- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹെലികോപ്റ്റർ അപകടത്തിൽ നിന്ന് റാവത്ത് 2015ൽ രക്ഷപ്പെട്ടത് തലനാരിഴക്ക്; അന്ന് അപകടം നടന്നത് നാഗാലാൻഡിലെ ദിമാപൂരിൽ ലെഫ്റ്റനന്റ് ജനറൽ ആയിരിക്കെ
കോയമ്പത്തൂർ: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതിന്റെ ഞെട്ടലിലാണ് രാജ്യം. ലാൻഡിങ്ങിന് 10 കിലോമീറ്റർ മാത്രം അകലെവച്ചാണ് അപകടം ഉണ്ടായതെന്നാണ് റിപ്പോർട്ട്. തകർന്നയുടൻ ഹെലികോപ്റ്റർ കത്തിയമർന്നു. ഏകദേശം ഒന്നരമണിക്കൂറോളം സമയമെടുത്താണ് തീ അണയ്ക്കാൻ കഴിഞ്ഞതെന്നുമാണ് പ്രദേശവാസികളെ ഉദ്ധരിച്ച് വിവിധ പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
കൂനൂരിനടുത്ത കാട്ടേരിയിലെ എസ്റ്റേറ്റിലാണ് ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ തകർന്നുവീണത്. 11.47-നാണ് സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത്, ഭാര്യ മാധുലിക റാവത്ത് എന്നിവരടങ്ങിയ സംഘം സൂലൂരിൽനിന്ന് ഊട്ടിയിലെ വെല്ലിങ്ടണിലേക്ക് പുറപ്പെട്ടത്.
ഡൽഹിയിൽനിന്ന് ബിപിൻ റാവത്ത് അടക്കം ഒമ്പത് പേരുടെ സംഘമാണ് തമിഴ്നാട്ടിലെത്തിയത്. പിന്നീട് സൂലൂരിൽനിന്ന് അഞ്ചുപേർ കൂടി ഹെലികോപ്റ്ററിൽ കയറി. ബിപിൻ റാവത്തിനും ഭാര്യയ്ക്കും പുറമേ അദ്ദേഹത്തിന്റെ സുരക്ഷാ ജീവനക്കാരും മറ്റു സ്റ്റാഫംഗങ്ങളുമാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. വെല്ലിങ്ടണിലെ സൈനികത്താവളത്തിൽ ഒരു സെമിനാറിൽ പങ്കെടുക്കാൻ വരികയായിരുന്നു സംയുക്ത സൈനിക മേധാവി. എന്നാൽ, ഉച്ചയ്ക്ക് 12.20-ഓടെ കൂനൂരിനടുത്ത് കാട്ടേരിയിൽവെച്ച് ഹെലികോപ്റ്റർ തകർന്നു വീഴുകയായിരുന്നു.
നീലഗിരിയിൽ കൂനൂരിനടുത്തുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും ഉൾപ്പെട്ടു എന്നുള്ള വിവരങ്ങളാണ് ഉച്ച മുതൽ പുറത്തുവരുന്നത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
2019 ഡിസംബർ 31 -ന് ഇന്ത്യയുടെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ആയി തിരഞ്ഞെടുക്കപ്പെട്ട ബിപിൻ റാവത്ത്, ഒരു ഹെലികോപ്റ്റർ അപകടത്തിൽ പെടുന്നത് ഇതാദ്യമായല്ല. ഇതിനു മുമ്പ്, നാഗാലാൻഡിലെ ദിമാപൂരിൽ ലെഫ്റ്റനന്റ് ജനറൽ ആയിരിക്കെ നടന്ന ചോപ്പർ അപകടത്തിൽ നിന്ന് റാവത്ത് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. അന്ന് അദ്ദേഹം നിസ്സാര പരിക്കുകളോടെ രക്ഷപ്പെടുകയാണുണ്ടായത്. ടേക്ക് ഓഫ് ചെയ്ത് 20 മീറ്റർ മാത്രം ഉയരത്തിൽ വച്ചായിരുന്നു അപകടം എന്നതാണ് അന്ന് അദ്ദേഹത്തിന് തുണയായത്.
സുളൂർ വ്യോമസേന കേന്ദ്രത്തിൽൽ നിന്നും വെല്ലിങ്ടണ് ഡിഫൻസ് കോളേജിലേക്ക് ആയിരുന്നു സംയുക്ത സൈനിക മേധാവിയുടെ യാത്ര എന്നാണ് കരസേന അറിയിക്കുന്നത്. ഡിഫൻസ് കോളേജിൽ ഇന്ന് ഉച്ചയ്ക്ക് 2.45-ന് അദ്ദേഹത്തിന്റെ പ്രഭാഷണമുണ്ടായിരുന്നു. ബ്രിഗേഡിയർ എൽഎസ് ലിഡ്ഡെർ, ലഫ്റ്റ്. കേണൽ ഹർജിന്ദെർ സിങ്, നായിക് ഗുർസേവാക് സിങ്, നായിക് ജിതേന്ദ്രകുമാർ, ലാൻസ് നായിക് വിവേക് കുമാർ, ലാൻസ് നായിക് ബി സായ് തേജ, ഹവീൽദാർ സത്പാൽ എന്നിവരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ. വ്യോമസേനയുടെ എം.17 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്.
ന്യൂസ് ഡെസ്ക്