കോട്ടയം: കന്യാസ്ത്രീയുടെ ബലാത്സംഗ പരാതിയിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റിനുള്ള സാധ്യതയും തെളിയുന്നുവെന്ന റിപ്പോർട്ട് പുറത്തു വന്നതോടെ മറു നീക്കവുമായി ജലന്ധർ രൂപതാ രംഗത്ത്. ബിഷപ്പ് നൽകിയ മൊഴിയിലും രേഖകളിലും സാക്ഷി മൊഴികളിലും വൈരുദ്ധ്യത നില നിൽക്കുന്നതായി പൊലീസിന് ബോദ്ധ്യപ്പെട്ടതായാണ് വിവരം. ഇതോടെയാണ് പുതിയ നീക്കം തുടങ്ങിയത്. ജലന്ധർ ബിഷപ്പിനെതിരെ ആരോപണം ഉന്നയിച്ച കന്യാസ്ത്രീകൾക്കെതിരെ രൂക്ഷ ആരോപണവുമായി മിഷനറീസ് ഓഫ് ജീസസ് രംഗത്ത് എത്തിയത് ഇതിന്റെ ഭാഗമാണ്.

അന്വേഷണസംഘം പ്രധാന തെളിവായി ചൂണ്ടിക്കാണിക്കുന്ന രജിസ്റ്ററിൽ കന്യാസ്ത്രീകൾ തിരിമറി കാണിച്ചെന്നും മിഷനറീസ് ഓഫ് ജീസസ് പറയുന്നു. ആരോപണമുന്നയിച്ച കന്യാസ്ത്രീയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് സമരം ചെയ്യുന്ന കന്യാസ്ത്രീകൾക്കെതിരെ സന്ന്യാസ സഭ നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തലുകൾ. രണ്ട് ദിവസം മുമ്പാണ് ഇത്തരത്തിലൊരു കമ്മീഷനെ നിയോഗിച്ചത്. രണ്ട് ദിവസത്തിനുള്ളിൽ തന്നെ റിപ്പോർട്ടും നൽകി. കന്യാസ്ത്രീകളുടെ നീക്കത്തിന് പിന്നിൽ യുക്തിവാദികളാണെന്നും ഏറെ നാളത്തെ ഗൂഢാലോചനയുടെ ബാക്കി പത്രമാണ് ആരോപണവും സമരവുമെന്ന് സന്ന്യാസ സഭ ആരോപിക്കുന്നു. ആരോപണത്തിൽ ബിഷപ്പ് നിരപരാധിയാണെന്ന് വിശദമാക്കുന്ന തെളിവുകളും സഭ പുറത്ത് വിട്ടു.

ഇതോടെ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ബലാത്സംഗ പരാതി ഉന്നയിച്ച കന്യാസ്ത്രീയെയും അവർക്ക് പിന്തുണ പ്രഖ്യാപിച്ച് കൊച്ചിയിൽ സമരം നടത്തുന്ന അഞ്ച് കന്യാസ്ത്രീകളെയും അവരുടെ സന്യാസിനി സഭയായ മിഷണറീസ് ഓഫ് ജീസസ് പുറത്താക്കിയേക്കുമെന്നാണ് സൂചന. കന്യാസ്ത്രീയെ സ്വാധീനിക്കാനുള്ള ശ്രമമെല്ലാം പൊളിഞ്ഞ സാഹചര്യത്തിലാണ് ഇത്. മിഷണറീസ് ഓഫ് ജീസസ് കൗൺസിൽ യോഗം ചേർന്ന് ഇക്കാര്യത്തിൽ തീരുമാനം എടുക്കും. ഇതോടെ കന്യാസ്ത്രീകൾക്ക് മഠം വിടേണ്ടിയും വരും. കന്യാസ്ത്രീകൾ എറണാകുളത്ത് ഹൈക്കോർട്ട് ജംഗ്ഷന് സമീപം പരസ്യമായി സമരത്തിന് ഇരിക്കുകയും സഭയ്ക്ക് മേൽ വൻ സമ്മർദ്ദം ഉണ്ടാകുകയും ചെയ്ത സാഹചര്യത്തിലാണ് പരാതിക്കാരിയെയും അവരെ പിന്തുണയ്ക്കുന്നവരെയും പുറത്താക്കി ആരോപണവിധേയനെ എങ്ങനെയും സംരക്ഷിക്കാനുള്ള നീക്കമാണ് സഭ നടത്തുന്നത്.

സമരം ചെയ്യുന്ന കന്യാസ്ത്രീകൾക്കെതിരെ അന്വേഷണം നടത്തുമെന്ന് മിഷനറീസ് ഓഫ് ജീസസ് നേരത്തെ വിശദമാക്കിയിരുന്നു. കന്യാസ്ത്രീകൾ ബിഷപ്പിനെതിരെ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചാണ് അന്വേഷണം നടത്തുകയെന്നും നേരത്തെ പുറത്തിറക്കിയ പ്ത്രക്കുറിപ്പിൽ മിഷനറീസ് ഓഫ് ജീസസ് വ്യക്തമാക്കിയിരുന്നു. പ്രത്യേക കമ്മിഷനാണ് അന്വേഷണം പൂർത്തിയാക്കിയത്. ബിഷപ്പിനെതിരെയുള്ള പ്രതിഷേധം ബാഹ്യ ശക്തികളുടെ പ്രേരണ മൂലമെന്നാണ് സന്യാസിനി സഭ നേരത്തെ ആരോപിച്ചിരുന്നു. ഇത് ശരിവയ്ക്കുന്ന തരത്തിലാണ് അന്വേഷണ റിപ്പോർട്ട് പുറത്തുവരുന്നത്. ഇത് ബിഷപ്പിന്റെ അറസ്റ്റ് ഒഴിവാക്കാനുള്ള നീക്കമാണ്. കുറവിലങ്ങാട് ഗസ്റ്റ് ഹൗസിൽ ബിഷപ്പ് താമസിച്ചിരുന്ന ദിവസം നോക്കി കന്യാസ്ത്രീ പരാതി കൊടുത്തുവെന്നാതായിരുന്നു പ്രധാന ആരോപണം. ബിഷപ്പിനെതിരെയും മദർ ജനറലിനെതിരെയും ഗൂഢാലോചന നടത്തി എന്നതിനാലാണ് അന്വേഷണത്തിന് സന്യാസിനി സമൂഹം ഉത്തരവിട്ടിരിക്കുന്നതെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ അന്വേഷണത്തിൽ സന്ദർശക രജിസ്റ്ററും സിസിടിവിയും കന്യാസ്ത്രീകൾ തിരുത്തിയെന്നാണ് പറയുന്നത്.

അന്വേഷണത്തിനായി പ്രത്യേക കമ്മീഷനെ നിയോഗിച്ചു. ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊച്ചി ഹൈക്കോർട്ട് ജംഗ്ഷനു സമീപം സമരം നടത്തുന്ന കന്യാസ്ത്രീകൾക്ക് ഇതിനാവശ്യമയ പണം എവിടെ നിന്നും ലഭിക്കുന്നു എന്നത് അന്വേഷിക്കുമെന്നും അറിയിച്ചിരുന്നു. സമരം നടത്തുന്നത് നിക്ഷിപ്ത താല്പര്യക്കാരാണെന്നാണ് മിഷണറീസ് ഓഫ് ജീസസിന്റെ വിലയിരുത്തൽ.
ബിഷപ്പിനെ സംരക്ഷിക്കുന്ന നിലപാടുമായി നേരത്തെ കെ സി ബിസിയും രംഗത്തെത്തിയിരുന്നു. ഭിഷപ്പിന്റെയും കന്യാസ്ത്രീയുടെയും വേദന തങ്ങൾ ഒരുപോലെ കാണുന്നു എന്നായിരുന്നു കെ സി ബി പുറത്തിറക്കിയ വാർത്താ കുറിപ്പിൽ വ്യക്തമാക്കിയിരുന്നത്.

കന്യാസ്ത്രീ കർദ്ദിനാളിന് നൽകിയ പരാതിയിലെ വിശദീകരണം തൃപ്തികരമെന്ന നിലപാടിലാണ് പൊലീസ് എത്തിയിരുന്നത്. കന്യാസ്ത്രീയുടെ മൊഴിയിലെ വൈരുദ്ധ്യം പരിഹരിച്ചെന്ന് അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു. ബിഷപ്പ് തന്നെ 13 തവണ പീഡനത്തിന് ഇരയാക്കി എന്നാണ് പരാതിയിൽ കന്യാസ്ത്രീ പറഞ്ഞിരിക്കുന്നത്. 2014 മെയ് 5 നായിരുന്നു ആദ്യം പീഡനത്തിന് ഇരയാക്കിയതെന്നാണ് നൽകിയിരിക്കുന്ന മൊഴി. പരാതിയിൽ പറഞ്ഞ ദിവസങ്ങളിൽ ബിഷപ്പ് മഠത്തിൽ ഉണ്ടായിരുന്നു എന്നും താൻ അവിടെ ഉണ്ടായിരുന്നില്ല എന്ന ബിഷപ്പിന്റെ മൊഴി കള്ളമാണെന്നും തെളിഞ്ഞിരിക്കുകയാണ്. ഇതോടെയാണ് അറസ്റ്റ് അനിവാര്യമാകുന്ന സാഹചര്യം ഉണ്ടായത്. ഇതോടെയാണ് കന്യാസ്ത്രീ സമൂഹം തന്നെ കള്ള തെളിവുകളുമായി എത്തിയത്.

2014 മെയ് 5 ന് താൻ കുറവിലങ്ങാട് ഇല്ലായിരുന്നെന്നാണ് ബിഷപ്പ് നൽകിയ മൊഴി തെറ്റാണെന്ന് അന്വേഷണസംഘം ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. ബിഷപ്പ് ഈ ദിവസം തൃശൂരിൽ നിന്നും കുറവിലങ്ങാട്ട് എത്തിയതായി മഠത്തിലെ രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ദിവസം താൻ തൊടുപുഴയിലെ മുതലക്കോണം മഠത്തിൽ ആയിരുന്നു എന്നാണ് ബിഷപ്പ് നൽകിയമൊഴി. എന്നാൽ ഈ ദിവസം മുതലക്കോണത്തെ മഠത്തിൽ വന്നതിന്റെ ഒരു രേഖപ്പെടുത്തലുകളും രജിസ്റ്റരിൽ കാണാനില്ല. ബിഷപ്പ് 2013 ലായിരുന്നു മുതലക്കോണത്തെ മഠത്തിൽ വന്നതെന്നാണ് രേഖകൾ കാണിക്കുന്നത്. ഈ ദിവസത്തെ രജിസ്റ്ററിൽ അത് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമേ ഫ്രാങ്കോ മുളയ്ക്കലിന്റെ ഡ്രൈവറും തങ്ങൾ 2013 ലായിരുന്നു ഇവിടെ വന്നതെന്നും അന്ന് താനും താമസിച്ചിരുന്നതായും മൊഴി നൽകിയിട്ടുണ്ട്.

കേസിൽ 34 രേഖകളാണ് അന്വേഷണ സംഘം പരിശോധന നടത്തിയത്. മഠത്തിലെ കമ്പ്യൂട്ടറിന്റെ ഹാർഡ് ഡിസ്‌ക്ക്, ബിഷപ്പിന്റെ ലാപ്ടോപ്പ് ഉൾപ്പെടെയുള്ളവ പരിശോധന നടത്തുകയും ചെയ്ത ശേഷമാണ് നിഗമനത്തിൽ എത്തിയിരിക്കുന്നത്. ബിഷപ്പിന്റെയും കന്യാസ്ത്രീയുടെയും മൊഴികൾ താരതമ്യപ്പെടുത്തി പരാതിക്കാരിയുടെ മൊഴിയാണ് വിശ്വസനീയം എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 19 ാം തീയതി ചോദ്യം ചെയ്യലിന് ഹാജരാകാൻ സമ്മതിച്ചിരിക്കുന്ന സാഹചര്യത്തിൽ ബിഷപ്പിനെ അറസ്റ്റ് ചെയ്തേക്കുമെന്ന് തന്നെയാണ് സൂചനകൾ. ഇതോടെയാണ് പുതിയ കഥകളുമായി സന്യാസി സമൂഹം എത്തുന്നത്.