കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന ആരോപണം ഉയർന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ സംരക്ഷിക്കാനുള്ള നീക്കങ്ങൾ ഊർജ്ജിതമായി നടക്കവേ സർക്കാറിനെയും അന്വേഷണ സംഘത്തെയും സമ്മർദ്ദത്തിലാക്കി പുതിയ ശ്രമം. ഇരയായ കന്യാസ്ത്രീയുടെ സഹോദരി നാളെ മുതൽ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് നീങ്ങുകയാണ്. ഈ നീക്കം സർക്കാറിന് ശരിക്കും തലവേദന ഉണ്ടാക്കുന്നുണ്ട്. 19ാം തീയ്യതി ചോദ്യം ചെയ്യലിന് ഹാജരാകാൻ ബിഷപ്പ് ഫ്രാങ്കോ എത്തുന്നുണ്ട്. ഇതിനിടെയാണ് അന്വേഷണ സംഘത്തിന് മേൽ സമ്മർദ്ദമുയർത്തി പുതിയ നീക്കം.

കൊച്ചിയിലെ സമരപന്തലിൽ നാളെ മുതൽ സഹോദരി അനിശ്ചിത കാല നിരാഹാര സമരം അനുഷ്ടിക്കാനാണ് നീക്കം. സാമൂഹ്യപ്രവർത്തക പി ഗീതയും നിരാഹാര സമരം അനുഷ്ടിക്കും. വരും ദിവസങ്ങളിൽ കൂടുതൽ സ്ത്രീകളും നിരാഹാര സമരത്തിലേക്കാണ് നീങ്ങുന്നത്. ഇന്നും അന്വേഷണ സംഘത്തിനും ബിഷപ്പിനുമെതിരെ അവർ തുറന്നടിച്ചിരുന്നു. ബിഷപ്പിന്റെ പണത്തിന് മീതെ ഒരു പിതാവും വായ തുറക്കില്ലെന്നും പിതാക്കന്മാരുടെ ഭാഗത്ത് നിന്നുമുള്ള മൗനം വേദനിപ്പിച്ചുവെന്നും ഇവർ ഇന്ന് മറുനാടനോട് വെളിപ്പെടുത്തുകയുണ്ടായി. ഇതോടെ സഭയുടെ ഭാഗത്ത് നിന്നും സമ്മർദ്ദമുണ്ടാകാതിരിക്കാനായി ബിഷപ്പ് ഫ്രാങ്കോ സഭയ്ക്കുള്ളിലുള്ള ആളുകളെ പണമെറിഞ്ഞ് തന്നോടൊപ്പം ചേർക്കുകയാണോ എന്ന സംശയവും അവർ രേഖപ്പെടുത്തി.

'ബിഷപ്പിന്റെ പീഡനത്തേക്കാൾ വലിയ പീഡനമാണ് കത്തോലിക്കാ സഭയൽ നിന്നുമുള്ള ഓരോ പിതാക്കന്മാരുടെയും മൗനം. ഫ്രാങ്കോ മുളയ്ക്കലിന്റെ പണത്തിന് മീതേ ഒരു പിതാവും വായ് തുറക്കില്ലെന്നും പിതാക്കന്മാരുടെ മൗനം വേദനിപ്പിച്ചുവെന്നുമാണ് പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരി തുറന്ന് പറഞ്ഞത്. കൊച്ചിയിൽ കന്യാസ്ത്രീകൾ സമരം നടത്തുന്ന പന്തലിൽ വച്ചാണ് ഇവർ ഇക്കാര്യം തുറന്ന് പറഞ്ഞത്. കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന പരാതിയിന്മേലുള്ള വിവാദം കത്തി നിൽക്കേയാണ് ഇക്കാര്യത്തെ പറ്റി സിസ്റ്റർ അനുപമയും കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയത്.

അതിനിടെ കേസുമായി ബന്ധപ്പെട്ട് ഇന്ന് മറ്റൊരു നിർണായക നീക്കവും ഉണ്ടായി. ജലന്ധർ ബിഷപ്പിന്റെ ലൈംഗിക പീഡനത്തിന് ഇരയായ കന്യാസ്ത്രീ ധ്യാനത്തിന് എത്തിയിരുന്നതായി അട്ടപ്പാടി ധ്യാനകേന്ദ്രം ഡയറക്ടർ മൊഴി നൽകി. രേഖാമൂലമാണ് ഫാ. സേവ്യർ വട്ടേൽ മൊഴി നൽകിയത്. എന്നാൽ, പീഡനത്തെ കുറിച്ച് കുമ്പസാരം നടത്തിയതായി അറിയില്ലെന്നും ഡയറക്ടർ അന്വേഷണ സംഘത്തെ അറിയിച്ചു.

ഏത് വൈദികന് മുമ്പിലാണ് കന്യാസ്ത്രീ കുമ്പസാരം നടത്തിയതെന്ന് അറിയില്ലെന്നും ഡയറക്ടർ മൊഴി നൽകിയിട്ടുണ്ട്. അതേസമയം, കന്യാസ്ത്രീ വന്നതായിട്ടോ വൈദികരുമായി സംസാരിച്ചതായോ അറിയില്ലെന്ന് ധ്യാനകേന്ദ്രം വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. ഈ സാഹചര്യത്തിൽ കന്യാസ്ത്രീ ധ്യാനത്തിനെത്തിയ ദിവസങ്ങളിൽ കുമ്പസാരം നടത്തിയ 12 വൈദികരിൽ നിന്ന് മൊഴിയെടുക്കാൻ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. 12 വൈദികരുടെ പേരു വിവരങ്ങൾ കൈമാറാൻ ധ്യാന കേന്ദ്രത്തോട് സംഘം നിർദ്ദേശിച്ചു. വൈദികർക്ക് ഹാജരാകാൻ നോട്ടീസ് നൽകാനാണ് തീരുമാനം.

2016 സെപ്റ്റംബറിലാണ് പീഡനത്തിന് ഇരയായ കന്യാസ്ത്രീ അട്ടപ്പാടി സെഹിയോൻ മിനിസ്ട്രീസ് ധ്യാനകേന്ദ്രത്തിൽ എത്തിയത്. ഇവിടെ വെച്ച് നടത്തിയ കുമ്പസാരത്തിലാണ് താൻ ലൈംഗിക പീഡനത്തിന് ഇരയായെന്ന വിവരം കന്യാസ്ത്രീ ആദ്യമായി പുറത്തുവിട്ടത്. കന്യാസ്ത്രീയെ ആദ്യം പീഡിപ്പിച്ചത് സഹോദരിയുടെ മകന്റെ ആദ്യ കുർബാന ചടങ്ങിന് എത്തിയപ്പോഴാണെന്നും കുറവിലങ്ങാട്ടുള്ള മഠത്തിൽ 2014 മെയ് അഞ്ചിനാണ് പീഡനം നടന്നതെന്നും സിസ്റ്റർ അനുപമയും മൊഴി നൽകുകയുണ്ടായി. ചോദ്യം ചെയ്യലിനായി ബുധനാഴ്‌ച്ച പൊലീസിന് മുന്നിൽ ഹാജരാകുമെന്ന് ബിഷപ്പ് അറിയിച്ചിരിക്കുകയാണ്. ഇതിനായി ബിഷപ്പിന് രഹസ്യ കേന്ദ്രത്തിൽ താമസമൊരുക്കാൻ നീക്കമുണ്ടെന്നും സൂചനയുണ്ട്. മാത്രമല്ല തന്നെ എവിടെ വച്ചാണ് ചോദ്യം ചെയ്യുന്നതെന്ന കാര്യം അതീവ രഹസ്യമാക്കി വയ്ക്കണമെന്നും ബിഷപ്പ് പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലെത്തുന്ന ബിഷപ്പിനൊപ്പം സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരും ഉണ്ടാകാമെന്നും സൂചനകളുണ്ട്.

താമസ സ്ഥലം ഏതെന്നറിഞ്ഞാൽ ബിഷപ്പിനെതിരെ പ്രതിഷേധം ഉയരുമോ എന്ന ആശങ്ക നില നിൽക്കുന്നതിനാലാണ് ബിഷപ്പിനെ ചോദ്യം ചെയ്യുന്ന നടപടികൾ അതീവ രഹസ്യമാക്കി വയ്ക്കുന്നത്. കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണ ഏറുന്ന സാഹചര്യത്തിലാണ് ഇത്. ഇതിനു പിന്നാലെയാണ് ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ചതിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നത്. അന്ന് മഠത്തിലെത്തിയ ഫ്രാങ്കോയെ സ്വീകരിച്ച ശേഷം വീട്ടിലേക്ക് പോകാനായിരുന്നു കന്യാസ്ത്രീയുടെ തീരുമാനം. എന്നാൽ, ബിഷപ്പ് കന്യാസ്ത്രീയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. നാളത്തെ ചടങ്ങിൽ ഒരുമിച്ചു പോകാമെന്ന് പറഞ്ഞ് ഫ്രാങ്കോ സിസ്റ്ററിനെ നിർബന്ധപൂർവ്വം അവിടെ താമസിപ്പിച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് സിസ്റ്റർ അനുപമ പറഞ്ഞു. പിറ്റേന്ന് കാലടിയിലെ ഒരു പള്ളിയിൽ നടന്ന കുർബാനയിൽ പങ്കെടുക്കാനായി കന്യാസ്ത്രീ ഫ്രാങ്കോയ്ക്കൊപ്പം പോകാൻ നിർബന്ധിതയായിയെന്നും വിശദീകരിക്കുന്നു.

ബിഷപ്പിനെതിരെയുള്ള സമരത്തിൽ തങ്ങൾക്കെതിരെ മിഷനറീസ് ഓഫ് ജീസസ്സ നടപടിയെടുത്താൽ എന്തു ചെയ്യുമെന്ന ചോദ്യത്തിന് സിസ്റ്റർ അനുപമയുടെ മറുപടിയും ശ്രദ്ധേയമായിരുന്നു. പരുറത്താക്കാൻ പറ്റില്ലെന്നും ആകെയുണ്ടായിരുന്ന സ്വത്ത് വരെ സഭയ്ക്ക് എഴുതി നൽകിയട്ടുണ്ട്. ഇനി ശിക്ഷാ നടപടികളുമായി മുന്നോട്ട് പോകുകയേ സഭയ്ക്ക് രക്ഷയുള്ളൂ. ഞങ്ങളുടെ പോരാട്ടം നീതി ലഭിക്കുന്നതിന് വേണ്ടിയാണ്. അതിനാൽ പേടിയില്ല. മനസുമടുത്ത് പുറത്തു പോകേണ്ടി വന്നാലോ എന്ന് ചോദിച്ചാൽ അതിനും ഉണ്ട് ഉത്തരം. ഭയമൊന്നുമില്ല. പുറത്തു പോകുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. നടപടികൾ വരുമ്പോൾ എന്തു വേണമെന്ന് തീരുമാനിക്കുമെന്ന് പറയുന്നു. കന്യാസ്ത്രീയെ പീഡിപ്പിച്ച ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റിന് വേണ്ടി പോരാട്ടം നടത്തുന്ന സിസ്റ്റർ അനുപമയുടെ വാക്കുകളാണ് ഇത്.

സ്വന്തം അമ്മ പീഡനത്തിനിരയായാൽ മക്കൾക്ക് നോക്കി നിൽക്കാന് കഴിയുമോ. ജീവിതത്തിൽ അത്തരമൊരു അനുഭവത്തിന് മുന്നിൽ നിൽക്കുമ്പോഴേ വേദന മനസിലാകൂ. ദിവസവും തുളുമ്പി വീഴുന്ന അമ്മയുടെ കണ്ണീരൊപ്പുന്ന ഞങ്ങൾക്ക് നീതിക്കായി തെരുവിലേക്കിറങ്ങേണ്ടി വന്നു. സഭാധികൃതർ തെരുവിലേക്ക് ഇറക്കി വിട്ടുവെന്നതാണ് സത്യമെന്ന് അനുപമ പറയുന്നു. പീഡനത്തിന് ഇരയായ കന്യാസത്രീയെ അനുപമയും സഹപ്രവർത്തകരും അമ്മയെന്നാണ് വിളിക്കുന്നത്. അതുകൊണ്ട് കൂടിയാണ് അവരുടെ പീഡനത്തിൽ അതിശക്തമായ നിലപാട് അനുപമയും കൂട്ടുകാരും എടുത്തത്.