കോട്ടയം: ജലന്തർ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ പീഡനക്കേസിൽ ജില്ലാ അഡീഷനൽ സെഷൻസ് കോടതി ജഡ്ജി ജി.ഗോപകുമാർ ഇന്നു വിധി പറയും. മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭാംഗവും കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാൻസിസ് മിഷൻ ഹോമിലെ അന്തേവാസിയുമായ കന്യാസ്ത്രീ നൽകിയ പരാതിയിലാണു കുറവിലങ്ങാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

കുറഞ്ഞത് ഒൻപത് വർഷത്തെ തടവെങ്കിലും ബിഷപ്പിന് ലഭിക്കുമെന്നാണ് പ്രതീക്ഷ. അത് ജീവപര്യന്തം തടവു വരെ ആകാം. 2014 മുതൽ 2016 വരെയുള്ള കാലയളവിൽ ഡോ. ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ചു എന്നാണ് പ്രോസിക്യൂഷൻ കേസ്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷൽ പ്രോസിക്യൂട്ടർ ജിതേഷ് ജെ.ബാബുവും സുബിൻ കെ. വർഗീസും പ്രതിഭാഗത്തിനു വേണ്ടി അഭിഭാഷകരായ കെ.രാമൻപിള്ള, സി.എസ്.അജയൻ എന്നിവരുമാണു ഹാജരായത്.

കാട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാർ ആണ് വിധിപറയുന്നത്. കുറവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തിൽവെച്ച് കന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോ 13 തവണ പീഡിപ്പിച്ചെന്നാണ് കേസ്. 105 ദിവസത്തെ വിസ്താരത്തിനുശേഷമാണ് കേസിൽ വിധിവരുന്നത്. ബലാത്സംഗം, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കൽ തുടങ്ങിയവ ഉൾപ്പെടെ ഏഴു വകുപ്പുകൾപ്രകാരമുള്ള കുറ്റങ്ങളാണ് ബിഷപ്പിനെതിരേ ചുമത്തിയിരിക്കുന്നത്.

ഫ്രാങ്കോ മുളയ്ക്കലിനെതിരെ കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാൻസിസ് മിഷൻ ഹോമിലെ കന്യാസ്ത്രീ 2018 ജൂണിലാണ് കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിലും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയത്. കുറുവിലങ്ങാട്ടെ മഠത്തിലും മറ്റിടങ്ങളിലും വച്ച് 2014 മുതൽ 2016 വരെ 13 തവണ ഫ്രാങ്കോ മുളയ്ക്കൽ ബലാൽസംഗം ചെയ്‌തെന്നാണ് കേസ്. അന്യായമായി തടഞ്ഞുവയ്ക്കൽ, അധികാര ദുർവിനിയോഗം നടത്തിയുള്ള ലൈംഗിക ദുരുപയോഗം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തൽ, ഒരേ സ്ത്രീയെ സ്വാധീനം ഉപയോഗിച്ചു തുടർച്ചയായി ബലാത്സംഗം ചെയ്യൽ, സ്ത്രീത്വത്തെ അപമാനിക്കൽ ഉൾപ്പെടെ ഏഴ് സുപ്രധാന വകുപ്പുകളാണു ഫ്രാങ്കോയ്ക്കെതിരെ ചുമത്തിയത്.

അടച്ചിട്ട കോടതി മുറിയിൽ 105 ദിവസം നീണ്ട വിസ്താരത്തിനു ശേഷമാണ് കേസിൽ വിധി വരുന്നത്. 2019 ഏപ്രിൽ ഒമ്പതിനു കുറ്റപത്രം സമർപ്പിച്ച കേസിൽ നവംബർ 30ന് വിചാരണ തുടങ്ങി. വാദങ്ങളും പ്രതിവാദങ്ങളും 2021 ഡിസംബർ 29നാണു പൂർത്തിയായത്. 83 പേരാണ് സാക്ഷിപ്പട്ടികയിൽ ഉണ്ടായിരുന്നത്. ഇതിൽ വിസ്തരിച്ച 39 പേരും പ്രോസിക്യൂഷന് അനുകൂലമായാണു മൊഴിനൽകിയത്. പ്രതിഭാഗം ഒൻപതു സാക്ഷികളെയാണു വിസ്തരിച്ചത്.

പഞ്ചാബ് ജലന്ധറിലെ ബിഷപ്പായിരുന്ന ഫ്രാങ്കോയെ ഏറെ പ്രതിഷേധങ്ങൾക്കൊടുവിൽ 2018 സെപ്റ്റംബർ 21നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് വൈകുന്നതിന് സമാനമായി കുറ്റപത്രം വൈകുന്നതിലും പ്രതിഷേധമുയർന്നിരുന്നു.ഇതിന് പിന്നാലെ കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ളവർ സേവ് ഔർ സിസ്റ്റേഴ്‌സ് കൂട്ടായ്മ എന്ന പേരിൽ പരസ്യപ്രതിഷേധം നടത്തിയിരുന്നു.

കുറ്റപത്രം റദ്ദാക്കണമെന്ന ആവശ്യവുമായി ഫ്രാങ്കോ ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചിരുന്നെങ്കിലും വിചാരണ നേരിടണമെന്നായിരുന്നു വിധികൾ.