ന്യൂഡൽഹി: 'ജബ് തക് സൂരജ് ചാന്ദ് രഹേഗാ...റാവത്ത് ജീ തേരാ നാം രഹേഗാ...' സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ഇനി ജ്വലിക്കുന്ന ഓർമ്മ. റാവത്തിന്റെയും ഭാര്യ മധുലികയുടെയും ഭൗതികശരീരങ്ങളടങ്ങിയ പേടകങ്ങളിൽ ജനം സ്‌നേഹപ്പൂക്കൾ അർപ്പിച്ചു. അതിന് ശേഷം സംസ്‌കാരം. രാജ്യം വീരസൈനികന് യാത്രാമൊഴി നൽകി.

സേനയിൽ ചേർന്ന നാൾ റാവത്ത് ഭാഗമാവുകയും പിന്നീടു നയിക്കുകയും ചെയ്ത ഗൂർഖ റൈഫിൾസ് 5/11 യൂണിറ്റ് തങ്ങളുടെ പ്രിയപ്പെട്ട നായകന്റെ അന്ത്യയാത്രയിലെ ചടങ്ങുകൾക്കു മേൽനോട്ടം വഹിച്ചു. കര, നാവിക, വ്യോമ സേനാ മേധാവികളുടെ നേതൃത്വത്തിൽ 3 സേനകളിലെയും ഉദ്യോഗസ്ഥർ എല്ലാത്തിനും സാക്ഷിയായി. വാർന്നൊഴുകിയ കണ്ണുകളോടെ മധുലികയുടെ അമ്മ ജ്യോതി പ്രഭ സിങ് തളർന്നിരുന്നു. റാവത്തിന്റെ മക്കളായ കൃതികയും തരിണിയും തൊട്ടടുത്ത്.

1985ൽ ജീവിതത്തിൽ ഒന്നിച്ച റാവത്തും മധുലികയും മരണത്തിലും ഒരുമിച്ചായിരുന്നു; ബ്രാർ സ്‌ക്വയറിൽ അവർക്കായി സേന ഒരു ചിതയൊരുക്കി. ബ്രാർ സ്‌ക്വയർ ശ്മശാനത്തിലായിരുന്നു അന്ത്യ ചടങ്ങുകൾ. സൈനികർക്കായുള്ള ശ്മശാനം. ഡൽഹി കന്റോൺമെന്റിൽ സ്ഥിതി ചെയ്യുന്നു. 2 ലോക യുദ്ധങ്ങളിൽ വീരചരമം പ്രാപിച്ച ഇന്ത്യൻ സേനാംഗങ്ങൾ ഇവിടെ അന്ത്യനിദ്ര കൊള്ളുന്നു. കേന്ദ്ര പ്രതിരോധ മന്ത്രാലയമാണു ശ്മശാനം പരിപാലിക്കുന്നത്. ബ്രാർ സ്‌ക്വയറിലെ സംസ്‌കാര ചടങ്ങിനു കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് സാക്ഷിയായി.

റാവത്തിനും ഭാര്യ മധുലിക, ബ്രിഗേഡിയർ ജെ.എസ്.ലിഡ്ഡർ എന്നിവർക്കും രണ്ടാം ദിനവും ആദരാഞ്ജലി അർപ്പിക്കാനെത്തിയതു പ്രമുഖരുടെ നീണ്ടനിരയായിരുന്നു. കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, നിർമല സീതാരാമൻ, എസ്. ജയശങ്കർ, മൻസുഖ് മാണ്ഡവ്യ, സ്മൃതി ഇറാനി, സർബാനന്ദ സോനോവാൾ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, മുൻ കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്റണി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണ, മുഖ്യമന്ത്രിമാരായ അരവിന്ദ് കേജ്‌രിവാൾ (ഡൽഹി), യോഗി ആദിത്യനാഥ് (യുപി), പുഷ്‌കർ സിങ് ധാമി (ഉത്തരാഖണ്ഡ്), ലോക്‌സഭാ സ്പീക്കർ ഓം ബിർല, ബിജെപി പ്രസിഡന്റ് ജെ.പി.നഡ്ഡ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ഡൽഹി ഗവർണർ അനിൽ ബൈജൽ, കർഷക നേതാവ് രാകേഷ് ടികായത് തുടങ്ങിയവർ റാവത്തിന്റെ വസതിയിൽ അന്ത്യാഞ്ജലി അർപ്പിച്ചു.

1985 ഏപ്രിൽ 14നാണ് മധ്യപ്രദേശിലെ ഷാദോൾ സ്വദേശിയായ മധുലികയും ബിപിൻ റാവത്തും തമ്മിൽ വിവാഹിതരാകുന്നത്. അന്നത്തെ വിവാഹക്ഷണക്കത്തും ഇരുവരും ഒന്നിച്ചുള്ള ചിത്രവും സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. കല്യാണം നടക്കുന്ന സമയത്ത് ബിപിൻ റാവത്ത് സേനയിൽ ക്യാപ്റ്റൻ ആയിരുന്നു. ' ജഗത്ജനനിയുടെ ആശീർവാദത്തോടെ ഞങ്ങളുടെ മകൾ മധുലികയുടെയും ജനറൽ ലക്ഷ്മൺ സിങ് റാവത്തിന്റെ മൂത്ത പുത്രൻ ക്യാപ്റ്റൻ ബിപിൻ റാവത്തിന്റെയും വിവാഹം ഏപ്രിൽ 14 തിങ്കളാഴ്ച നടക്കും. ഡൽഹിയിലെ അശോക റോഡിൽ ആണ് വിവാഹ വേദി ' മധുലികയുടെ വീട്ടുകാർ തയ്യാറാക്കിയ വിവാഹക്ഷണക്കത്ത് ഇങ്ങനെയാണ്.

മധ്യപ്രദേശിലെ മുൻ കോൺഗ്രസ് നേതാവ് മൃഗേന്ദ്ര സിങ്ങിന്റെ മകളാണ് മധ്യപ്രദേശിലെ ഷഹ്ദോൽ സ്വദേശിനിയായ മധുലിക. 1986ലായിരുന്നു ബിപിൻ റാവത്തുമായുള്ള വിവാഹം. കൃതിക, താരിണി എന്നിങ്ങനെ രണ്ട് പെൺമക്കളാണ് മധുലികയ്ക്കും ബിപിൻ റാവത്തിനുമുള്ളത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ എൻ.ജി.ഒകളിലൊന്നാണ് സൈനികരുടെ ഭാര്യമാരുടെ സംഘടനയായ എ ഡബ്യൂ ഡബ്യൂ എ. സൈനികരുടെ ഭാര്യമാർ, കുട്ടികൾ, ആശ്രിതർ എന്നിവരുടെ ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണിത്. നേരത്തെ സൈനികരുടെ വിധവകളെ സഹായിക്കാനുള്ള പ്രവർത്തനങ്ങളിലും മധുലിക റാവത്ത് സജീവമായിരുന്നു. സൈനികരുടെ ഭാര്യമാർക്ക് സാമ്പത്തിക സ്വാശ്രയത്വം ഉറപ്പാക്കുന്നതിനായി നിരവധി സംരഭക പദ്ധതികൾ മധുലികയുടെ നേതൃത്വത്തിൽ നടപ്പിലാക്കിയിരുന്നു.