- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബിർഭൂം കൂട്ടക്കൊല: അന്വേഷണം സിബിഐക്ക് വിട്ട് കൊൽക്കത്ത ഹൈക്കോടതി; മമതയ്ക്ക് കനത്ത തിരിച്ചടി; കേസിൽ തൃണമൂൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബിർഭൂം കൂട്ടക്കൊലക്കേസിനെ കുറിച്ചുള്ള അന്വേഷണം സിബിഐക്ക് വിട്ട് കൊൽക്കത്ത ഹൈക്കോടതി ഉത്തരവ്. പശ്ചിമ ബംഗാൾ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തോട്(എസ്‌ഐ.ടി.) കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറാൻ കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടു.
തൃണമൂൽ കോൺഗ്രസ് നേതാവ് ഭാദു ഷെയ്ഖിന്റെ കൊലയ്ക്ക് തിരിച്ചടിയെന്നോണം ചൊവ്വാഴ്ച നടത്തിയ കൂട്ടക്കൊലയിൽ എട്ടുപേർക്കാണ് ജീവൻ നഷ്ടമായത്. കോപാകുലരായ ആൾക്കൂട്ടം സ്ത്രീകളെയും കുട്ടികളെയും മർദിക്കുകയും ജീവനോട് തീവെക്കുകയുമായിരുന്നു.
വിഷയത്തിൽ കോടതി ബുധനാഴ്ച സ്വമേധയാ കേസ് എടുത്തിരുന്നു. ചീഫ് ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ, ജസ്റ്റിസ് രാജർഷി ഭരദ്വാജ് എന്നിവരുടെ ബെഞ്ചിന്റേതാണ് ഉത്തരവ്. കേസ് അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറരുതെന്ന മമതാ ബാനർജി സർക്കാരിന്റെ അഭ്യർത്ഥന തള്ളിക്കൊണ്ടാണ് കോടതിവിധി. കേസിൽ അടുത്ത വാദം കേൾക്കുന്ന ഏപ്രിൽ ഏഴിന്, അന്വേഷണ പുരോഗതിയെ കുറിച്ചുള്ള റിപ്പോർട്ട് സമർപ്പിക്കാനും സിബിഐക്ക് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേ സമയം കേസിൽ തൃണമൂൽ കോൺഗ്രസ് നേതാവ് അറസ്റ്റിലായി. തൃണമൂൽ പ്രാദേശിക തൃണമൂൽ നേതാവ് അനാറുൾ ഹൊസ്സൈൻ ആണ് അറസ്റ്റിലായത്. സംഭവ ശേഷം ഒളിവിൽ കഴിയുകയായിരുന്ന അനാറുളിനെ തർപിതിലെ ലോഡ്ജിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്.
തൃണമൂൽ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ബോസ് എന്ന് അറിയപ്പെടുന്ന അനാറുളിന്റെ മൊബൈൽ ഫോൺ ലൊക്കേഷൻ നിരീക്ഷിച്ചതിൽ നിന്നാണ് തർപിതിയിൽ ഉണ്ടെന്ന് വ്യക്തമായത്. തുടർന്ന് പൊലീസ് ലോഡ്ജിൽ എത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾക്കായി ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഇയാൾക്കായി ബന്ധുവീടുകളിൽ ഉൾപ്പെടെ പൊലീസ് തിരച്ചിൽ നടത്തിയിരുന്നു.
ബിർഭൂം സന്ദർശിച്ച ബംഗാൾ മുഖ്യമന്ത്രി മമാതാ ബാനർജി കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അറിയിച്ചിരുന്നു. അനാറുളിനെതിരെ എന്ത് നടപടിയാണ് സ്വീകരിക്കുകയെന്നാണ് ഇപ്പോൾ ഉറ്റുനോക്കുന്നത്. സംഭവത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും മമത പറഞ്ഞിരുന്നു. തൃണമൂൽ പ്രവർത്തകർ തമ്മിൽ ഉണ്ടായ സംഘർഷത്തിൽ പുറത്തു നിന്ന് ആരാണ് എന്നാണ് രാഷ്ട്രീയ പ്രവർത്തകർ ചോദിക്കുന്നത്.




