- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിഷപ്പ് ഫ്രാങ്കോയും കന്യാസ്ത്രീയും തമ്മിൽ ഉണ്ടായിരുന്നത് ഉഭയകക്ഷി സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമെന്ന് സൂചിപ്പിച്ച് കോടതി വിധി; അതീവ സുപ്രധാന സന്യാസിചര്യ തെറ്റിച്ച ബിഷപ്പ് ളോഹ ഊരുമോ? കതിന പൊട്ടിച്ചും മധുരം നൽകിയും ബിഷപ്പ് ഫ്രാങ്കോയെ വിശുദ്ധനാക്കുമ്പോൾ കത്തോലിക്കാ സഭയിൽ ചർച്ചകൾ ഈ വഴിക്കും
കോട്ടയം: ജലന്ധർ രൂപതാ അധ്യക്ഷൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ബലാൽസംഗ കേസിൽ കോടതി കുറ്റവിമുക്തനാക്കിയത് കത്തോലിക്ക സഭ ആഘോഷിക്കുകയാണ്. ജഡ്ജി വിധി പറഞ്ഞ് നിമിഷങ്ങൾക്കകം തന്നെ സഭാ വിശ്വാസികൾ കോടതി വളപ്പിൽ ലഡു വിതരണം നടത്തി. കോടതിയിൽ നിന്നും പുറത്തിറങ്ങിയ ഫ്രാങ്കോ ആദ്യമെത്തിയത് കോട്ടയം കഞ്ഞിക്കുഴി കളത്തിപ്പടിയിലെ ക്രിസ്ത്യൻ ധ്യാനകേന്ദ്രത്തിലാണ്. അവിടെ പാട്ട് കുർബാനയ്ക്ക് ശേഷം വിശ്വസികൾക്കൊപ്പം നിന്ന് സെൽഫിയുമെടുത്താണ് ബിഷപ്പ് മടങ്ങിയത്. അതിന് ശേഷം ജന്മനാടായ തൃശൂരിൽ വന്നിറങ്ങിയ ഫ്രാങ്കോയെ 105 ദിവസം നീണ്ടുനിന്ന സത്യവിചാരണയെ ഓർമപ്പെടുത്തുവിധം 105 കതിനകൾ പൊട്ടിച്ചാണ് അനുയായികൾ സ്വീകരിച്ചത്. എന്നാൽ ജീവിതത്തിലെ പരീക്ഷണകാലം കഴിഞ്ഞത് ഫ്രോങ്കോ ആഘോഷിക്കുമ്പോഴും കോടതിവിധിയുടെ പൂർണരൂപം പുറത്തിറങ്ങുമ്പോൾ പ്രതിരോധത്തിലാകുന്നത് കത്തോലിക്കാ സഭയാണ്.
കന്യാസ്ത്രീയുടെ പരാതിയിൽ അവിശ്വാസം രേഖപ്പെടുത്തുമ്പോളും ലൈംഗികബന്ധം നടന്നെന്ന വാദത്തെ കോടതി തള്ളിക്കളയുന്നില്ല. എന്നാൽ അത് ഉഭയകക്ഷിസമ്മത പ്രകാരമാണെന്ന സൂചനയാണ് വിധിയിലൂടെ നൽകുന്നത്. കോടതിയുടെ ഈ നിരീക്ഷണം നിയമത്തിന് മുന്നിൽ ഫ്രാങ്കോയെ കുറ്റവിമുക്തനാക്കുമെങ്കിലും ബ്രഹ്മചര്യം ആവശ്യമായ സന്യാസമേഖലയിൽ തുടരാൻ ഫ്രാങ്കോയ്ക്ക് അർഹതയുണ്ടോ എന്ന ചോദ്യമാണ് ഉയരുന്നത്.
വ്യഭിചാരമെന്നത് മാരകപാപമാണെന്നാണ് കത്തോലിക്കസഭ പഠിപ്പിക്കുന്നത്. കന്യാസ്ത്രീയുടെ അനുവാദത്തോടെയാണ് ഇരുവരും ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതെന്ന് കോടതി പറയുമ്പോൾ അത്തരമൊരാൾക്ക് ബിഷപ്പ് പദവിയിൽ തുടരാൻ അർഹതയുണ്ടോ എന്നാണ് ഉയരുന്ന ചോദ്യം. ഫ്രാങ്കോയും കന്യാസ്ത്രീയും ഉഭയകക്ഷി സമ്മതപ്രകാരം ശാരീരികബന്ധത്തിലേർപ്പെട്ടു എന്ന് ഫ്രാങ്കോയുടെ അഭിഭാഷകസംഘം കോടതിയിൽ സമ്മതിച്ചിട്ടുണ്ട്. ഉഭയകക്ഷി സമ്മതപ്രകാരം കന്യാസ്ത്രീയുമായി ലൈംഗികബന്ധത്തിലേർപ്പെടാൻ മെത്രാന് അനുമതിയുണ്ടോ? വ്യഭിചാരം മാരകപാപമാണെന്ന നിയമം അൽമായർക്ക് മാത്രമാണോ ബാധകം, അത് മെത്രാന്മാർക്കും വൈദികർക്കും ബാധകമല്ലെ എന്നാണ് സാമൂഹ്യമാധ്യമങ്ങളിലും പുറത്തും വിശ്വാസികൾ ചോദിക്കുന്നത്.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയ്ക്കയച്ച മെസേജുകളും ഇ മെയിലുകളും കോടതി വിധിയിൽ ഉദ്ധരിക്കുന്നുണ്ട്. 'with heavy heart I am join you. I want to need you' എന്നാണ് അതിലൊന്ന്. സന്യസ്തവ്രതമെടുത്തവരിലാർക്കെങ്കിലും ഭൗമീകവും ലൗകീകവുമായ ആഗ്രഹങ്ങളുണ്ടാവുന്നുവെങ്കിൽ ഏതു നിമിഷവും ആ വേഷം അഴിച്ചുവയ്ക്കാനും ഗാർഹികജീവിതത്തിലേക്കു പോകാനുമുള്ള അവസരമുണ്ട്. അവർ കീഴ്പ്പെട്ടിരിക്കുന്ന അധികാരം സഭയുടേതല്ല. ക്രിസ്തുവിന്റെ സ്നേഹത്തിലുള്ള വിശ്വാസത്തിന്റേതാണ്. എന്നാൽ അതിന് തയ്യാറാകാതെ ഒരു മെത്രാൻ ക്രിസ്തുവിന് മുന്നിൽ താൻ ചെയ്ത പ്രതിജ്ഞയോടും തന്റെ ആത്മീയ ജീവിതത്തോടും ഒട്ടും സത്യസന്ധത കാട്ടാതിരിക്കുമ്പോൾ അത്തരമൊരാളുടെ പേരിൽ സഭ എന്ത് നടപടിയെടുക്കുമെന്ന് വിശ്വാസികൾ അടക്കമുള്ള പൊതുസമൂഹം ചോദിക്കുന്നു.
എന്നിട്ടും സഭ ഏകപക്ഷീയമായി ഒരാൾക്കെതിരെ മാത്രം നടപടിയെടുക്കുകയും മറ്റേയാൾക്കുപിന്നിൽ പാറപോലുറച്ചുനിൽക്കയും ചെയ്തു. എന്നുമാത്രമല്ല, ഇവിടെ ഉത്തരവാദിത്തമുള്ള ഒരു പദവിയിലിരുന്ന് ഉതപ്പ് പ്രവർത്തിച്ച വ്യക്തിക്ക് ലക്ഷങ്ങളോ കോടികളോ പ്രതിഫലം നൽകേണ്ട ഒരു അഭിഭാഷകന്റെ സേവനം പോലും ഉറപ്പാക്കിക്കൊടുത്തു. വിധിക്കു ശേഷമുള്ള ബിഷപ്പിന്റെ ആഹ്ലാദപ്രകടനത്തിലും വിമർശനങ്ങളുയർന്നിട്ടുണ്ട്. ഒരു വൈരിയായ സന്യസ്തന് എങ്ങനെയാണ് ഇങ്ങനെ അതിരുകടന്ന് സന്തോഷിക്കാനാവുക എന്ന ചോദ്യമാണ് ഉയരുന്നത്. സാങ്കേതികമായ വിജയങ്ങളിൽ അതിരുകടന്ന് ആഹ്ലാദിക്കുന്നത് ഒരു പുരോഹിതന് യോജിക്കുന്നതാണോ എന്നും വിശ്വാസികൾ ചോദിക്കുന്നു.
എന്തായാലും കാനൻ നിയമമനുസരിച്ച് ഫ്രാങ്കോ സഭയെ നയിക്കാനുള്ള യോഗ്യത നഷ്ടപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഫ്രാങ്കോയെ കൊണ്ട് ളോഹ ഊരിക്കാനുള്ള ധൈര്യം സഭാ നേതൃത്വത്തിനില്ല. ഫ്രാങ്കോയ്ക്ക് മുന്നിൽ കണ്ണടച്ചാൽ നാളെ ഇത്തരത്തിൽ പെരുമാറുന്ന വൈദികർക്കും കന്യാസ്ത്രീകൾക്കും മുന്നിൽ അച്ചടക്കവാൾ ഉയർത്താനുള്ള ധാർമികഉത്തരവാദിത്തം സഭയ്ക്ക് നഷ്ടപ്പെടും. മാത്രമല്ല, കത്തോലിക്ക ബിഷപ്പുമാരുടെ ബ്രഹ്മചര്യം എന്ന നിബന്ധനയ്ക്ക് തന്നെ അർത്ഥമില്ലാതെയാകും. കത്തോലിക്ക വൈദികർക്ക് വൈവാഹിക ജീവിതം അനുവദിക്കണമെന്ന ആവശ്യവുമായി ഇതിനകം തന്നെ മാധ്യമപ്രവർത്തകർ അടക്കമുള്ളവർ രംഗത്തെത്തിക്കഴിഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ