കോട്ടയം: പീഡനക്കേസിൽ ചോദ്യം ചെയ്യലിന് ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കേരളത്തിൽ എത്തിയിട്ട് ഒരാഴ്ചയോളമായി. ചോദ്യം ചെയ്യലിനായി നോട്ടീസ് കൈപ്പറ്റിയതും ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കൽ കേരളത്തിലേക്ക് തിരിച്ചു. തന്റെ ചുമതലകൾ സഹ വൈദികർക്ക് കൈമാറി ഫ്രാങ്കോ ഉത്തരവിട്ടിരുന്നു. അന്ന് തന്നെ ആരും അറിയാതെ കേരളത്തിലേക്ക് മടങ്ങി. ജലന്ധറിൽ ഉള്ളവർ പോലും ഇത് അറിഞ്ഞില്ല. പീഡന പരാതി കൊടുത്ത കന്യാസ്ത്രീയെ അനുകൂലിക്കുന്നവർ മഠത്തിൽ ഉള്ളതിനാലായിരുന്നു ഇത്.

പൊലീസിന്റെ നോട്ടിസ് ലഭിച്ച ദിവസം തന്നെ ജലന്തർ രൂപതയുടെ അരമനയിൽ നിന്നു ബിഷപ് മറ്റൊരു സ്ഥലത്തേക്ക് മാറി. തുടർന്നു ഡൽഹി വഴി കേരളത്തിനു പുറത്തുള്ള വിമാനത്താവളത്തിലാണ് ഇറങ്ങിയത്. നെടുമ്പാശേരിയിൽ പൊലീസ് കാവൽ ശക്തമാണെന്ന് ബിഷപ്പ് തിരിച്ചറിഞ്ഞിരുന്നു. ഇത് മനസ്സിലാക്കിയാണ് കോയമ്പത്തൂരിൽ വിമാനം ഇറങ്ങിയത്. കൊച്ചിയിൽ തിങ്കളാഴ്ച വന്ന് അഭിഭാഷകരുമായി ചർച്ച നടത്തി തൃശൂർക്കു മടങ്ങി. തൃശൂരിലുള്ള സഹോദരന്റെ വീട് ഒഴിവാക്കി മറ്റൊരു വീട്ടിലാണ് താമസിച്ചത്. ഇതും മാധ്യമങ്ങളുടെ ശ്രദ്ധയിൽ നിന്ന് രക്ഷപ്പെടാനായിരുന്നു.

സാധാരണ വലിയ കാറുകളിൽ യാത്ര ചെയ്യാറുള്ള ബിഷപ് ഈ ദിവസങ്ങളിൽ യാത്രയ്ക്കുപയോഗിച്ചത് സാധാരണ കാറുകൾ. കൊച്ചി, തൃശൂർ, കോട്ടയം എന്നിവിടങ്ങളിൽ നിന്നുള്ള അഭിഭാഷകരുടെ സംഘം ബിഷപ്പിന് നിയമപരമായ ഉപദേശങ്ങൾ നൽകുന്നുണ്ട്. ജലന്ധറിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രയും ഇത്തരത്തിലായിരുന്നു. ഇതെല്ലാം കേരളാ പൊലീസിലെ ഉന്നതന്റെ നിർദ്ദേശ പ്രകാരമായിരുന്നു. പൊലീസും ചില രഹസ്യ സഹായങ്ങൾ ചെയ്തുവെന്നാണ് സൂചന. ഇപ്പോൾ ചോദ്യം ചെയ്യലിനെത്തുമ്പോഴും മാധ്യമങ്ങളിൽ നിന്ന് പീഡനക്കേസ് പ്രതിയെ പൊലീസ് സംരക്ഷിക്കുന്നുണ്ട്.

ഫ്രാങ്കോ മുളയ്ക്കലിനെതിരെ എന്ത് നടപടി കൈക്കൊള്ളണമെന്ന് ഇന്നത്തെ ചോദ്യം ചെയ്യലിനു ശേഷം തീരുമാനിക്കുമെന്നാണ് പൊലീസ് നൽകുന്ന സൂചന. ഓരോ ചെറിയ കാര്യത്തിലും വ്യക്തത വരുത്തിയാണ് അന്വേഷകർ മുമ്പോട്ടു പോകുന്നത്. ഇന്നു രാവിലെ 10.30ന് ഫ്രാങ്കോ മുളയ്ക്കൽ ചോദ്യം ചെയ്യലിന് ഹാജരാകണം. ഇന്നലെ ചോദ്യം ചെയ്യൽ പൂർത്തിയാക്കാനായിരുന്നു തീരുമാനം. എന്നാൽ മൊഴികളുമായി ബന്ധപ്പെട്ട് കൂടുതൽ പരിശോധനകൾ ആവശ്യമാണ്. ഇന്നലെ ചോദ്യം ചെയ്യലിനു ശേഷം മൂന്നു സംഘങ്ങളായി തിരിഞ്ഞ് അന്വേഷകർ മൊഴി വിശകലനം ചെയ്തു. ഇതിൽ നിന്നുരുത്തിരിഞ്ഞ കാര്യങ്ങൾ കൂടി പരിഗണിച്ച് ഇന്ന് ചോദ്യം ചെയ്യൽ തുടരും. നേരത്തെ പൊലീസ് മനസ്സിലാക്കിയ കാര്യങ്ങളാണ് ഫ്രാങ്കോ മുളയ്ക്കൽ കൂടുതലും പറഞ്ഞത്. പത്ത് ശതമാനത്തോളം കാര്യങ്ങളിൽ ഇനിയും വ്യക്തത വരാനുണ്ട്.

അറസ്റ്റ് ചോദ്യം ചെയ്യലിന്റെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ മാത്രമേ നടപ്പാക്കാനാകൂ. ഒരാൾ പറയുന്നത് ശരിയോ തെറ്റോ എന്നു നോക്കി അറസ്റ്റിന്റെ കാര്യം തീരുമാനിക്കാനാകില്ല. കേസിന്റെ സമഗ്രമായ നില പരിശോധിച്ച് മാത്രമേ ഇതിൽ തീരുമാനം വരൂവെന്നാണ് പൊലീസ് നൽകുന്ന സൂചന. ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്നതിൽ നിയമ തടസ്സമില്ലെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസ് പൊലീസിനെ അറിയിച്ചതായി സൂചനയുണ്ട്. ചോദ്യം ചെയ്യൽ പുരോഗമിക്കുന്നതിനിടെ എറണാകുളം റേഞ്ച് ഐജി വിജയ് സാഖറെ, ഡിജിപി ഓഫീസിലെത്തി നിയമോപദേശം തേടുകയായിരുന്നു. മുൻകൂർ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിൽ ഇരിക്കവെ, ഫ്രാങ്കോയെ അറസ്റ്റ് ചെയ്യുന്നതിൽ തടസ്സമുണ്ടോ എന്നായിരുന്നു ഐജി ആരാഞ്ഞത്.

ഡിജിപിയുടെ ഓഫീസിലെ സീനിയർ പ്ലീഡറുമായാണ് ഐജി കൂടിക്കാഴ്ച നടത്തിയത്. ബിഷപ്പിന്റെ മൊഴികളിൽ വിശദമായ പരിശോധന ആവശ്യമുണ്ട്. അത് ഇന്ന് രാത്രിയോടെ പൂർത്തിയാക്കാനാണ് തീരുമാനം. മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് ബിഷപ്പിന്റെ മൊഴികൾ പരിശോധിക്കുക. ബിഷപ്പിന്റെ മൊഴികളിലെ പൊരുത്തക്കേടുകൾ വിശദമായി അവലോകനം ചെയ്തു വരികയാണ്. ബിഷപ്പ് നൽകിയ മറുപടികളിൽ 10 ശതമാനം കാര്യങ്ങളിൽ പരിശോധന ആവശ്യമാണ്. ചോദ്യം ചെയ്യൽ ഇന്ന് പൂർത്തിയാക്കാനാണ് ആലോചിച്ചത്. ചോദ്യം ചെയ്യലിനോട് ഫ്രാങ്കോ മുളയ്ക്കൽ സഹകരിക്കുന്നുണ്ട്. നിലവിൽ ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതിന് നിയമതടസ്സമില്ലെന്നും എസ്‌പി ഹരിശങ്കർ പറഞ്ഞു.

ചോദ്യം ചെയ്യൽ ഇന്നും ഏഴു മണിക്കൂറോളം നീണ്ടു. പൊലീസിന്റെ പക്കലുള്ള തെളിവുകൾ നിരത്തിയാണ് അന്വേഷണ സംഘം ഫ്രാങ്കോ മുളയ്ക്കലിന്റെ വാദങ്ങളെ ഖണ്ഡിച്ചത്. അതേസമയം പരാതിയിൽ പറയുന്ന ദിവസങ്ങളിൽ മഠത്തിൽ താമസിച്ചിട്ടില്ലെന്ന വാദത്തിൽ ബിഷപ്പ് ഉറച്ചു നിന്നു. ചോദ്യം ചെയ്യൽ പൂർത്തിയായതിന് പിന്നാലെ ബിഷപ്പ് താമസിക്കുന്ന ഹോട്ടലിലേക്ക് തിരികെ പോയി.