കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ആരോപണ വിധേയനായ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യണം എന്നാവശ്യപ്പെട്ട് കന്യാസ്ത്രീകൾ തെരുവിൽ ഇറങ്ങിയതോടെ സർക്കാറും നിലപാട് മാറ്റിയേക്കും. സമരത്തിന് പിന്തുണയുമായി ജസ്റ്റിസ് കമാൽപാഷയെയും പി ടി തോമസിനെയും പോലുള്ളവർ രംഗത്തെത്തിയതോടെ സർക്കാറും ഈ വിഷയത്തിൽ പ്രതിരോധത്തിലായി. നാനാതുറയിൽ പെട്ടവരാണ് കൊച്ചി ഹൈക്കോടതി ജംഗ്ഷനിലുള്ള സമരപന്തലിലേക്ക് എത്തുന്നത്.

നൂറുകണക്കിനാളുകൾ ഇന്നലെ സമരപ്പന്തലിലെത്തി. സഭയിൽനിന്നും സർക്കാരിൽനിന്നും നീതി ലഭിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണു പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹപ്രവർത്തകരായ കുറവിലങ്ങാട് അഞ്ച് കന്യാസ്ത്രീകൾ ഹൈക്കോടതി ജംങ്ഷനിലെ വഞ്ചി സ്‌ക്വയറിലാണ് സമരം ആരംഭിച്ചത്. ജോയിന്റ് ക്രിസ്ത്യൻ കൗൺസിലിന്റെ നേതൃത്വത്തിൽ തുടങ്ങിയ സമരപന്തലിലേക്ക് ഇവരും എത്തുകയായിരുന്നു.

ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതുവരെ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് കന്യാസ്ത്രീകൾ വ്യക്തമാക്കിയതോടെ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ള പ്രശസ്തരുൾപ്പെടെ സമരപ്പന്തലിലെത്തി. സമരം ആരംഭിച്ചപ്പോൾ ജോയിന്റ് ക്രിസ്ത്യൻ കൗൺസിലിന്റെ ഭാരവാഹികളും കന്യാസ്ത്രീകളും കുടുംബാംഗങ്ങളും മാത്രമാണുണ്ടായിരുന്നത്. എന്നാൽ ഇന്നലെ രാവിലെ തന്നെ സ്ഥിതിഗതികൾ മാറിത്തുടങ്ങി.

ഒരു വിഭാഗം ക്രൈസ്തവ സംഘടനാപ്രവർത്തകരും രാഷ്ട്രീയ, സാംസ്‌കാരിക സാമൂഹിക പ്രവർത്തകരുമാണ് പിന്തുണയുമായി ആദ്യമെത്തിയത്. പിന്നാലെ നൂറുകണക്കിനാളുകളും. കന്യാസ്ത്രീക്കെതിരേ മോശം പരാമർശം നടത്തിയെന്നാരോപിച്ച് പി.സി. ജോർജ് എംഎ‍ൽഎയുടെ കോലം സമരക്കാർ കത്തിച്ചു. പി.സി. ജോർജിനെതിരേ നിയമനടപടിക്കു പോകുമെന്ന് കന്യാസ്ത്രീയുടെ കുടുംബം നേരത്തെ വ്യക്തമാക്കിയിരുന്നു.

വരുംദിവസങ്ങളിൽ സമരം കൂടുതൽ ശക്തിപ്പെടുമെന്നാണ് സൂചന. കൊച്ചിയിൽ നടക്കുന്ന സമരം മറ്റു സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കും. കുറവിലങ്ങാട് മഠത്തിൽനിന്നം കഴിഞ്ഞ ദിവസം സമരത്തിനെത്തിയ അഞ്ച് കന്യാസ്ത്രീകളിൽ നാലുപേരും ഇന്നലെയും സമരത്തിനെത്തിയിരുന്നു. ഹർത്താലായതിനാൽ കന്യാസ്ത്രീകൾ ഇന്നു സമരത്തിനെത്തില്ലെന്ന് അറിയിച്ചിട്ടുണ്ട്. ചൊവ്വാഴ്‌ച്ച മുതൽ കൂടുതൽ പേർ സമരത്തിനെത്തുമെന്നാണു സൂചന. ഫാ. പോൾ തേലക്കാട്ട്, ജസ്റ്റിസ് കെമാൽപാഷ, പി.ടി. തോമസ് എംഎ‍ൽഎ എന്നിവർ ഇന്നലെ സമരത്തിനു പിന്തുണയുമായെത്തി.

അതിനിടെ സമരം തെരുവിലേക്ക് എത്തിയതോടെ പീഡനക്കേസിൽ അന്വേഷണ സംഘം വിപുലീകരിക്കാൻ തീരുമാനിച്ചു. രണ്ട് സിഐമാരെയും ഒരു എസ്‌ഐയേയും ഉൾപ്പെടുത്തിയാണ് സംഘം വിപുലീകരിക്കുന്നത്. ചൊവ്വാഴ്ച അന്വേഷണ സംഘത്തിന്റെ യോഗം ഐ.ജി വിളിച്ചു ചേർക്കാനും തീരുമാനിച്ചു. കേസിൽ ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതിനെതിരെ വിമർശനം വ്യാപകമായതിന് പിന്നാലെ കൊച്ചിയിൽ കന്യാസ്ത്രീകൾ സമരം തുടങ്ങിയിരുന്നു. ഇതാണ് അന്വേഷണ സംഘം വിപുലീകരിക്കാൻ കാരണം. നേരത്തെ വൈക്കം ഡി.വൈ.എസ്‌പിക്ക് മാത്രമാണ് അന്വേഷണ ചുമതല ഉണ്ടായിരുന്നത്. ഇതാണ് അന്വേഷണ സംഘമായി വിപുലീകരിച്ചിരിക്കുന്നത്.

കടുത്തുരുത്തി, വാകത്താനം സിഐമാരെയും ഒരു എസ്‌ഐയേയുമാണ് സംഘത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടുതൽ മൊഴിയെടുക്കൽ ആവശ്യമായതിനാൽ കാലതാമസം ഒഴിവാക്കാനാണ് അന്വേഷണ സംഘം വിപുലീകരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. കോട്ടയത്ത് വച്ച് ഐ.ജിയുടെ നേതൃത്വത്തിൽ അന്വേഷണ സംഘം യോഗം ചേരും. അന്വേഷണ സംഘത്തിന്റെ യോഗത്തിൽ അറസ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനം എടുക്കും.

അതിനിടെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി കേസ് അട്ടിമറിക്കാൻ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയും കൊച്ചി റേഞ്ച് ഐ.ജി. വിജയ് സാക്കറെയും ശ്രമിക്കുന്നതായി കന്യാസ്ത്രീകൾ തുറന്നടിച്ചു. ഇവരുടെ അനുമതി ഇല്ലാത്തതിനാലാണ് അന്വേഷണ ഉദ്യോഗസ്ഥന് ഫ്രാങ്കോയുടെ അറസ്റ്റിലേക്ക് നീങ്ങാനാവാത്തത്. അന്വേഷണത്തിൽ വിശ്വാസമുണ്ട്. തെളിവുകൾ ശേഖരിച്ച ശേഷം മറ്റൊരു ഏജൻസിക്ക് കേസ് കൈമാറുന്നത് അട്ടിമറിക്കാനാണ്. പുതിയ ഏജൻസി വീണ്ടും മൊഴിയെടുക്കും. പാവം സഹോദരിയെ ഇനിയും പീഡിപ്പിക്കണോയെന്നും കന്യാസ്ത്രീകൾ ചോദിച്ചു. അട്ടിമറി നീക്കത്തിനെതിരെ കന്യാസ്ത്രീയുടെ കുടുംബം ഇന്ന് ഹൈക്കോടതിയെ സമീപിക്കും. പീഡനത്തിനിരയായ കന്യാസ്ത്രീയെ അവഹേളിച്ച് സംസാരിച്ച പി.സി. ജോർജിനെതിരെയും കോടതിയെ സമീപിക്കും.

ഫ്രാങ്കോയുടെ അറസ്റ്റ് അനിവാര്യമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈ.എസ്‌പി കെ. സുഭാഷ് ഉറച്ചു നിൽക്കുമ്പോഴാണ് ക്രൈംബ്രാഞ്ചിന് കൈമാറാനുള്ള ഗൂഢനീക്കം. ഇത് വിവാദമായതോടെ കേസ് ക്രൈംബാഞ്ചിന് വിടാൻ തീരുമാനിച്ചിട്ടില്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. ഡിവൈ.എസ്‌പിക്ക് ഭാരിച്ച ഉത്തരവാദിത്വമുള്ളതിനാൽ ഒരു കേസുമായി മാത്രം കഴിയാനാവില്ലെന്നാണ് കേസ് ക്രൈംബ്രാഞ്ചിന് വിടുന്നതിന് പറയുന്ന ന്യായം. കോട്ടയം പൊലീസ് മേധാവി ഹരിശങ്കറുമായി കേസ് കൈമാറുന്നതിനെക്കുറിച്ച് ഡി.ജി.പി ചർച്ച നടത്തിയിരുന്നു. അന്വേഷണം ശരിയായ ഘട്ടത്തിലാണെന്നും മൊഴികളിലെ വൈരുദ്ധ്യം പരിശോധിക്കുകയാണെന്നും എസ്‌പി അറിയിച്ചു. എന്നാൽ, തെളിവുകളുള്ളതിനാൽ ഫ്രാങ്കോയുടെ അറസ്റ്റ് വൈകിക്കരുതെന്നാണ് ഡിവൈ.എസ്‌പിയുടെ വാദം. ഈ നീക്കം ഐ.ജി. വിജയ് സാക്കറെയാണ് തടഞ്ഞത്.