കൊച്ചി: കന്യാസ്ത്രീയെ ബലാൽസംഗം ചെയ്‌തെന്ന പരാതിയിൽ അറസ്റ്റിനെ അഭിമൂഖീകരിക്കുന്ന ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചുമതലകളിൽ നിന്ന് നീക്കി. മുംബൈ അതിരൂപതാ മുൻസഹായ മെത്രാൻ ആഗ്നലോ റൂഫിനോ ഗ്രേഷ്യസിനാണ് പകരം ചുമതല. ബിഷപ്പിനെ തൃപ്പുണിത്തുറയിലെ ഹൈടെക് സെല്ലിൽ ചോദ്യം ചെയ്യുന്നതിനിടയാണ് വത്തിക്കാന്റെ നടപടി.

അതേസമയം, താൽകാലികമായി തന്നെ ചുമതലകളിൽ നിന്ന് നീക്കണമെന്ന ഫ്രാങ്കോ മുളയ്ക്കലിന്റെ അഭ്യർത്ഥന പ്രകാരമാണ് വത്തിക്കാനിൽ നിന്നുള്ള നിർദ്ദേശാനുസരണം കെസിബിസിയുടെ നടപടി എന്ന കാര്യം ശ്രദ്ധേയമാണ്. കേസിന്റെ ആവശ്യത്തിനായി കേരളത്തിലേക്ക് ഇടയ്ക്കിടെ പോകേണ്ടി വരുന്നതുകൊണ്ട് തന്നെ തൽക്കാലത്തേക്ക് ചുമതലകളിൽ നിന്ന് നീക്കണമെന്നാണ് ഫ്രാങ്കോ മുളയ്ക്കൽ ആവശ്യപ്പെട്ടിരുന്നത്. ഇക്കാരണം കൊണ്ട് ജലന്ധർ രൂപതയുടെ ചുമതലയിൽ നിന്ന് ഫ്രാങ്കോയെ നീക്കിയത് സമരത്തിന്റെ വിജയമായി കൊച്ചിയിലെ സമരസമിതിയും കാണുന്നില്ല. ബിഷപ്പ് സ്ഥാനത്ത് നിന്ന് ഫ്രാങ്കോയെ നീക്കിയിട്ടില്ലെന്ന കാര്യവും ശ്രദ്ധേയമാണ്.

അതിനിടെ, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കനെ ഉച്ചക്ക് ശേഷം അറസ്റ്റു ചെയ്തേക്കുമെന്ന് ഏതാണ്ട് ഉറപ്പായി. ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുക അന്വേഷണ സംഘം തന്നെയാകും.മുളയ്ക്കലിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥർ ഉപദേശം തേടുകയാണ്. ഹൈക്കോടതിയിൽ എത്തി മധ്യമേഖലാ ഐജി വിജയ് സാഖറെയും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനുമായി ചർച്ച നടത്തി.

 കന്യാസ്ത്രീയുടെ ലൈംഗിക പീഡനപരാതിയിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്നതിൽ നിയമ തടസമില്ലെന്ന് ഡി ജി പി ലോക്‌നാഥ് ബെഹ്‌റയും വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ട വേളയിലായിരുന്നു ബെഹ്റയുടെ പ്രതികരണം. ഇത് അറസ്റ്റിനുള്ള അനുമതിയായി വ്യാഖ്യാനിക്കപ്പെടുന്നു.

മുൻകൂർ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലിരിക്കുന്ന സാഹചര്യത്തിലും ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതിൽ നിയമ തടസമില്ല. അന്വേഷണസംഘം ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം ഇന്നോ നാളെയോ തീർച്ചയായും തീരുമാനമെടുക്കുമെന്നാണ് ബെഹ്‌റ പറഞ്ഞു. അന്വേഷണ സംഘത്തിന് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്നും ബെഹ്‌റ കൂട്ടിച്ചേർത്തു. സെപ്റ്റംബർ 18 നാണ് മുൻകൂർ ജാമ്യാപേക്ഷയുമായി ബിഷപ്പ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ കോടതി ഇത് പരിഗണിക്കുന്നത് സെപ്റ്റംബർ 25ലേക്ക് മാറ്റുകയായിരുന്നു.

ബിഷപ്പിനെ രണ്ടാംഘട്ട ചോദ്യം ചെയ്യൽ തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് സെന്ററിൽ പുരോഗമിക്കുകയാണ്. രണ്ട് പൊലീസ് വാഹനങ്ങളുടെ അകമ്പടിയോട് കൂടിയാണ് രാവിലെ 11 മണിയോടെ ബിഷപ്പിന്റെ വാഹനം തൃപ്പൂണിത്തുറയിലെ ചോദ്യം ചെയ്യൽ കേന്ദ്രത്തിൽ എത്തിയത്. അന്വേഷണ ഉദ്യോഗസ്ഥർ നേരത്തെ തന്നെ ഇവിടെ എത്തിയിരുന്നു. കേസിൽ ഇന്നത്തെ ചോദ്യം ചെയ്യൽ നിർണായകമാണ്. ഇന്നലെ ബിഷപ്പിന് പറയാനുള്ള കാര്യങ്ങൾ കേൾക്കുകയാണ് അന്വേഷണ സംഘം ചെയ്തതെങ്കിൽ ഇന്ന് നിർണായക ചോദ്യം ചെയ്യലാണ് നടക്കുന്നത്.

ഇതിൽ വെളിപ്പെടുത്തലുകളുണ്ടാകുമെന്നും തുടർന്ന് അറസ്റ്റ് ഉൾപ്പടെയുള്ള കാര്യങ്ങളിൽ തീരുമാനമാകുമെന്നാണ് സൂചന. കന്യാസ്ത്രീയിൽ നിന്നും പരമാവധി തെളിവുകൾ സ്വീകരിച്ചിട്ടുണ്ട്. രഹസ്യമൊഴിയും രേഖപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിൽ അറസ്റ്റ് അനിവാര്യമാകുമെന്നാണ് അറിയുന്നത്. ചോദ്യം ചെയ്യൽ അവസാനിച്ചാൽ അറസ്റ്റു രേഖപ്പെടുത്തിയേക്കുമെന്ന സൂചന ലഭിച്ചതോടെ ബിഷപ്പിന്റെ അനുയായികൾ കോട്ടയത്ത് പലരുമായി ബന്ധപ്പെടുന്നത്. ഏറ്റുമാനൂരിലേക്ക് കൊണ്ടുപോകുന്ന ബിഷപ്പിനെ കോടതിയിൽ ഹാജരാക്കിയാൽ സബ് ജയിലിലേക്ക് തന്നെ മാറ്റാനും സാധ്യതയുണ്ട്.

ബിഷപ്പിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം. ബിഷപ്പ് കുറ്റസമ്മതത്തിന് തയ്യാറാകാത്ത സാഹചര്യത്തിൽ കന്യാസ്ത്രീയുടെ രഹസ്യമൊഴിയുടെ കൂടി പശ്ചാത്തലത്തിൽ അറസ്റ്റിലേക്ക് പോകാനും അന്വേഷണ സംഘത്തിന് കഴിയും. അറസ്റ്റിനുള്ള എല്ലാ ഒരുക്കങ്ങളും പൊലീസ് നടത്തുന്നുണ്ട്. വൈദ്യപരിശോധനയ്ക്കുള്ള തയ്യാറെടുപ്പും സ്വീകരിച്ചതായാണ് റിപ്പോർട്ട്. ബിഷപ്പിനെ അറസ്റ്റു ചെയ്താൽ ഹാജരാക്കേണ്ടത് പാലാ മജിസ്‌ട്രേറ്റിനു മുന്നിലാണ്. കുറവിലങ്ങാട് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്ന സാഹചര്യത്തിലാണിത്. എന്നാൽ പാലാ മജിസ്‌ട്രേറ്റ് ഇന്ന് അവധിയായതിനാൽ തൊട്ടടുത്തുള്ള ഏറ്റുമാനൂർ മജിസ്‌ട്രേറ്റിനു മുമ്പാകെ ഹാജരാക്കിയേക്കും. റിമാൻഡിൽ വിട്ടാൽ പാലായിലേയോ കോട്ടയത്തേയോ സബ് ജയിലിലേക്കായിരിക്കും അയക്കാൻ സാധ്യത.

അതുകൊണ്ട് ബിഷപ്പിന് ഏതുവിധേയനെയും ജാമ്യം ലഭിക്കാൻ വേണ്ട ശ്രമങ്ങളാണ് അനുയായികൾ നടത്തുന്നത്. ഇന്നലെ കന്യാസ്ത്രീയുടെ രഹസ്യമൊഴി ന്യായീകരിക്കുന്ന നിരവധി തെളിവുകൾ ചോദ്യം ചെയ്യലിൽ അന്വേഷണ സംഘത്തിന് കിട്ടിയെന്നും ഇവരുടെ പല ചോദ്യങ്ങൾക്കും ബിഷപ്പ് ഫ്രാങ്കോയ്ക്ക് മറുപടി ഇല്ലായിരുന്നെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

ചോദ്യം ചെയ്യലിൽ പുതിയതായി ഒരു വാദവും മുമ്പോട്ട വെയ്ക്കാൻ ബിഷപ്പിന് കഴിഞ്ഞില്ല. രേഖപ്പെടുത്തിയ മൊഴിയും ഇന്നത്തെ ചോദ്യംചെയ്യലിൽ ലഭിക്കുന്ന മൊഴിയുമായി െവെരുധ്യമുണ്ടെങ്കിലേ അറസ്റ്റിലേക്കു നീങ്ങാൻ സാധ്യതയുള്ളൂ. സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളും അടിസ്ഥാനമാക്കിയാണു ചോദ്യംചെയ്യൽ. െവെക്കം ഡിവൈ.എസ്‌പി: കെ. സുഭാഷിന്റെ നേതൃത്വത്തിൽ തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌പി. ഓഫീസിൽ ഏഴുമണിക്കൂർ ചോദ്യംചെയ്‌തെങ്കിലും ബിഷപ് നിലപാടിൽ ഉറച്ചുനിന്നു. കന്യാസ്ത്രീക്കു തന്നോടുള്ള െവെരാഗ്യമാണു പരാതിക്കു കാരണമെന്നു ബിഷപ് മൊഴിനൽകി. പരാതിയിലെ ആരോപണങ്ങളെല്ലാം അദ്ദേഹം നിഷേധിച്ചു. 60 പേജുള്ള മൊഴിയാണു പൊലീസ് രേഖപ്പെടുത്തിയത്. ഇതു വിശദമായി പരിശോധിച്ചശേഷം ഇന്നു വീണ്ടും ചോദ്യംചെയ്യും.

കന്യാസ്ത്രീയെ മദർ സുപ്പീരിയർ പദവിയിൽനിന്നു നീക്കിയതും ബിഹാറിലേക്കു സ്ഥലംമാറ്റിയതുമാണു തന്നോടുള്ള വിരോധത്തിനു കാരണമെന്നു ബിഷപ് മൊഴിനൽകി. സ്ഥലംമാറ്റ ഉത്തരവ് അനുസരിക്കാതെ, മറ്റു ചില കന്യാസ്ത്രീകൾക്കൊപ്പം കുറവിലങ്ങാട് മഠത്തിലെത്തി തനിക്കെതിരേ ഗൂഢാലോചന നടത്തുകയായിരുന്നു. നിക്ഷിപ്തതാൽപര്യക്കാരെ കൂട്ടുപിടിച്ചാണ് ഇപ്പോഴത്തെ സമരം. 2014 മെയ് അഞ്ചിനു കുറവിലങ്ങാട് മഠത്തിൽ പോയെങ്കിലും അവിടെ താമസിച്ചില്ല. പീഡനം നടന്നതായി ആരോപിക്കുന്ന ദിവസങ്ങളിൽ മഠത്തിൽ പോയിട്ടേയില്ല. കന്യാസ്ത്രീയുടേതു വ്യാജമൊഴിയാണ്. ഹാജരാക്കിയ പല തെളിവുകളും സന്ദേശങ്ങളുടെ പകർപ്പും എഡിറ്റ് ചെയ്തതാണ്.

മഠത്തിലെ സന്ദർശക ഡയറി തിരുത്തിയാണു കന്യാസ്ത്രീകൾ വ്യാജതെളിവുണ്ടാക്കിയത്. അവിടുത്തെ ലോഗ്ബുക് െകെകാര്യം ചെയ്തിരുന്നത് ഇവരാണ്. പിന്നീടും കന്യാസ്ത്രീ ഭാവവ്യത്യാസമില്ലാതെ ഒരു ചടങ്ങിൽ തനിക്കൊപ്പം പങ്കെടുത്തു. പീഡനം നടന്നെന്നു പറയപ്പെടുന്നതിന്റെ തൊട്ടടുത്ത ദിവസം എങ്ങനെയാണ് അടുത്തിടപഴകിയതെന്നും ബിഷപ് ചോദിക്കുന്നു. ഒന്നിച്ചു പങ്കെടുത്ത ചടങ്ങുകളിലൊന്ന് മെയ് ആറിനു കന്യാസ്ത്രീയുടെ വീട്ടിൽ നടന്നതാണ്. അവിടെയും ഭാവഭേദമില്ലാതെ കന്യാസ്ത്രീ നിൽക്കുന്ന വീഡിയോ ദൃശ്യങ്ങൾ ബിഷപ് അന്വേഷണസംഘത്തിനു കെമാറി. രാവിലെ 11-ന് ആരംഭിച്ച ചോദ്യംചെയ്യൽ െവെകിട്ട് ആറരവരെ തുടർന്നു. കന്യാസ്ത്രീയുടെ വ്യക്തിവൈരാഗ്യമാണു പരാതിക്കു കാരണമെന്ന് ആവർത്തിച്ചതോടെ ചോദ്യാവലിപ്രകാരം മറുപടി നൽകിയാൽ മതിയെന്ന കർശനനിലപാട് പൊലീസ് സ്വീകരിച്ചു. ആദ്യ നാലുമണിക്കൂറിൽ 100 ചോദ്യങ്ങൾക്കുള്ള മറുപടിയാണു ബിഷപ് നൽകിയത്. അഞ്ഞൂറോളം ചോദ്യങ്ങളാണു പൊലീസ് തയാറാക്കിയിരുന്നത്.