കൊച്ചി: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കനെ അറസ്റ്റു ചെയ്യാതെ സംരക്ഷിക്കുന്നത് പിണറായി വിജയൻ സർക്കാറിന്റെ വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായാണെന്ന വിമർശനം ഉയർന്നു കഴിഞ്ഞു. കന്യാസ്ത്രീകൾ തെരുവിൽ ഇറങ്ങിയതോടെ എല്ലാം കൈവിട്ടു പോകുമെന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇതിനിടെ ഫ്രാങ്കോയ്ക്ക് കവചം ഒരുക്കുന്നത് രണ്ട് മെത്രാന്മാർ തന്നെയാണെന്ന ആക്ഷേപവും ശക്തമായി. പിണറായി വിജയനുമായി അടുപ്പമുള്ള ഒരു മെത്രാനാണ് ബിഷപ്പിനെ അറസ്റ്റു ചെയ്യില്ലെന്ന ഉറപ്പു നൽകിയതെന്നാണ് സൂചന. ഈ ബലത്തിലാണ് മുൻകൂർ ജാമ്യത്തിന് പോലും ശ്രമിക്കാതെ ഫ്രാങ്കോ വിലസി നടന്നത്.

കന്യാസ്ത്രീയുടെ പരാതിയിൽ മെത്രാനെ അറസ്റ്റു ചെയ്യാൻ സാധിക്കുന്ന അവസ്ഥയുണ്ടായിരുന്നു. അന്വേഷണ സംഘം ജലന്ധറിൽ എത്തിയതും അറസ്റ്റു ചെയ്യാമെന്ന വിലയിരുത്തലോടെ ആയിരുന്നു. എന്നാൽ, ഈ സമയത്ത് തന്നെ ഉന്നത സമ്മർദ്ദത്തോടെ അറസ്റ്റ് പാടില്ലെന്ന കർശന നിർദ്ദേശം എത്തി. ഈ നിർദ്ദേശത്തിന് പിന്നിൽ മുഖ്യമന്ത്രിയുമായി അടുപ്പമുള്ള മെത്രാനാണെന്നാണ് ആക്ഷേപം. ഇതിനിടെ സഭയ്ക്കുള്ളിൽ നിന്നും കലാപക്കൊടി ഉയർന്നിട്ടും ഫ്രാങ്കോ പിടിച്ചു നിൽക്കുന്നതിന് കാരണം വത്തിക്കാനിലുള്ള സ്വാധീനമാണെന്നും റിപ്പോർട്ടുകളുണ്ട്. ലത്തീൻ സഭാ ബിഷപ്പുമാരുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന കർദിനാളുമായി ഫ്രാങ്കോയ്ക്ക് നല്ല ബന്ധമുണ്ട്. അതുകൊണ്ട് തന്നെ ബിഷപ്പിനെതിരായ ആരോപണങ്ങളും വിശ്വാസികളും കന്യാസ്ത്രീയും അയച്ച പരാതിയും പോപ്പിന്റെ പക്കൽ എത്താതിരിക്കാൻ ഇടപെടൽ ഉണ്ടായെന്നുമുള്ള സൂചനയാണ് പുറത്തുവരുന്നത്.

ഇന്ത്യയിൽ സംഭവിച്ച വിവാദത്തെക്കുറിച്ച് മാർപാപ്പയെ ധരിപ്പിക്കേണ്ടത് ഈ കർദിനാളാണ്. ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധി അപ്പോസ്തലിക് നുൺഷ്യൊ മാർപാപ്പയുമായി ബന്ധപ്പെടുന്നതും ഇതേയാൾ വഴിയാണ്. അതിനാൽ മാർപാപ്പയ്ക്ക് മുന്നിൽ ഈ വിഷയം എത്തിയിട്ടുണ്ടോ എന്നുപോലും സംശയിക്കണമെന്ന് ഉന്നത സഭാകേന്ദ്രങ്ങൾ പറയുന്നു. ഫ്രാങ്കോയ്ക്കെതിരേ കന്യാസ്ത്രീകൾ തെരുവിലിറങ്ങിയിട്ടും നടപടിയുണ്ടാകാത്തതാണ് സംശയങ്ങൾക്ക് കാരണം. ഇപ്പോൾ ഈ വിഷയം അന്തർദേശിയ മാധ്യമങ്ങളിൽ അടക്കം വാർത്തയാകുന്നതോടെ വിഷയം വത്തിക്കാന്റെയും പോപ്പിന്റെയും ശ്രദ്ധയിൽ എത്തുമെന്നാണ് അറിയുന്നത്.

അന്വേഷണം കഴിയുന്നതുവരെ മാറിനിൽക്കാൻ ഫ്രാങ്കോയോട് പറഞ്ഞിരുന്നെങ്കിൽ വിഷയം ഇത്ര വലുതാകില്ലായിരുന്നു. അപ്പോസ്തലിക് നുൺഷ്യോ ജിയംബാറ്റിസ്റ്റ ഡിക്വാത്രോയോ സി.ബി.സിഐ. പ്രസിഡന്റ് ഓസ്വാൾഡ് ഗ്രേഷ്യസോ മാർപാപ്പയെ നേരിട്ട് വിവരങ്ങൾ ധരിപ്പിച്ചിട്ടേേുണ്ടായെന്ന് സംശയമാണ്. മാർപാപ്പയെ ഉപദേശിക്കുന്ന ഒമ്പതംഗ കർദിനാൾ സംഘത്തിലെ അംഗമാണ് ഓസ്വാൾഡ് ഗ്രേഷ്യസ്.

ബിഷപ്പിനെതിരേ ബലാത്സംഗക്കുറ്റമാരോപിച്ചത് കന്യാസ്ത്രീയായിട്ടും സഭ ഇക്കാര്യത്തിൽ ഇരട്ടത്താപ്പ് കാട്ടുകയാണെന്ന് ആരോപണമുയർന്നിട്ടുണ്ട്. അതിനിടെ സഭയ്ക്കുള്ളിലെ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ ഒരു ബിഷപ്പ് രംഗത്തുള്ളപ്പോൾ തന്നെ പൊലീസ് കേസ് കൈകാര്യം ചെയ്യുന്നതിൽ സർക്കാർ വൃത്തത്തോടെ അടുത്ത മെത്രാനെയാണ് ഫ്രാങ്കോ കൂട്ടുപിടിച്ചിരിക്കുന്നത്. ഇപ്പോൾ ഫ്രാങ്കോയെ സഹായിക്കുന്ന മെത്രാനും സമാനമായ പരാതികൾ ഉയരാൻ ഇടയുണ്ടെന്ന സൂചന പുറത്തുവന്നതോടെ ഇവർ പരസ്പ്പര സഹായ സംഘമായി പ്രവർത്തിക്കുകയാണെന്നാണ് ആരോപണങ്ങൾ.

അതിനിടെ കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണയേറുന്നതെന്ന് തിരിച്ചറിവിൽ ഒത്തു തീർപ്പ് ശ്രമങ്ങളും ഒരുവശത്ത് ശക്തമായിട്ടുണ്ട്. തെരുവിൽ സമരം തുടർന്നാൽ അറസ്റ്റ് ഒഴിവാക്കാൻ ബുദ്ദിമുട്ടാകുമെന്ന് സഭയ്ക്കുള്ളിലുള്ളവരും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിനിടെ പൊലീസിന്റെ ഭാഗത്തു നിന്നും ചില നീക്കങ്ങൾ നടക്കുന്നുണ്ട്. ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ അന്വേഷണപുരോഗതി വിലയിരുത്താൻ കൊച്ചി റെയ്ഞ്ച് ഐ.ജി. വിജയ് സാഖറെയുടെ നേതൃത്വത്തിൽ ബുധനാഴ്ച കോട്ടയത്ത് യോഗം ചേരും. ബിഷപ്പിനെ അറസ്റ്റുചെയ്യുന്നതടക്കമുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനം കൈകൊള്ളുമെന്നാണ് സൂചന. ബിഷപ്പിനെതിരേ ശക്തമായ മൊഴികളും തെളിവുകളും ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

ബിഷപ്പിനെ വിളിച്ചുവരുത്തണോ ജലന്ധറിൽപോയി അറസ്റ്റുചെയ്യണോ എന്നും തീരുമാനിച്ചേക്കും. രണ്ടാംഘട്ട അന്വേഷണത്തിൽ കന്യാസ്ത്രീയുടെയും ബിഷപ്പിന്റെയും മൊഴികളിലെ വൈരുധ്യങ്ങൾ പരിഹരിച്ചെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ചോദ്യം ചെയ്യലിൽ ബിഷപ്പ് അന്വേഷണസംഘത്തോട് പറഞ്ഞ കാര്യങ്ങൾ തെറ്റാണെന്നും കണ്ടെത്തിയിട്ടുണ്ട്. കന്യാസ്ത്രീയെ നേരിട്ട് അറിയില്ലെന്നാണ് ബിഷപ്പ് അന്വേഷണസംഘത്തോട് പറഞ്ഞത്. എന്നാൽ 2014 മേയിൽ കുടുംബത്തിലെ ആദ്യ കുർബാന ചടങ്ങിൽ ബിഷപ്പ് പങ്കെടുത്തിരുന്നുവെന്നാണ് കന്യാസ്ത്രീയുടെ മൊഴി. ഇത് ശരിയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.

രണ്ടുദിവസത്തിനകം കൂടുതൽ വ്യക്തത വരുത്തി അന്വേഷണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. കേസിൽ സാക്ഷിമൊഴി നിർണായകമായതിനാലാണ് കന്യാസ്ത്രീയുടെ മൊഴി പലതവണ എടുക്കേണ്ടിവന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.