കോട്ടയം : അറസ്റ്റിലായ ആദ്യ ദിവസം കോട്ടയം മെഡിക്കൽ കോളേജിലെ ഐസിയുവിലായിരുന്നു ഉറക്കം. പിന്നെ രണ്ട് ദിവസം പൊലീസ് ക്ലബ്ബിലെ എസി റൂമിൽ. അതുകൊണ്ട് പീഡനക്കേസിൽ അറസ്റ്റിലായ ബിഷപ്പ് മാത്രമാണ് ഫ്രാങ്കോ മുളയ്ക്കൽ. ഇനിയും പീഡനക്കേസിലെ പ്രതിക്ക് ജയിലിലേക്ക് പോകേണ്ടി വന്നിട്ടില്ല. അതുകൊണ്ടാണ് ഇന്ന് ബിഷപ്പിന് നിർണ്ണായകമാകുന്നത്.

പാലാ കോടതി അനുവദിച്ച കസ്റ്റഡി കാലാവധി ഇന്നു രണ്ടരയോടെ അവസാനിക്കും. പൊലീസ് ബിഷപ്പിനെ കോടതിയിൽ എത്തിക്കുകയും ചെയ്യും. ഇതിന് ശേഷം കോടതി എന്ത് തീരുമാനിക്കുമെന്നതാണ് നിർണ്ണായകം. കുറവിലങ്ങാട് മഠത്തിൽ മാത്രമാണ് തെളിവെടുപ്പുള്ളതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ഇത് അവസാനിച്ചു. ബലാത്സംഗം ബിഷപ്പ് ഇപ്പോഴും നിഷേധിക്കുന്നതിനാൽ നുണപരിശോധനയുടെ സാധ്യതയും പൊലീസ് തേടുന്നുണ്ട്. എന്നാൽ ബിഷപ്പ് സമ്മതിച്ചാൽ മാത്രമേ ഇതിന് കോടതിക്ക് അനുമതി നൽകാൻ കഴിയൂ.

ഈ സാഹചര്യത്തിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ ജാമ്യം തേടി ജില്ലാ കോടതിയെയോ ഹൈക്കോടതിയെയോ സമീപിക്കുമെന്നാണ് സൂചന.
കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനു ബിഷപ്പിനെ നുണപരിശോധനയ്ക്കു വിധേയനാക്കാൻ അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്. പരിശോധനയ്ക്കുള്ള അപേക്ഷയെ ബിഷപ് എതിർത്താൽ അതു മറ്റൊരു സാഹചര്യ തെളിവാക്കാനാണു പൊലീസിന്റെ ആലോചന. അതുകൊണ്ട് തന്നെ കരുതലോടെ നീങ്ങാനാണ് ബിഷപ്പിന്റെ തീരുമാനം.

ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ തന്നെ കേസ് എറ്റെടുക്കുമെന്നാണ് സൂചന. ബിഷപ്പിനെ കുറവിലങ്ങാട്ടെ നാടുകുന്നു മഠത്തിലെത്തിച്ചു ഇന്നലെ തെളിവെടുത്തിരുന്നു. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന കേസിൽ അന്വേഷണം വേഗത്തിലാക്കിയിട്ടുണ്ട്. ഈ കേസുള്ളതു കൊണ്ട് തന്നെ ബിഷപ്പിന്റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർക്കാനാണ് സാധ്യത. ജാമ്യം കിട്ടിയില്ലെങ്കിൽ ബിഷപ്പിനെ പാലാ കോടതിക്ക് റിമാൻഡ് ചെയ്യേണ്ടി വരും. അതിനിടെ പൊലീസ് ക്ലബ്ബിലെ എസി റൂമിലെ ഉറക്കത്തിനായി കസ്റ്റഡിയിൽ ബിഷപ്പിനെ നിലനിർത്താൻ പൊലീസിൽ സമ്മർദ്ദവും ഉണ്ട്.

സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ച പരാതിയിൽ ഫാ. ജയിംസ് ഏർത്തയിലിനെതിരെയാണു കേസുള്ളത്. അന്വേഷണം പുരോഗമിക്കുമ്പോൾ ബിഷപ് ഉൾപ്പെടെ കൂടുതൽ പേരെ പ്രതി ചേർത്തേക്കാം. പരാതിക്കാരിയായ കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ച കേസിൽ മിഷനറീസ് ഓഫ് ജീസസ് വക്താവ് സിസ്റ്റർ അമലയ്‌ക്കെതിരെയും നടപടിയുണ്ടാകും. കേസുകളിൽ ഒരാഴ്ചയ്ക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ അന്വേഷണ ഉദ്യോഗസ്ഥൻ കെ.സുഭാഷിനു നിർദ്ദേശം നൽകി.

ഹൈക്കോടതിയിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ നൽകിയ മുൻകൂർ ജാമ്യഹർജി അദ്ദേഹത്തിന്റെ അറസ്റ്റോടെ അസാധുവായിരുന്നു. പാലാ മജിസ്‌ട്രേട്ട് കോടതി, ജില്ലാ സെഷൻസ് കോടതി, ഹൈക്കോടതി എന്നിവിടങ്ങളിൽ എവിടെയെങ്കിലും ജാമ്യാപേക്ഷ നൽകുകയാണ് അടുത്ത വഴി. അതിനുള്ള നീക്കം ആരംഭിച്ചു. പൊലീസ് കസ്റ്റഡിയിലായ ബിഷപ്പിന്റെ മുന്മൊഴികളിലെ വൈരുധ്യം നീക്കാൻ വീണ്ടും ചോദ്യം ചെയ്യണമെന്ന അഭിപ്രായവും അന്വേഷണ സംഘത്തിനുണ്ട്.

പാലാ കോടതിയിൽ ഫ്രാങ്കോയെ വീണ്ടും കസ്റ്റഡിയിൽ വേണ്ടെന്ന നിലപാട് പൊലീസ് എടുത്താൽ കോടതി ഇന്ന് ബിഷപ്പിനെ റിമാൻഡ് ചെയ്‌തേക്കും. പാലാ സബ് ജയിലിലായിരിക്കും ഫ്രാങ്കോ മുളയ്ക്കനെ അടയ്ക്കാൻ സാധ്യത. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടുകയാണെങ്കിൽ മാത്രമാകും മറ്റ് ജയിലിലേക്ക് മാറ്റുക. ശനിയാഴ്ച കസ്റ്റഡിയിൽ കിട്ടിയ ഫ്രാങ്കോയെ ഇന്നലെ കുറവിലങ്ങാട് മഠത്തിലെത്തിച്ച് തെളിവെടുത്തിരുന്നു. കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ വെള്ളിയാഴ്ചയാണ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തത്.

അതേസമയം കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത കേസിലെ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമർപിച്ച പൊതു താൽപര്യ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. സംഭവത്തിൽ സിബിഐ അന്വേഷണം നടത്തണമെന്നും ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നും തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഹർജിക്കാർ കോടതിയെ സമീപിച്ചത്. ഹർജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചിന്റെ പരിഗണനയിലിരിക്കെയാണ് ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നത്.

പരാതി നൽകിയ കന്യാസ്ത്രീക്ക് എതിരെ ഗുരുതര ആരോപണങ്ങളാണ് ഇപ്പോഴും ഫ്രാങ്കോ മുളയ്ക്കൽ ഉന്നയിക്കുന്നത്. കന്യാസ്ത്രീക്ക് തന്നോട് വ്യക്തിവൈരാഗ്യം ഉണ്ടെന്നും അതിനാലാണ് ഇത്തരത്തിൽ ഒരു പരാതി നൽകിയതും എന്നുമാണ് മുളയ്ക്കലിന്റെ പ്രധാന ആരോപണം. കന്യാസ്ത്രീ മഠത്തിലെ സ്ഥിരം ശല്യക്കാരിയായിരുന്നു. അവർക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയരുകയും ഇതിന്റെ തെളിവുകൾ സഭയ്ക്ക് ലഭിക്കുകയും ചെയ്തു. ആരോപണങ്ങൾക്കെതിരെ താൻ ഉൾപ്പടെയുള്ള സംഘം അന്വേഷണത്തിന് ഉത്തരവിട്ടു. കന്യാസ്ത്രീയെ ചുമതലകളിൽ നിന്നും നീക്കി. ഇതിനു പിന്നിൽ താനാണ് എന്ന തെറ്റിദ്ധാരണയാണ് വ്യക്തിവൈരാഗ്യം ഉണ്ടാകാൻ കാരണം എന്നും മുൻകൂർ ജാമ്യാപേക്ഷയിൽ വിശദീകരിച്ചിരുന്നു. ഇത് തന്നെയാകും പുതിയ ജാമ്യാപേക്ഷയിലും ചുണ്ടിക്കാട്ടുക.

കന്യാസ്ത്രീയും ബന്ധുക്കളും തന്നെ കൊല്ലും എന്ന് ഭീഷണിപ്പെടുത്തി. പൊലീസിന് കൊടുത്ത ആദ്യ പരാതിയിൽ ഇല്ലാത്ത ലൈംഗിക ആരോപണം പിന്നീട് ഉയർന്നുവന്നതിൽ ദുരൂഹത ഉണ്ട്. മാധ്യമങ്ങളും ജനങ്ങളും തന്നെ ക്രൂശിക്കുകയാണ്. അന്വേഷണത്തോട് സഹകരിക്കാൻ തയ്യാറാണ് എന്നും ഫ്രാങ്കോ മുളയ്ക്കൽ പറയുന്നു.