരാളായിരുന്നു ബിപിൻ റാവത്ത്. ഇതാണ് അപകട സ്ഥലത്തേക്ക് രക്ഷാപ്രവർത്തനത്തിന് ശിവകുമാർ അടക്കമുള്ളവർ എത്തിയപ്പോൾ റാവത്തിന് ജീവൻ ഉണ്ടായിരുന്നതിന് കാരണം. ഹെലികോപ്ടറിൽ കുടുങ്ങിയവരെല്ലാം സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചിരുന്നു.
'കൂനൂർ ടൗണിലാണ് എന്റെ താമസം. ഇവിടെ ബന്ധുവിന്റെ വീട്ടിൽ വന്നതാണ്. ഹെലികോപ്റ്റർ മരത്തിലിടിച്ച് വീണതായി വരുന്ന വഴിക്കു തന്നെ ബന്ധു വിളിച്ചുപറഞ്ഞിരുന്നു. സംഭവസ്ഥലത്ത് എത്തുമ്പോൾ ഹെലികോപ്റ്റർ കത്തിയമരുന്ന കാഴ്ചയാണ് കണ്ടത്. ഏകദേശം 20 അടി ഉയരത്തിൽ തീ ആളിക്കത്തുകയായിരുന്നു. ഹെലികോപ്റ്ററിനകത്ത് ഗ്യാസ് പോലുള്ള എന്തെങ്കിലും അപകടകരമായ എന്തെങ്കിലും ഉണ്ടെങ്കിൽ പൊട്ടിത്തെറിക്കുമോ എന്നു ഭയന്ന് രക്ഷാപ്രവർത്തനത്തിൽനിന്നു മാറിനിന്നു.
അപകടസമയത്തു മൂന്നു പേർ ഹെലികോപ്റ്ററിൽനിന്നും പുറത്തുചാടിയതായി ബന്ധു പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ പിന്നീടു ഞങ്ങൾ പരിസരത്ത് തിരച്ചിൽ ആരംഭിച്ചു. ഞാൻ ഒറ്റയ്ക്കായിരുന്നു താഴേക്ക് ഇറങ്ങിയത്. മൂന്നുപേർ ജീവനോടെ ഉണ്ടെന്ന് ഉറപ്പാക്കിയ ശേഷം അവിടെ എത്തിയ ടൗൺ ഇൻസ്‌പെക്ടറെ വിവരം അറിയിച്ചു.
ആദ്യം കണ്ടയാൾ വേദനയിൽ തളർന്നിരിക്കുകയായിരുന്നു. സാറിനെ ഞങ്ങൾ രക്ഷപ്പെടുത്തുമെന്ന് പറഞ്ഞ് അദ്ദേഹത്തെ സമാധാനപ്പെടുത്തി. അദ്ദേഹം തിരിഞ്ഞുനോക്കി 'വാട്ടർ പ്ലീസ്' എന്നു പറഞ്ഞു. പക്ഷേ അദ്ദേഹം ഏറ്റവും താഴെയായതിനാൽ പെട്ടെന്ന് മുകളിൽ എത്തി വെള്ളവുമായി തിരിച്ചുപോകാനാകില്ല. ഇൻസ്‌പെക്ടർ കത്തിയും ബെഡ്ഷീറ്റുമായി എത്തി. അദ്ദേഹത്തെ ബെഡ്ഷീറ്റിൽ പൊതിഞ്ഞാണ് ഞങ്ങൾ മുകളിലേക്ക് കൊണ്ടുവന്നത്.
പിന്നീട് മൂന്നു മണിക്കൂറിനു ശേഷം ഒരു സൈനിക ഉദ്യോഗസ്ഥൻ എന്റെ തോളിൽതട്ടി ഒരു ഫോട്ടോയും കാണിച്ചുതന്നു. നിങ്ങൾ രക്ഷപ്പെടുത്തിയത് സംയുക്തസേനാ മേധാവി ബിപിൻ റാവത്തിനെ ആണെന്ന് അദ്ദേഹം പറഞ്ഞു. അതുകേട്ടപ്പോൾ എനിക്ക് വല്ലാത്ത വിഷമം ആയി. നമ്മുടെ രാജ്യത്തെ സംരക്ഷിക്കുന്ന വലിയൊരു ഉദ്യോഗസ്ഥൻ കുടിക്കാൻ വെള്ളം ചോദിച്ചിട്ട് കൊടുക്കാൻ കഴിഞ്ഞില്ലല്ലോ എന്ന് ഓർത്ത് ഒരുപാടു വേദനിച്ചു. അദ്ദേഹം മരിച്ചതറിഞ്ഞപ്പോൾ രാത്രിയൊന്നും ഉറങ്ങാനായില്ല.' ശിവകുമാർ പറഞ്ഞു.
ഹെലികോപ്റ്റർ പൊട്ടിത്തെറിച്ചുവീഴുന്നതും മൂന്നു ശരീരങ്ങൾ താഴേക്കുപതിക്കുന്നതും താൻ കണ്ടെന്ന് ശിവകുമാർ പറയുന്നു. ഉടൻ തങ്ങളവിടേക്ക് ഓടിച്ചെന്നുവെന്നും ശിവകുമാർ പറയുന്നു. ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴിയാണ് റാവത്ത് മരിച്ചതെന്നാണ് റിപ്പോർട്ട്.
മറുനാടന് മലയാളി ബ്യൂറോ