കൊച്ചി: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റക്കാരനാണെന്ന് വ്യക്തമാക്കി കോട്ടയം എസ്‌പി. കന്യാസ്ത്രീയുടെ പരാതി ലഭിച്ച് 86ാം ദിവസമാണ് ആരോപണം സത്യമാണെന്ന് കേരളാ പൊലീസ് അടിവരയിട്ട് വ്യക്തമാക്കുന്നത്. ഇന്ന് അറസ്റ്റ് ഉണ്ടാക്കുമെന്നും എന്നാൽ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലെന്നും എസ്‌പി മാധ്യമങ്ങളോട് പറഞ്ഞു. കുറ്റം ചെയ്‌തെന്ന് ബോധ്യപ്പെട്ടതിനാലാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു. ലൈംഗികശേഷി പരിശോധന ഉൾപ്പടെ നടത്തും. പ്രതി കുറ്റം സമ്മതിച്ചോയെന്ന് ഇപ്പോൾ പറയാൻ കഴിയില്ല. ബലാത്സംഗക്കുറ്റം സംശയാതീതമായി തെളിഞ്ഞു. കന്യാസ്ത്രീയുടെ പരാതി ശരിയെന്നും എസ്‌പി പറഞ്ഞു.

തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് എസ്‌പി ഓഫിസിൽ രണ്ടു ദിവസവും ഏഴ് മണിക്കൂറും നീണ്ട വിശദമായ ചോദ്യം ചെയ്യലിന് ശേഷം വൈകീട്ട് ആറു മണിയോടെ അറസ്റ്റ് രേഖപ്പെടുത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ പൊലീസ് ഇത് നിഷേധിക്കുകയായിരുന്നു. അതേസമയം ഇന്നു തന്നെ അറസ്റ്റു ചെയ്യുമെന്നാണ് പൊലീസ് പറയുന്നത്. അറസ്റ്റ് ചെയ്തതിന് ശേഷം ബിഷപ്പിനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനക്കായി കൊണ്ടു പോകും. നാളെ പാല കോടതി മുമ്പാകെ ഹാജരാക്കാനാണ് സാധ്യത കൂടുതൽ.

കൂടുതൽ ചോദ്യം ചെയ്യുന്നതിനും പീഡനം നടന്ന സ്ഥലങ്ങളിൽ തെളിവെടുക്കുന്നതിനും വേണ്ടി ബിഷപ്പിനെ രണ്ട് ദിവസം കസ്റ്റഡിയിൽ ലഭിക്കാനായി അന്വേഷണസംഘം അപേക്ഷ നൽകുമെന്നാണ് വിവരം. അതേസമയം ചോദ്യം ചെയ്യൽ നടപടി പൂർത്തിയാക്കിയ ശേഷം ബിഷപ്പ് ഇപ്പോഴു തൃപ്പൂണിത്തുറയിലെ ഹൈടെക് ഇന്ററോഗേഷൻ സെന്ററിലാണ് തങ്ങുന്നത്. നേരത്തെ ബിഷപ്പിന്റെ അറസ്റ്റ് സ്ഥിരീകരിക്കാതെയാണ് ഐജി ചോദ്യംചെയ്യൽ കേന്ദ്രത്തിൽ നിന്ന് പുറത്തേക്ക് പോയത്. അറസ്റ്റിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കി. റിമാൻഡ് റിപ്പോർട്ട് ഉൾപ്പെടെ രേഖകൾ തയ്യാറാക്കി. അറസ്റ്റ് വിവരം അറിഞ്ഞിട്ടില്ലെന്ന് ബിഷപ്പിന്റെ അഭിഭാഷകരും പറഞ്ഞു.

ആശയക്കുഴപ്പത്തിനൊടുവിൽ ഔദ്യോഗികപ്രഖ്യാപനം രാത്രിയെന്ന് ഡിജിപിയുടെ ഓഫീസ് വിശദീകരിച്ചു. വിവരങ്ങൾ കോട്ടയം എസ്‌പി മാധ്യമങ്ങളെ അറിയിക്കുമെന്നും അവർ പറഞ്ഞു. മൊഴികൾ വസ്തുതാപരമല്ലെന്ന് പൊലീസ് അന്വേഷണത്തിൽ ബോധ്യപ്പെട്ടതോടെയാണ് അറസ്റ്റിന് വഴിതുറന്നത്. ഇതിനിടെ അറസ്റ്റ് പ്രഖ്യാപിക്കാതെ പിന്നോട്ടില്ലെന്ന് സമരക്കാർ പറഞ്ഞു. ഓദ്യോഗികപ്രഖ്യാപനം വരുംവരെ സമരം തുടരുമെന്ന് സമരസമിതി വ്യക്തമാക്കി. ഈ ഭരണകൂടത്തെ വിശ്വസിക്കാനാവില്ല, ക്ഷമയോടെ കാത്തിരിക്കുമെന്നും അവർ പറഞ്ഞു.

വെള്ളിയാഴ്ച രാവിലെ ഐജി വിജയ് സാഖറേയുടെ ഓഫീസിൽ എസ്‌പി ഹരിശങ്കർ നടത്തിയ രണ്ട് മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ ബിഷപ്പിന്റെ മൊഴികൾ വിശദമായി വിലയിരുത്തിയിരുന്നു. ഇതോടെ തന്നെ അറസ്റ്റിലേക്ക് നീങ്ങുമെന്ന വിവരം വ്യക്തമായിരുന്നു. ഐജിയിൽ നിന്ന് വാങ്ങിയാണ് എസ്‌പി ചോദ്യം ചെയ്യൽ നടക്കുന്ന തൃപ്പൂണിത്തുറയിലെ ഹൈടെക് സെല്ല് ഓഫീസിലേക്ക് പുറപ്പെട്ടത്. ബിഷപ്പിനെതിരെ ശക്തമായ തെളിവുകൾ ശേഖരിച്ച സ്ഥിതിക്ക് അറസ്റ്റിലേക്ക് കടക്കാം എന്ന നിഗമനത്തിൽ പൊലീസ് എത്തിച്ചേരുകയായിരുന്നു.

10 ശതമാനം കാര്യങ്ങളിൽ കൂടി വ്യക്തത വേണ്ടതിനാലാണ് ചോദ്യം ചെയ്യൽ മൂന്നാം ദിവസത്തിലേക്ക് നീളുന്നതെന്ന് എസ്‌പി മാധ്യമങ്ങളെ അറിയിച്ചിരുന്നു. ബിഷപ്പ് പറഞ്ഞ ചില മറുപടിയിൽ വ്യക്തത വരുത്താൻ വെള്ളിയാഴ്ച തൃപ്പൂണിത്തുറയിൽ ചോദ്യം ചെയ്യൽ നടക്കുമ്പോൾ തന്നെ സമാന്തരമായി പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴി വാകത്താനം സിഐ രേഖപ്പെടുത്തി. മൊഴികളിലെ വൈരുദ്ധ്യവും ബിഷപ്പിന്റെ വിശദീകരണവും അത് ശരിയോ തെറ്റോ എന്ന് ബോധ്യപ്പെടുന്നതിനാണ് കന്യാസ്ത്രീയുടെ മൊഴി വീണ്ടും എടുത്തത്. രാവിലെ 9.50 ന് എത്തിയ സംഘം 10.30നാണ് മൊഴിയെടുപ്പ് പൂർത്തിയാക്കി മടങ്ങിയത്.

അതേസമയം ബലാൽസംഗ കുറ്റം നിഷേധിച്ച ഫ്രോങ്കോ മഠത്തിലെ ആഭ്യന്തര അധികാര തർക്കമാണ് ആരോപണങ്ങൾക്കു പിന്നിലെന്ന മുൻ നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു. എന്നാൽ പൊലീസിന് നേരത്തെ ലഭിച്ച തെളിവുകളുമായി പൊരുത്തപ്പെടുന്ന ചില വിവരങ്ങളും ബിഷപ്പിൽ നിന്ന് ലഭിച്ചതോടെയാണ് അറസ്റ്റിലേക്ക് കടന്നത്. നിയമതടസ്സമില്ല എന്ന് തന്നെയാണ് നിയമോപദേശവും കിട്ടിയിരിക്കുന്നത്. പിന്നേയും വൈകുന്നത് ശരിയല്ലെന്ന അഭിപ്രയാം അന്വേഷണ സംഘത്തിനുണ്ട്. ഫ്രാങ്കോ മുളയ്ക്കലിന് കൂടുതൽ കുരുക്കായത് 2014 മെയ് അഞ്ചിന് രാത്രിയിലും അടുത്ത ദിവസങ്ങളിലും നടന്ന സംഭവങ്ങളെക്കുറിച്ചുള്ള പൊലീസിന്റെ ചോദ്യങ്ങൾ കുടുക്കിയിരുന്നു. ബിഷപ്പിന്റെ മറുപടികളിലേറെയും ദുർബലമോ കള്ളമോ ആണെന്നും ചോദ്യംചെയ്യലിൽ വ്യക്തമായി. ലഭ്യമായ തെളിവുകളും മൊഴികളിലേറെയും ബിഷപ്പിനെതിരാണ്. പ്രതിയുടെ മൊഴികളിലെ വൈരുധ്യവും ചോദ്യംചെയ്യലിൽ വ്യക്തമായി.