ബെർലിൻ: രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ പക്ഷിപ്പനി വ്യാപകമായി. നോർത്ത് ഈസ്റ്റിലുള്ള സംസ്ഥാനമായ വെസ്‌റ്റേൺ പൊമറേനിയയിലാണ് പക്ഷിപ്പനി ആദ്യമായി കണ്ടെത്തിയത്. മാരകമായ എച്ച്5എൻ8 വൈറസ് ബാധയാണ് പക്ഷികളിൽ കണ്ടെത്തിയിട്ടുള്ളത്.

പല സംസ്ഥാനങ്ങളിലായി നൂറുകണക്കിന് പക്ഷികളാണ് ഇത്തരത്തിൽ ചത്തൊടുങ്ങുന്നത്. ഫാമുകളിലും വൈറസ് വ്യാപകമായതോടെ കർഷകരും പ്രതിസന്ധിയിലായിരിക്കുകയാണ്. പക്ഷിപ്പനിക്കെതിരേ മുൻകരുതൽ സ്വീകരിക്കാൻ എല്ലാ ഫാമുകൾക്കും അഗ്രിക്കൾച്ചറൽ അഥോറിറ്റി മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

വിന്റർ ആയതോടെ ഇവിടേയ്ക്ക് കുടിയേറുന്ന ദേശാടനപ്പക്ഷികളിൽ നിന്നാണ് വൈറസ് ബാധ ഉണ്ടായതെന്നാണ് കരുതുന്നത്. വൈറസ് വ്യാപകമായതോടെ ഇതിനെതിരേ മുൻകരുതൽ സ്വീകരിക്കാൻ അധികൃതർ തന്നെ മുന്നിട്ടിറങ്ങിയിട്ടുണ്ട്. ഡെന്മാർക്കിലാണ് വൈറസ് ബാധ ഈ സീസണിൽ ആദ്യം കണ്ടെത്തിയത്. പിന്നീട് ഓസ്ട്രിയ, സ്വിറ്റ്‌സർലണ്ട്, ഹംഗറി, പോളണ്ട് എന്നിവിടങ്ങളിലും വൈറസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു.

നിലവിൽ ആറു യൂറോപ്യൻ രാജ്യങ്ങളിൽ പക്ഷിപ്പനി പടർന്നിട്ടുണ്ട്. അതേസമയം ഉപയോക്താക്കൾക്ക് യാതൊരു തരത്തിലുള്ള ഭീഷണിയും ഇത് ഉയർത്തുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി. പോൾട്രി ഫാമുകളിൽ വൈറസ് ബാധ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അതുകൊണ്ടു തന്നെ ഇറച്ചി കഴിക്കുന്നതിന് തടസമില്ലെന്നുമാണ് പറയുന്നത്.