- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കന്യാസ്ത്രീയെ പി സി ജോർജ് അധിക്ഷേപിച്ചത് വേശ്യയെന്ന് വിളിച്ച്;നോട്ടീസ് അയച്ച ദേശീയ വനിതാ കമ്മീഷനെയും പരിഹസിച്ചു; കുറ്റവിമുക്തനായ ഫ്രാങ്കോ മുളക്കൽ നന്ദി അറിയിക്കാൻ നേരിട്ട് വീട്ടിലെത്തി; സ്വീകരിച്ചത് ബിഷപ്പിന്റെ കൈമുത്തി; കേസിൽ വാദി ഭാഗം മുഴുവൻ ബ്ലാക്ക് മാസിന്റെ ഭാഗമെന്നും പി സി ജോർജ്
കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ കഴിഞ്ഞ ദിവസം കോടതി കുറ്റമുക്തനാക്കിയ ജലന്ധർ ബിഷപ് ഫ്രാങ്കോ മുളക്കൽ മുൻ പൂഞ്ഞാർ എംഎൽഎ പി.സി ജോർജിനെ നേരിട്ടു കണ്ട് നന്ദി അറിയിക്കാൻ അദ്ദേഹത്തിന്റെ വീട്ടിലെത്തി സന്ദർശിച്ചു. തൃശൂരിൽനിന്നാണ് ശനിയാഴ്ച രാവിലെ ഈരാറ്റുപേട്ടയിലെ പി.സി ജോർജിന്റെ വസതിയിൽ ഫ്രാങ്കോ എത്തിയത്.
ഫ്രാങ്കോയുടെ കൈകൾ മുത്തി ഭാര്യയും ജോർജും അദ്ദേഹത്തെ സ്വീകരിച്ചു. കേസിന്റെ നാൾവഴികളിൽ തന്നെ പിന്തുണച്ചതിനുള്ള നന്ദിയും പിന്തുണയും അറിയിക്കാനാണ് ഫ്രാങ്കോ എത്തിയത്. സഹായിച്ച എല്ലാവരോടും നന്ദിയുണ്ടെന്ന് ബിഷപ് ഫ്രാങ്കോ പ്രതികരിച്ചു. പരാതി നൽകിയ കന്യാസ്ത്രീക്കെതിരെ കേട്ടാൽ അറക്കുന്ന ഭാഷയിൽ പ്രതികരണവുമായി പി.സി ജോർജ് പ്രതികരിച്ചിരുന്നു.
ഫ്രാങ്കോ മുളയ്ക്കലിന്റെ സന്ദർശനത്തിന് പിന്നാലെ കേസിലെ വാദി ഭാഗത്തിനെതിരെ കടുത്ത വിമർശനവുമായി പി സി ജോർജ് രംഗത്തെത്തി. ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസിന്റെ വാദിഭാഗം മുഴുവൻ ബ്ലാക്ക് മാസിന്റെ ഭാഗമാണ്. എഐജി ഹരിശങ്കർ ജഡ്ജിയെ അപമാനിക്കുന്ന രീതിയിലാണ് വിധി വന്നതിന് പിന്നാലെ സംസാരിച്ചത്. അയാൾക്ക് എന്താണ് ഈ വിഷയത്തിൽ ഇത്ര ആവേശമെന്നും പി സി ജോർജ് ചോദിച്ചു.
കന്യാസ്ത്രീ മഠത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ മദ്യപിക്കുന്നത് താൻ കണ്ടതാണ്. കുടിച്ചു കൂത്താടിയ അവരെ താൻ ആണ് ഓടിച്ചുവിട്ടതെന്നും പി സി ജോർജ് അവകാശപ്പെട്ടു. ഈരാറ്റുപോട്ടയിലെത്തിയ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ അരുവിത്തുറ പള്ളിയിൽ സന്ദർശനം നടത്തി.
ഭരണങ്ങാനം അൽഫോൻസാമ്മയുടെ ഖബറിടത്തിലും ബിഷപ്പ് സന്ദർശനം നടത്തി. ബിഷപ്പ് കുറ്റം ചെയ്‌തെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് നിരീക്ഷിച്ചാണ് കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി വെറുതെ വിട്ടത്.
ഫ്രാങ്കോ ജയിലിൽ കഴിഞ്ഞ കാലത്ത് ഇപ്പോൾ ഇടതുപക്ഷത്തുള്ള ജോസ് കെ. മാണി അടക്കമുള്ള കൃസ്ത്യൻ രാഷ്ട്രീയ നേതാക്കൾ ജയിലിൽ എത്തി ബിഷപ്പിന് പിന്തുണ അറിയിച്ചിരുന്നു. ഈ ഫോട്ടോ സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ച ചെയ്യപ്പെടുകയാണ്. രൂക്ഷ വിമർശനങ്ങളാണ് വിഷയത്തിൽ ജോസ് കെ മാണിയ്‌ക്കെതിരെ ഉയരുന്നത്.
പരാതി നൽകിയ കന്യാസ്ത്രീക്കെതിരെയുള്ള പിസിയുടെ പ്രതികരണം ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. കന്യാസ്ത്രീയെ അപമാനിച്ച പി സി ജോർജിന് ദേശീയ വനിതാ കമ്മീഷൻ നോട്ടീസ് അയയ്ക്കുകയും നേരിട്ട് ഹാജരാകാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ വനിതാ കമ്മീഷന് എതിരെയും കടുത്ത വിമർശനമാണ് വാർത്താ സമ്മേളനത്തിൽ പി സി ജോർജ് ഉന്നയിച്ചത്.
വിഷയത്തിൽ ഇര കന്യാസ്ത്രീയാണോ, അതോ ബിഷപ്പ് ആണോ എന്നായിരുന്നു. പി സി ജോർജ് പറഞ്ഞത്. ചില അപഥ സഞ്ചാരിണികളാ സ്ത്രീകൾക്ക് അനുകൂലമായി നിയമങ്ങളെ മുതലെടുക്കാൻ ശ്രമം നടക്കുകയാണ്. ഇതിനെതിരെ പ്രതികരിക്കേണ്ടത് പൊതുപ്രവർത്തകൻ എന്ന നിലയിൽ തന്റെ ഉത്തരവാദിത്തമാണ് എന്നായിരുന്നു പി സി ജോർജ് അന്ന് പ്രതികരിച്ചത്. സഭയെ അവഹേളിക്കുന്നവരുടെ പിന്തുണയോടെയാണ് സമരം നടത്തുന്നതെന്നും ആരോപിച്ചിരുന്നു. കന്യാസ്ത്രീയുടെ കുടുംബത്തിന് ഉണ്ടായ സാമ്പത്തിക ഉയർച്ചയുടെ ഉറവിടം അന്വേഷിക്കണമെന്നും പി സി ജോർജ് ആവശ്യപ്പെട്ടിരുന്നു.
സമീപകാലത്ത് സമാനതകളില്ലാതെ കേരളം ചർച്ച ചെയ്ത സംഭവമായിരുന്നു ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീയുടെ ലൈംഗിക പീഡന ആരോപണം. രാജ്യത്തെ കത്തോലിക്ക സഭയെ നാണക്കേടിലെത്തിച്ച സംഭവമായിരുന്നു ഇത്. വിശ്വാസികളെ രണ്ട് തട്ടിലേക്ക് മാറ്റിയ കേസിലെ വിധി ഒടുവിൽ ഫ്രാങ്കോ മുളയ്ക്കലിന് അനുകൂലമായാണ് വന്നത്.
കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാർ ആണ് കേസിൽ ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയത്. കുറവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തിൽവെച്ച് 2014 മുതൽ 2016 വരെയുള്ള കാലയളവിൽ ഒരു കന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ 13 തവണ പീഡിപ്പിച്ചെന്നായിരുന്നു കേസ്.
ജലന്ധർ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കൽ 13 തവണ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി ഉന്നയിച്ച് മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭാംഗവും കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാൻസിസ് മിഷൻ ഹോമിലെ അന്തേവാസിയുമായ കന്യാസ്ത്രീ രംഗത്തെത്തിതോടെയാണ് സംഭവങ്ങളുടെ തുടക്കം.
2014 മുതൽ 2016 വരെയുള്ള കാലയളവിൽ തന്നെ ഫ്രാങ്കോ പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. കുറുവിലങ്ങാട് മഠത്തിൽവെച്ച് പീഡനത്തിനിരയായെന്നായിരുന്നു ആരോപണം. പ്രകൃതിവിരുദ്ധ പീഡനത്തിനിരയായെന്നും ബിഷപ്പ് ഭീഷണിപ്പെടുത്തിയെന്നും ഇവരുടെ പരാതിയിലുണ്ടായിരുന്നു. കന്യാസ്ത്രീ മദർ സുപ്പീരിയറിന് ഫ്രാങ്കോയ്ക്കെതിരെ പരാതി നൽകുന്നത് 2018 മാർച്ച് 26നാണ്.
ഇതോടെ സംഭവം ഒതുക്കി തീർക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു. ജൂൺ 2ന് കോടനാട് വികാരിയാണ് കേസിൽ ആദ്യ ഇടപെടൽ നടത്തുന്നത്. അതേസമയം ആരോപണങ്ങളിൽ ഉറച്ച് നിന്ന കന്യാസ്ത്രീ ജൂൺ 7ന് ജില്ലാ പൊലീസ് മേധാവിയായിരുന്ന ഹരിശങ്കറിന് പരാതി നൽകി. എന്നാൽ 21 ദിവസങ്ങൾക്ക് ശേഷം ജൂൺ 28 നാണ് പൊലീസ് കേസിൽ എഫ് ഐ ആർ ഇടുന്നത്. ഡി വൈ എസ് പി കെ സുഭാഷിനായിരുന്നു അന്വേഷണ ചുമതല. ജൂലൈ ഒന്നിനാണ് പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴിയെടുക്കുന്നത്. 2018 ജൂലൈ 5ന് ചങ്ങനാശ്ശേരി മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരായി പരാതിക്കാരിയായ കന്യാസ്ത്രീ രഹസ്യ മൊഴി നൽകിയിരുന്നു.
പരാതി പുറത്തുവന്നതോടെ സമാനതകളില്ലാത്ത വിദ്വേഷ പ്രചരണങ്ങളാണ് കന്യാസ്ത്രീ നേരിട്ടത്. പരാതിയിൽ നിന്ന് പിന്തിരിയാൻ സഹോദരനെ കേസിൽ കുടുക്കിയെങ്കിലും ആരോപണത്തിൽ നിന്ന് കന്യാസ്ത്രീ പിന്മാറിയില്ല. ഇതിനിടെ ജൂലൈ ഏഴിന് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ മഠത്തിലെത്തി കന്യാസ്ത്രീയെ കണ്ടതോടെ വിഷയം ദേശീയ ശ്രദ്ധയാകർഷിച്ചു.
തൊട്ടടുത്ത ദിവസം ജൂലൈ 8ന് കന്യാസ്ത്രീയുടെ ബന്ധുക്കൾ ബിഷപ്പിനെ ഭീഷണിപ്പെടുത്തിയെന്ന സാക്ഷി സിജോയുടെ മൊഴി പുറത്തുവന്നു. എന്നാൽ ഇത് വ്യാജമാണെന്ന് കണ്ടെത്തി പിന്നീട് തള്ളി. ഇതിനിടെ കന്യാസ്ത്രീ സമരവും ഉടലെടുത്തു. അനേകം സമരങ്ങൾക്ക് സാക്ഷ്യം വഹിച്ച കേരളത്തിലെ കന്യാസ്ത്രീ സമരത്തിനെതിരെ പി സി ജോർജ് അടക്കമുള്ള നേതാക്കൾ രംഗത്ത് വന്നു. എന്നാൽ സോഷ്യൽ മീഡിയ അടക്കം സമരം ഏറ്റെടുത്തതോടെ ഫ്രാങ്കോയ്ക്കെതിരായ വികാരവും ശക്തമാകുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ