ദോഹ: ഖത്തറിൽ നടക്കുന്ന എല്ലാ ജനന-മരണങ്ങളും വേണ്ടപ്പെട്ട അധികൃതരെ 15 ദിവസത്തിനുള്ളിൽ അറിയിച്ചിരിക്കണമെന്നുള്ള പുതിയ നിയമം പ്രാബല്യത്തിലായി. ജനന മരണ രജിസ്‌ട്രേഷൻ സംബന്ധിച്ച പുതിയ നിയമം കഴിഞ്ഞ ദിവസം എമിർ ഷേക്ക് തമിം ബിൻ ഹമദ് അൽ താനി പുറത്തിറക്കി.

പുതിയ നിമയം അനുസരിച്ച് ഖത്തറിൽ നടക്കുന്ന എല്ലാ ജനനങ്ങളും മരണങ്ങളും മിനിസ്ട്രി ഓഫ് പബ്ലിക് ഹെൽത്തിനെ അറിയിച്ചിരിക്കണമെന്നുള്ളത് നിർബന്ധമാക്കി. കുട്ടിയുടെ പിതാവോ പിതാവിന്റെ അസാന്നിധ്യത്തിൽ മാതാവിന്റെ ബന്ധുവോ കുട്ടിയുടെ തന്നെ പ്രായപൂർത്തിയായ ബന്ധുവോ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കണം. അതുമല്ലെങ്കിൽ പ്രസവത്തിന് സഹായം ചെയ്തു കൊടുത്ത ഫിസിഷ്യൻ അല്ലെങ്കിൽ പബ്ലിക് ആശുപത്രി അധികൃതർ എന്നിവർക്ക് ജനനം റിപ്പോർട്ട് ചെയ്യാം. യാത്രാ മധ്യേയാണ് പ്രസവം നടന്നതെങ്കിൽ ഷിപ്പ് കാപ്റ്റൻ, എയർക്രാഫ്റ്റ് പൈലറ്റ് തുടങ്ങിയവർക്കും ജനനം അധികൃതരെ അറിയിക്കാം.

കുട്ടി ജനിച്ച സമയം, സ്ഥലം, കുട്ടി ആണോ പെണ്ണോ എന്നുള്ളത്, പേര്, മാതാപിതാക്കളുടെ പേര്, പ്രസവത്തിന് സഹായം ചെയ്തു കൊടുത്തവർ, ജനനം റിപ്പോർട്ട് ചെയ്തവർ എന്നിവയെല്ലാം പബ്ലിക് ഹെൽത്ത് അഥോറിറ്റിയെ അറിയിച്ചിരിക്കണം. കുട്ടിയുടെ പേരിന്റെ പൂർണരൂപമായിരിക്കണം റിപ്പോർട്ട് ചെയ്യുന്ന സമയത്ത് നൽകേണ്ടത്. രാജ്യത്തിനു പുറത്ത് ഖത്തറി സ്വദേശികളുടെ പ്രസവം നടന്നിട്ടുണ്ടെങ്കിൽ 30 ദിവസത്തിനുള്ളിൽ ഇത് റിപ്പോർട്ട് ചെയ്തിരിക്കണമെന്നുമുണ്ട്.

ജനന മരണ രജിസ്‌ട്രേഷൻ സംബന്ധിച്ച് തെറ്റായ വിവരങ്ങൾ നൽകുകയാണെങ്കിൽ മൂന്നു മാസത്തെ ജയിൽ ശിക്ഷയും ഒരു ലക്ഷം റിയാൽ പിഴയും ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്.