- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിരോധിത മേഖലയായ നിബിഡ വനമേഖലയിലേക്ക് ഫൊട്ടോഗ്രഫറും അദ്ദേഹത്തോടൊപ്പമുള്ള കുറച്ചുപേരും എന്തിന് പോയി? കൗതുകം തോന്നി വീഡിയോ പകർത്തിയെന്ന മൊഴി പൂർണ്ണമായും വിശ്വസിക്കാതെ അന്വേഷണ സംഘം; മലയാളി ഫോട്ടോഗ്രോഫറുടെ മൊബൈൽ ഫോറൻസിക് പരിശോധനയിൽ; റാവത്തിന്റെ അപകടത്തിൽ ദുരൂഹത തുടരുമ്പോൾ
ചെന്നൈ: സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേർ മരിക്കാനിടയായ കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ ദുരൂഹത ഇല്ലെന്ന് ഉറപ്പാക്കാൻ അന്വേഷണ സംഘം. തൊട്ടുമുൻപുള്ള വിഡിയോ ദൃശ്യം പകർത്തിയ ആളുടെ മൊബൈൽ ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു. കോയമ്പത്തൂരിൽ താമസിക്കുന്ന മലയാളി ഫൊട്ടോഗ്രഫർ ജോയുടെ ഫോണാണ് കോയമ്പത്തൂരിലെ ഫൊറൻസിക് ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചത്. വിഡിയോയുടെ ആധികാരികത ഉറപ്പാക്കാനാണു പരിശോധന.
ബിപിൻ റാവത്തും അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്തും ഉൾപ്പെടെ 14 പേർ സഞ്ചരിച്ച മി17വി 5 എന്ന ഹെലികോപ്റ്ററാണ് ബുധനാഴ്ച ഉച്ചയ്ക്ക് 12.20ന് ഊട്ടിക്കു സമീപം കൂനൂരിലെ വനമേഖലയിൽ തകർന്നു വീണത്. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിനടുത്തുള്ള സുലൂരിലെ വ്യോമതാവളത്തിൽനിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ തകർന്നുവീഴുകയായിരുന്നു. ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളജ് സ്ഥിതി ചെയ്യുന്ന വെല്ലിങ്ടണിലേക്കായിരുന്നു യാത്ര. അപകടത്തിൽ റാവത്തും ഭാര്യയും ഉൾപ്പെടെ 13 പേർ മരിച്ചു. ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് ഗുരുതര പരുക്കുകളോടെ രക്ഷപ്പെട്ടു.
സൈന്യത്തിന്റെ സംയുക്ത അന്വേഷണത്തിനൊപ്പം തമിഴ്‌നാട് പൊലീസും ഈ അപകട മരണത്തെ കുറിച്ച് അന്വേഷിക്കുന്നുണ്ട്. തമിഴ്‌നാട് പൊലീസിനാണ് ജോ ദൃശ്യങ്ങൾ കൈമാറിയത്. ഡിസംബർ എട്ടിന് ഊട്ടി കാണാനെത്തിയ ജോ, കൂനൂരിൽ റെയിൽവേ ട്രാക്കിലൂടെ നടക്കുന്നതിനിടെയാണു ഹെലികോപ്റ്റർ താഴ്ന്നു പറക്കുന്നത് കണ്ടത്. കൗതുകം തോന്നി ഫോണിൽ ദൃശ്യങ്ങൾ പകർത്തുകയായിരുന്നുവെന്നാണ് മൊഴി. മൂടൽ മഞ്ഞിലേക്ക് ഹെലികോപ്റ്റർ മറയുന്നതാണ് 19 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിലുള്ളത്. വിഡിയോ സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചിരുന്നു. ഈ വിഡിയോയ്ക്ക് പിന്നിൽ ദുരൂഹതകളില്ലെന്ന് ഉറപ്പിക്കാനാണ് നീക്കം.
തീർത്തും അസ്വാഭാവിക സാഹചര്യത്തിലാണ് വീഡിയോ എന്ന നിഗമനവും സജീവമായിരുന്നു.. ഈ സാഹചര്യത്തിലാണ് വിഡിയോയുടെ ആധികാരികത ഉറപ്പിക്കാനുള്ള നീക്കം. ജോയുടെ മൊഴി ശരിയാണോ എന്ന് ഉറപ്പിക്കാനും പൊലീസ് ശ്രമിക്കുന്നുണ്ട്. നിരോധിത മേഖലയായ നിബിഡ വനമേഖലയിലേക്ക് ഫൊട്ടോഗ്രഫറും അദ്ദേഹത്തോടൊപ്പമുള്ള കുറച്ചുപേരും എന്തിനാണ് പോയതെന്ന് കണ്ടെത്താനും നീക്കമുണ്ട്.
അതിനിടെ, അപകടം നടന്ന ദിവസത്തെ കാലാവസ്ഥയും താപനിലയും സംബന്ധിച്ച വിശദാംശങ്ങൾ പൊലീസ് ചെന്നൈയിലെ കാലാവസ്ഥാ വകുപ്പിനോട് ആവശ്യപ്പെട്ടു. അപകടത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായി പൊലീസ് ദൃക്‌സാക്ഷികളെ ചോദ്യം ചെയ്തു വരികയാണ്. ജനറൽ ബിപിൻ റാവത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ചൈനയ്ക്ക് മേൽ ആരോപണമെന്ന പേരിൽ ബീജിംഗിൽ ചർച്ച നടന്നിരുന്നു. ഗ്ലോബൽ ടൈംസ് ആണ് പ്രതിരോധ രംഗത്തെ നിരവധി ലേഖനങ്ങളും പഠനങ്ങളും നടത്തുന്ന ബ്രഹ്മ ചെല്ലാനേയുടെ ട്വീറ്റിനെ അടിസ്ഥാനമാക്കി ചർച്ചയും വാർത്തയും പുറത്തുവിട്ടത്. അതേസമയം ഇന്ത്യ സംഭവത്തിൽ അന്വേഷണം നടത്തിക്കൊണ്ടിരി ക്കുകയാണെന്നും നേരിട്ടോ അല്ലാതെയോ രാജ്യം ചൈനയ്ക്ക് മേൽ ആരോപണം ഉന്നയിച്ചിട്ടില്ലെന്നും അതുകൊണ്ടു തന്നെ ഇപ്പോഴത്തെ ഇത്തരം ഊഹാപോ ഹങ്ങളും പ്രസ്താവനകളും അപ്രസക്തമാണെന്നും ഇന്ത്യയിലെ പ്രതിരോധ വിദഗ്ധരും പ്രതികരിച്ചു.
റഷ്യയുടെ ഹെലികോപ്റ്ററാണ് അപകടത്തിൽ പെട്ടതെന്നും അമേരിക്കയ്ക്കും അപകടത്തിൽ പങ്കുണ്ടാവില്ലേ എന്നുള്ള സംശയവും നിരത്തിയാണ് ചൈനീസ് കമ്യൂണിസ്റ്റ് മാധ്യമങ്ങൾ ചർച്ച ചൂടുപിടിപ്പിക്കുന്നത്. ജനറൽ റാവത്തിനും സൈനികർക്കുമുണ്ടായ ദുരന്തം തികച്ചും ദൗർഭാഗ്യകരമെന്ന പ്രസ്താവനയാണ് ബീജിങ് ആദ്യം നടത്തിയത്. എന്നാൽ ചൈനയെ സംശയിക്കുന്ന റിപ്പോർട്ടുകൾ ഇന്ത്യയിലെ ചിലർ നടത്തുന്നുവെന്ന രീതിയിലാണ് ഗ്ലോബൽ ടൈംസ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ ബ്രഹ്മ ചെല്ലാനേയുടെ പ്രസ്താവന വളച്ചൊടിച്ചാണ് ഗ്ലോബൽ ടൈംസ് ചൈനയിൽ ചർച്ചയുണ്ടാക്കിയതെന്നാണ് പ്രതിരോധ വിദഗ്ദ്ധർ വിശദീകരിക്കുന്നത്. 'ചൈനയുമായി മാത്രമാണ് ഇന്ത്യൻ സൈന്യം 20 മാസത്തിലേറെയായി അതിർത്തിയിൽ ശക്തമായ പ്രത്യാക്രമണവും ചെറുത്തുനിൽപ്പും നടത്തുന്നത്.
തികച്ചും ഒരു നിഴൽയുദ്ധമാണ് ചൈന നടത്തുന്നത്. ഇത്തരം എല്ലാ സാഹചര്യത്തിലും ഹിമാലയൻ മലനിരകളുടെ എല്ലാ സ്വഭാവവും നേരിട്ടറിയാവുന്ന ജനറൽ ബിപിൻ റാവത്തിന്റെ മരണം നിർണ്ണായക ഘട്ടത്തിലാണ്. 2020ൽ തായ് വാന്റെ അതിശക്തനായ സൈനിക മേധാവി ജനറൽ ഷെൻ യീ മിംഗും മറ്റ് ഏഴുപേരും സമാനസാചര്യത്തിൽ ഹെലികോപ്റ്റർ അപകടത്തിലാണ് മരിച്ചതെന്നതും ഏറെ ദുരൂഹതയുണർത്തുന്നു. രണ്ടിലും ഇരുരാജ്യങ്ങളുടേയും ദീർഘകാലമായി നേരിട്ടുള്ള സൈനിക ഏറ്റുമുട്ടൽ ഒരേ ഒരു രാജ്യവുമായിട്ടാണെന്ന് നാം മറക്കരുത്.' ഇങ്ങനെയായിരുന്നു ബ്രഹ്മ ചെല്ലാനേയുടെ ട്വീറ്റ്.
ബിപിൻ റാവത്തും കൂട്ടരും സഞ്ചരിച്ച ഹെലികോപ്ടറിന്റെ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്ന പ്രാഥമിക വിലയിരുത്തലാണ് രാജ്യം. വ്യോമസേനയുടെ നേതൃത്വത്തിൽ സംയുക്ത സേനയുടെ അന്വേഷണമാണ് നടക്കുന്നത്. എന്നാൽ അട്ടിമറി സാധ്യത തള്ളി കളഞ്ഞിട്ടുമില്ല.
മറുനാടന് മലയാളി ബ്യൂറോ