കോട്ടയം: ഇറ്റാലിയൻ ഭക്ഷണത്തോടായിരുന്നു കൂടുതൽ പ്രിയം. ചിക്കനും മുടങ്ങാറില്ലായിരുന്നു. സ്‌കോച്ചും പതിവ് ശീലം. അഴിക്കുള്ളിലായതോടെ ഈ ഭക്ഷണക്രമമെല്ലാം തെറ്റി. ഒരിക്കലും താൻ ജയിലിലാകില്ലെന്നായിരുന്നു ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഉറച്ച് വിശ്വസിച്ചത്. ആത്മവിശ്വാസത്തോടെ കേരളത്തിലെത്തിയപ്പോൾ കാര്യങ്ങളെല്ലാം തെറ്റി.

ബിഷപ്പിന് ഫൈവ് സ്റ്റാർ ചോദ്യം ചെയ്യൽ സൗകര്യങ്ങളൊരുക്കി പ്രതീക്ഷ കൊടുത്ത പൊലീസ് കന്യാസ്ത്രീകളുടെ സമരം കരുത്താർജ്ജിക്കുന്നത് കണ്ടപ്പോൾ നിലപാട് മാറ്റി. അപ്രതീക്ഷിത അറസ്റ്റ്. അപ്പോഴും പൊലീസ് കസ്റ്റഡിയിൽ കഴിയാമെന്ന് കരുതി. അതും അട്ടിമറിക്കപ്പെട്ടു. അങ്ങനെ പാലാ ജയിലിലെ വിഐപിയായി ഫ്രാങ്കോ മുളയ്ക്കൽ. അഴിക്കുള്ളിൽ ദിവസങ്ങൾ പിന്നിടുമ്പോഴും ഒന്നിനോടും പൊരുത്തപ്പെടാൻ ഫ്രാങ്കോയ്ക്കാകുന്നില്ലെന്നതാണ് വസ്തുത.

ജയിലിൽ ഭക്ഷണ ക്രമമെല്ലാം തെറ്റി. ബിഷപ്പ് അഴിക്കുള്ളിലായതിന് ശേഷം ഇന്നലെയായിരുന്നു ആദ്യ ഞായറാഴ്ച. ജയിലിൽ സിനിമാ പ്രദർശനമുള്ള ദിവസം. എന്നാൽ ബിഷപ്പ് സിനിമ കാണാനും പോയില്ല. സെല്ലിൽ തന്നെ കഴിഞ്ഞു. നിരാശയായിരുന്നു മുഖം നിറയെ. ബിഷപ്പുമാരും മറ്റും കാണാനെത്തുന്നത് മാത്രമാണ് ഏക ആശ്വാസം. ആഹാരം കഴിക്കാനാവാത്തതും ബിഷപ്പിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. രാവിലെ പുട്ടും മറ്റും കിട്ടുമ്പോൾ കൂടെ പഴം നൽകും. ഇത് മാത്രമാണ് കഴിക്കാറ്. ഉച്ചയൂണും സ്ഥിരമായി കഴിക്കില്ല. രസമാണ് ഊണിനൊപ്പമുള്ളതെങ്കിൽ ഫ്രാങ്കോ പട്ടിണി കിടക്കും. ഭക്ഷണക്രമം താളം തെറ്റിയതോടെ ഫ്രാങ്കോ മാനസികമായി കൂടുതൽ തളർന്നു. കൂടെയുള്ള തടവുകാരോടും ബിഷപ്പ് സംസാരമില്ല.

രാത്രിയിൽ ഉറക്കമില്ലാത്തതും പ്രശ്‌നമാണ്. രാത്രി മുഴുവൻ സെല്ലിൽ അങ്ങോട്ടുമിങ്ങോട്ടും നടപ്പാണ്. രാത്രിയിൽ ബൈബിൾ വായിച്ചും മുട്ടു കുത്തി പ്രാർത്ഥിച്ചും തള്ളി നീക്കുകയാണ് ബിഷപ്പ്. ഇത് കാരണം പകൽ സമയത്ത് ഉറക്കം പതിവുമാണ്. നിലത്ത് തലവച്ച് കരഞ്ഞും രാത്രിയിലെ പ്രാർത്ഥനകൾക്കിടെ ബിഷപ്പിനെ കാണാറുണ്ടെന്നാണ് ജയിലിൽ നിന്ന് ലഭിക്കുന്ന സൂചന. ബിഷപ്പ് കിടക്കുന്ന സെല്ലിൽ വാർഡന്മാരുടെ പൂർണ്ണ നിരീക്ഷണം 24 മണിക്കൂറുമുണ്ട്. നിലവിൽ ആരോഗ്യ പ്രശ്‌നമൊന്നും ബിഷപ്പിനില്ല. എന്നാൽ ഭക്ഷണം നന്നായി കഴിക്കാത്തത് പ്രശ്‌നമാകുമോ എന്ന ആശങ്ക ജയിൽ അധികൃതർക്കുണ്ട്. ജയിലിൽ സമചിത്തത കൈവിടുന്ന അവസ്ഥയിലേക്ക് ബിഷപ്പ് എത്തുന്നതായും സൂചനയുണ്ട്. ആത്മവിശ്വാസം ചോർന്ന ബിഷപ്പിനെ ആർക്കും ആശ്വസിപ്പിക്കാനും കഴിയുന്നില്ല.

ഇത് മനസ്സിലാക്കിയാണ് കൂടുതൽ ബിഷപ്പുമാരും മറ്റും മെത്രാനെ കാണാനെത്തുന്നത്. ഇത് ജയിൽ ചട്ടങ്ങളുടെ ലംഘനവുമാണ്. കന്യാസ്ത്രീയെ ബലാത്സംഗംചെയ്ത കേസിൽ റിമാൻഡിലായ ജലന്ധർ മുൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഫ്രാങ്കോയെ ഒക്ടോബർ ആറുവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാൻ പാലാ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട് എസ്. ലക്ഷ്മിയാണ് ഉത്തരവിട്ടത്. രാജ്യത്ത് ജയിലിലാകുന്ന ആദ്യ ബിഷപ്പാണ് ഫ്രാങ്കോ. പാലാ സബ് ജയിലിലെ മൂന്നാം നമ്പർ സെല്ലിലാണ് ബിഷപ്പ് ഫ്രാങ്കോ ഉള്ളത്. കൂട്ടിന് രണ്ട് കഞ്ചാവ് കേസ് പ്രതികളും. മൂന്നാം നമ്പർ സെല്ലിൽ 5968 -ാം നമ്പർ തടവുകാരൻ. രാത്രിയിൽ സെല്ലുകളിൽ ലൈറ്റ് ഓഫ് ചെയ്യാറില്ല. പ്രകാശമുള്ളതുകൊണ്ട് ഉറക്കം കുറുയുന്നു. ഇതിനൊപ്പം കൊതുകും പ്രശ്‌നമാണ്.

ജയിൽ ചട്ടപ്രകാരം ബിഷപ്പിന് വിവിഐപി പരിഗണനയൊന്നും നൽകാനാകില്ല. മാധ്യമങ്ങളുടെ കണ്ണ് ജയിലിലുള്ളതിനാൽ വഴി വിട്ട് സഹായമൊന്നും ചെയ്യരുതെന്ന് ജയിൽ അധികാരികൾക്ക് ജയിൽ ഡിജിപി ശ്രീലേഖ നിർദ്ദേശം കൊടുത്തിട്ടുണ്ട്. സെല്ലിനുള്ളിൽ ബിഷപ്പിനെ പ്രത്യേകം നിരീക്ഷിക്കുന്നുമുണ്ട്. ഏത് സാഹചര്യം വന്നാലും ഉടൻ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ബൈബിളിനൊപ്പം കൊന്തയും ബിഷപ്പിന്റെ കൈയിയിലുണ്ട്. റിമാൻഡ് തടവുകാർക്ക് ജയിൽ വസ്ത്രം ധരിക്കേണ്ടതില്ലെന്നുള്ളതിനാൽ ബനിയനും പാന്റും ധരിക്കാൻ ബിഷപ്പിനെ അനുവദിക്കുന്നുണ്ട്. കന്യാസ്ത്രീ പൊലീസിൽ പരാതിപ്പെട്ടതിന്റെ 90-ാം ദിവസമാണ് ബിഷപ്പ് റിമാൻഡിലാകുന്നത്.