മലപ്പുറം: വിദഗ്ദധരുടെ നേതൃത്വത്തിലുള്ള ഏഴ് പാചക ഗ്രൂപ്പുകളായി 200 ചെമ്പ് ബിരിയാണി തെയ്യാറാക്കി വിൽപന നടത്തിയത് മുപ്പതിനായിരത്തിലേറെ ബിരിയാണിപ്പൊതികൾ. വൃക്കരോഗികളായ മമ്പാട് പുതുമാളിയേക്കൽ ഷമീനയേയും പന്താർ സക്കീറിനേയും സഹായിക്കാൻ നടത്തിയ ബിരിയാണി ചലഞ്ച് വമ്പൻ വിജയം.

30,000ത്തിലേറെ ബിരിയാണിപ്പൊതികളാണ് മമ്പാട് പഞ്ചായത്തിലും സമീപ പ്രദേശങ്ങളിലും വിതരണംചെയ്തത്. ജനകീയ കൂട്ടായ്മക്ക് ഒപ്പം മമ്പാട് പഞ്ചായത്തിലെയും സമീപ സ്ഥലങ്ങളിലേയും നാൽപ്പതോളം ക്ലബ്ബുകൾ, സന്നദ്ധ സംഘടനകൾ, വിദ്യാർത്ഥി കൂട്ടായ്മകൾ, എൻഎസ്എസ് യൂണിറ്റുകൾ, വാട്‌സാപ്പ് കൂട്ടായ്മകൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പ്രവർത്തനത്തിൽ അണിചേർന്നു. മമ്പാടിലെ പാചക വിദഗ്ദധരുടെ നേതൃത്വത്തിലുള്ള ഏഴ് പാചക ഗ്രൂപ്പുകളായി 200 ചെമ്പ് ബിരിയാണിയാണ് തയ്യാറാക്കിയത്.

ഇരുവരുടെയും ചികിത്സയ്ക്ക് തുക കണ്ടെത്തുന്നതിന് നാട്ടുകാർ സഹായസമിതി രൂപവത്കരിച്ച് രംഗത്തുണ്ട്. ഇതിന്റെ ഭാഗമായാണ് ബിരിയാണി ചലഞ്ച് നടത്തിയത്. വീട്ടമ്മമാരും വിദ്യാർത്ഥികളും ക്ലബ്ബ്, സന്നദ്ധ സംഘടനാ പ്രവർത്തകരും രാഷ്ട്രീയ സാമൂഹിക പ്രവർത്തകരുമൊക്കെയായി ബിരിയാണി തെയ്യാറാക്കാൻ എത്തിയിരുന്നു. അതോടൊപ്പം പ്രവാസികളും വ്യാപാരികളുമൊക്കെ ഇതിന് വിവിധരീതിയിൽ സഹായങ്ങളുമായി സംഘാടകർക്കൊപ്പം നിന്നു.

ബിരിയാണിയില്ലാതെതന്നെ തുക നൽകാൻ സന്നദ്ധത അറിയിച്ചവരുമുണ്ട്. അരിയായും സാധനസാമഗ്രികളായും സേവനങ്ങളായും സഹായം നൽകിയവർ ഇത്തരം പ്രവർത്തനങ്ങൾക്കേകുന്ന കരുത്തും ഊർജവും വലുതാണെന്ന് സംഘാടകർ പറഞ്ഞു. ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച തുകയുടെ കണക്കുകൾ പരിശോധിച്ചുവരുകയാണെന്ന് ജനകീയസമിതി ഭാരവാഹികൾ പറഞ്ഞു.

പഞ്ചായത്ത് പ്രസിഡന്റ് സി ശ്രീനിവാസൻ, ജനകീയ കൂട്ടായ്മ ചെയർമാൻ ടി സി അബ്ദുസമദ്, സെക്രട്ടറി കെ ജംഷിദ്, രക്ഷാധികാരി പനനിലത്ത് സലീം, അംഗങ്ങളായ ശബീബ് ഗ്രീൻസ്, തസ് ലീം മാരമംഗലം എന്നിവർ നേതൃത്വം നൽകി.