ബോളിവുഡിലെ സൂപ്പർത്താരങ്ങളുടെ പ്രതിഫലം കോടികളാണെന്നത് പരസ്യമാണ്. ഷാരൂഖ് ഖാന്റെയും സൽമാൻ ഖാന്റെയും ആമിർ ഖാന്റെയുമൊക്കെ സിനിമകൾ ആയിരം കോടിയും അതിലുമേറെയും കളക്റ്റ് ചെയ്യുമ്പോൾ താരങ്ങളുടെ പ്രതിഫലം എത്രയെന്ന് ഊഹിക്കാവുന്നതേയുള്ളൂ. എന്നാൽ, താൻ അഭിനയിക്കുന്നത് മുൻകൂട്ടി പ്രതിഫലം നിശ്ചയിച്ച് വാങ്ങിയിട്ടല്ലെന്ന ആമിർ ഖാന്റെ വെളിപ്പെടുത്തൽ ആരാധകരെ വിസ്മയിപ്പിക്കുന്നതാണ്. 53-ാം പിറന്നാൾ ദിനത്തിൽ മാധ്യമങ്ങളുമായി സംസാരിക്കവെയാണ് ആമിർ ഖാൻ ഇക്കാര്യം വെളിപ്പെടുത്തിയത്.

താരങ്ങൾ പ്രതിഫലം കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന ചർച്ച വന്നപ്പോഴാണ് വർഷങ്ങളായി താൻ ഫീസ് വാങ്ങാറില്ലെന്ന് ആമിർ പറഞ്ഞത്. എന്റെ സിനിമകൾ പരാജയപ്പെട്ടാൽ എനിക്ക് കിട്ടുന്ന പണവും കുറയും. പണം കൂടുതൽ കാശവാരിയാൽ എനിക്കും കൂടുതൽ പണം കിട്ടും-ആമിർ പറഞ്ഞു. പ്രതിഫലം നിശ്ചയിച്ച് അഭിനയിക്കുന്ന രീതി തനിക്കില്ലെന്നും വർഷങ്ങളായി അതു നിർത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

ഭാര്യ കിരൺ റാവുവാണ് തന്റെ ജീവിതവിജയത്തിന് പിന്നിലെന്ന് ആമിർ ഖാൻ പറഞ്ഞു. കിരൺ വന്നശേഷമാണ് ജീവിതത്തിൽ മാറ്റങ്ങൾ സംഭവിക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായത്. ജീവിതത്തിൽ സന്തോഷവും ഊർജവും ലഭിക്കാൻ തുടങ്ങി. ഇന്ത്യയെക്കാൾ ആമിർ ഖാൻ സിനിമകൾ കൂടുതൽ പണം വാരുന്നത് ചൈനയിൽനിന്നാണല്ലോ എന്ന ചോദ്യത്തിന് രണ്ടിടത്തും വ്യത്യസ്തമായ വിപണിയാണ് ഉള്ളതെന്ന് അദ്ദേഹം മറുപടി പറഞ്ഞു. തീയറ്ററുകളുടെ ബാഹുല്യമാണ് ചൈനയിൽ ഇന്ത്യൻ സിനിമകൾക്ക് കൂടുതൽ കളക്ഷൻ ലഭിക്കാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.