കോട്ടയം: ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ടു ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റിന്റെ കാര്യത്തിൽ ഇന്ന് തീരുമാനം എടുക്കുമെന്ന് പൊലീസ്. ബഷപ്പിനെതിരെ എന്തു നടപടി കൈക്കൊള്ളുമെന്ന കാര്യത്തിൽ വെള്ളിയാഴ്ചത്തെ ചോദ്യംചെയ്യലോടെ വ്യക്തതയാകുമെന്നു കോട്ടയം എസ്‌പി ഹരിശങ്കർ അറിയിച്ചു. സമയമെടുത്തു ചെറിയ കാര്യങ്ങളിൽ പോലും വ്യക്തത വരുത്തി മുന്നോട്ടു പോകുന്നതിനാലാണു ചോദ്യംചെയ്യൽ നീളുന്നതെന്നും ഹരിശങ്കർ അറിയിച്ചിരുന്നു.

ചോദ്യം ചെയ്യലിൽ കാര്യമായ പുരോഗതിയുണ്ട്. ഒരുപാടു കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു. അറസ്റ്റ് എന്നത് അന്വേഷണത്തിന്റെയും ചോദ്യം ചെയ്യലിന്റെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ തീരുമാനിക്കേണ്ട കാര്യമാണ്. അന്വേഷണം പൂർത്തിയാക്കിയ ശേഷമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളൂ. നിലവിൽ അറസ്റ്റിനു തടസ്സമൊന്നുമില്ലെന്നും ഹരിശങ്കർ പറഞ്ഞു. ഒരാൾ പറയുന്നതു ശരിയോ തെറ്റോ എന്നു നോക്കിയല്ല അറസ്റ്റിന്റെ കാര്യം തീരുമാനിക്കുന്നത്. കേസിന്റെ അന്വേഷണം സമഗ്രമായി പരിഗണിച്ചാണ് ഇക്കാര്യം തീരുമാനിക്കുന്നതെന്നും ഹരിശങ്കർ പറഞ്ഞു. ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ വിടാനുള്ള തന്ത്രമാണ് ഇതെന്ന വാദമാണ് ഇപ്പോൾ അജീവമാകുന്നത്.

ബിഷപ് നേരത്തേ നൽകിയ മൊഴികൾ പിന്നീടു തിരുത്തിപ്പറഞ്ഞെന്ന രീതിയിലുള്ള പ്രചാരണങ്ങൾ ഊഹാപോഹങ്ങൾ മാത്രമാണ്. ഇത്തരം കാര്യങ്ങൾ അന്വേഷണ സംഘമോ താനോ ഒരിടത്തും പറഞ്ഞിട്ടില്ല. അന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഹൈക്കോടതിയിൽ സീൽ ചെയ്ത കവറിൽ കൊടുത്തതല്ലാതെ ഒരിടത്തും വെളിപ്പെടുത്തിയിട്ടില്ല. ബിഷപ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയ സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ടു വ്യക്തത വരുത്താനായി നിയമോപദേശം തേടിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെയോടെ ഇതിനു മറുപടി ലഭിക്കുമെന്നാണു പ്രതീക്ഷയെന്നും എസ്‌പി പറഞ്ഞു.

ചോദ്യം ചെയ്യലിൽ ബിഷപ്പിന് താളം തെറ്റിയതായാണ് സൂചന. നിരവധി പൊരുത്തക്കേടുകളും പൊലീസ് കണ്ടെത്തി. ഈ സാഹചര്യത്തിൽ ഉടൻ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമുണ്ട്. ഇതിനൊപ്പം ചോദ്യം ചെയ്ത ശേഷം ബിഷപ്പിനെ വിട്ടയ്ക്കുന്നതും തന്ത്രങ്ങളൊരുക്കാൻ വേണ്ടിയാണ്. എന്നാൽ ആദ്യ ദിവസത്തിലേതിനേക്കാൾ ദുർബലനായിരുന്നു ഇന്നലെ ബിഷപ്പ്. അതുകൊണ്ട് തന്നെ ഇന്നും നിരവധി വൈരുദ്ധ്യങ്ങൾ ബിഷപ്പ് പറയുമെന്ന് തന്നെയാണ് പൊലീസിന്റെ പ്രതീക്ഷ. ഇതിനിടെയിലും ബിഷപ്പിനെ രക്ഷിക്കാൻ നീക്കം സജീവമാണ്. പഠിച്ച മൊഴികളുമായി ബിഷപ്പ് ഇന്നും ചോദ്യം ചെയ്യലിനെത്തും. വെള്ളിയാഴ്ച രാവിലെ 10.30ന് ഹാജരാകാനാണു ബിഷപ്പിനോട് ആവശ്യപ്പെട്ടിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

ചോദ്യംചെയ്യൽ വ്യാഴാഴ്ച പൂർത്തിയാക്കണമെന്നാണു നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാൽ, വൈകിട്ട് 7.30 ആയിട്ടും തീർന്നില്ല. ചില മൊഴികളുമായി ബന്ധപ്പെട്ടു കൂടുതൽ പരിശോധനകൾ ആവശ്യമാണ്. രാത്രി മൂന്നു സംഘങ്ങളായി തിരിഞ്ഞു മൊഴികൾ വിശദമായി പരിശോധിക്കും. ഈ സാഹചര്യത്തിലാണു ചോദ്യംചെയ്യൽ നീട്ടിയത്. ഏതു വിഷയത്തിലാണു കൂടുതൽ വ്യക്തത വരുത്തേണ്ടതെന്ന കാര്യം അന്വേഷണത്തിന്റെ ഭാഗമായതിനാൽ വെളിപ്പെടുത്താനാകില്ലെന്നും എസ് പി പറയുന്നു.

മൊഴികളുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പങ്ങളില്ല. പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞ കാര്യങ്ങൾ ബിഷപ് സമ്മതിക്കാത്തതാണോ ചോദ്യംചെയ്യൽ നീളാൻ കാരണമെന്ന ചോദ്യത്തിന്, അന്വേഷണത്തിന് അകത്തുള്ള കാര്യങ്ങൾ വെളിപ്പെടുത്താനാകില്ലെന്ന് എസ്‌പി പറഞ്ഞു.

നേരത്തേ അറിയാവുന്ന കാര്യങ്ങളാണു ചോദ്യം ചെയ്യലിൽ ബിഷപ് കൂടുതലും പറഞ്ഞത്. 10 ശതമാനത്തോളം കാര്യങ്ങളിൽ മാത്രമാണു കൂടുതൽ വ്യക്തത വേണ്ടത്.