- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിണറായിയുടെ 'നികൃഷ്ട ജീവി പരാമർശം' വല്ലാതെ മനോവേദനയുണ്ടാക്കിയെങ്കിലും പിൽക്കാലത്ത് എല്ലാം പൊറുത്തു; അധിക്ഷേപത്തിന് മാപ്പുകൊടുക്കുന്നതായി എഴുതിയത് 'കൃപയുടെ വഴികൾ' എന്ന ആത്മകഥയിൽ; അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയെ പ്രകോപിപ്പിച്ചത് മുൻ എംഎൽഎ മത്തായി ചാക്കോ സ്വബോധത്തോടെ അന്ത്യ കൂദാശ സ്വീകരിച്ചുവെന്ന ബിഷപ്പ് പോൾ ചിറ്റിലപ്പിള്ളിയുടെ പരാമർശം; വിട വാങ്ങിയത് വിദ്യാഭ്യാസ-സാമൂഹിക പ്രശ്നങ്ങളിൽ ഉറച്ച നിലപാടുണ്ടായിരുന്ന പുരോഹിതൻ
കോഴിക്കോട്: കമ്യൂണിസ്റ്റുകാരനായിരുന്ന മത്തായി ചാക്കോ എംഎൽഎ സ്വബോധത്തോടെ അന്ത്യ കൂദാശ സ്വീകരിച്ചുവെന്ന താമരശേരി രൂപതാ ബിഷപ്പ് മാർ പോൾ ചിറ്റിലപ്പിള്ളിയുടെ പ്രസ്താവന വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്. അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ ഏറ്റെടുത്തു. തുടർന്ന് പോൾ ചിറ്റിലപ്പള്ളിക്കെതിരെ പിണറായി വിജയൻ നടത്തിയ പരാമർശങ്ങളും വലിയ വിവാദങ്ങൾക്കാണ് കാരണമായത്.
2007 ഓക്ടോബറിലാണ് സംഭവം. സർക്കാരിനെതിരെ സ്വാശ്രയപ്രശ്നത്തിൽ കേരളത്തിലെ ക്രിസ്ത്യൻ സഭകൾ സംയുക്തമായി നടത്തിയ ന്യൂനപക്ഷ അവകാശ സംരക്ഷണസമ്മേളനത്തിലാണ് ബിഷപ്പ് ഇങ്ങനെയൊരു വിവാദ പ്രസ്താവന നടത്തിയത്. മത്തായി ചാക്കോ മരിച്ച് മാസങ്ങൾക്കു ശേഷമുള്ള വെളിപ്പെടുത്തലാണ് വലിയ വിചാരണകൾക്ക് ഇടയാക്കിയത്. പ്രസ്താവനയ്ക്ക് പിണറായി നൽകിയ മറുപടിയും വിവാദമായി. അബോധാവസ്ഥയിലായിരുന്നപ്പോഴാണ് മത്തായി ചാക്കോയ്ക്ക് അന്ത്യകൂദാശ നൽകിയതെന്നായിരുന്നു മറുവാദം. എറണാകുളം ലേക്ഷോർ ആശുപത്രിയിലെത്തി അന്ത്യകൂദാശ നൽകിയ ഫാദർ ജോസ് കോട്ടയിൽ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. മത്തായി ചാക്കോ സുബോധത്തോടെ അന്ത്യകൂദാശ സ്വീകരിച്ചു എന്നുപറയുന്നവരെ നികൃഷ്ടജീവിയായി കണക്കാക്കണമെന്ന പിണറായി വിജയന്റെ പ്രസംഗത്തെത്തുടർന്നായിരുന്നു ഫാദർ ജോസിന്റെ വെളിപ്പെടുത്തൽ.
സുബോധത്തോടെയാണ് അന്ത്യകൂദാശ സ്വീകരിച്ചതെന്ന് താമരശ്ശേരി ബിഷപ്പ് പോൾ ചിറ്റിലപ്പള്ളി പ്രസംഗിച്ചതായും പിണറായി സൂചന നൽകിയിരുന്നു. തുടർന്ന് കടുത്തഭാഷയിൽ ബിഷപ്പിനെ പിണറായി വിമർശിച്ചത് വിവാദമായി. തിരുവമ്പാടിയിൽ നടന്ന മത്തായി ചാക്കോ അനുസ്മരണ യോഗത്തിലാണ് പിണറായി ഇങ്ങനെയൊരു പരാമർശം നടത്തിയത്. 'കള്ളം പറയാത്തവരെന്ന് നാം വിശ്വസിക്കുന്ന, മത്തായി ചാക്കോ അന്ത്യകൂദാശ സ്വീകരിച്ചു എന്നു പറയുന്നവർ നികൃഷ്ടജീവികളാണെ' ന്നാണ് പിണറായി പറഞ്ഞത്. പിണറായിയുടെ പരാമർശം വന്നശേഷം ബിഷപ്പ് പറഞ്ഞത്, മത്തായി ചാക്കോ സ്വബോധത്തോടെ കൂദാശ സ്വീകരിച്ചുവെന്ന് താനൊരിക്കലും പറഞ്ഞിട്ടില്ല എന്നായിരുന്നു
മത്തായി ചാക്കോ മരിക്കുന്നതിന് മൂന്നാഴ്ചമുമ്പ് ആശുപത്രിയിലെത്തിയാണ് അന്ത്യകൂദാശ നൽകിയതെന്നും തീയതി ഓർക്കുന്നില്ലെന്നും ഫാ. ജോസ് കോട്ടയിൽ വിശദീകരിച്ചിരുന്നു. ഐസിയുവിൽ കഴിഞ്ഞിരുന്ന മത്തായി ചാക്കോയ്ക്ക് ഡ്യൂട്ടിഡോക്ടറുടെയും നഴ്സിന്റെയും സാന്നിധ്യത്തിലാണ് കൂദാശ നൽകിയത്. ഈസമയം മുറിക്കുപുറത്ത് മത്തായി ചാക്കോയുടെ ഭാര്യയും ഭാര്യാസഹോദരന്മാരുമടക്കം ഇരുപത്തിയഞ്ചോളംപേർ ഉണ്ടായിരുന്നു. ആരും തന്നെ തടസപ്പെടുത്തിയില്ലെന്നും സൗഹാർദപൂർവം പെരുമാറിയെന്നും ഫാ. ജോസ് പറഞ്ഞിരുന്നു. കൂദാശ നൽകിയപ്പോൾ മത്തായി ചാക്കോ പൂർണമായും അബോധാവസ്ഥയിലായിരുന്നു.
അബോധാവസ്ഥയിലുള്ളവർക്ക് അന്ത്യകൂദാശ നൽകുന്നത് സഭാനിയമപ്രകാരം തെറ്റല്ലെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു. ബിഷപ്പ് പോൾ ചിറ്റിലപ്പള്ളി ആവശ്യപ്പെട്ടപ്രകാരമാണ് അന്ത്യകൂദാശ നൽകാൻപോയതെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. മരിക്കുന്നതിന് ഏതാനും ആഴ്ചമുമ്പ് മത്തായി ചാക്കോയെ ബിഷപ്പ് ചിറ്റിലപ്പള്ളി സന്ദർശിച്ചിരുന്നു. ഏതായാലും പിണറായി നികൃഷ്ട ജീവി എന്ന് വിളിച്ചതിനെ തുടർന്ന് പാർട്ടിയും സഭയും ശീത സമരത്തിലായിരുന്നു. പിന്നീട് പിണറായിക്ക് മാപ്പുകൊടുക്കുന്നതായി മാർ ചിറ്റിലപ്പിള്ളി തന്റെ കൃപയുടെ വഴികൾ എന്ന ആത്മകഥയിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു. 2013 ഡിസംബറിൽ പിണറായി വിജയൻ താമരശ്ശേരി ബിഷപ്പിന്റെ അരമനയിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. ബിഷപ്പ് റമജിയോസ് ഇഞ്ചനാനിയലുമായാണ് അരമനയിലെത്തി പിണറായി ചർച്ച നടത്തിയത്.
1997 മുതൽ 13 വർഷക്കാലം ബിഷപ്പായി സേവനമനുഷ്ഠിച്ച പോൾ ചിറ്റിലപ്പിള്ളി 2010ലാണ് വാർധക്യ സഹജമായ കാരണങ്ങളാൽ സ്ഥാനമൊഴിഞ്ഞത്. കഴിഞ്ഞ പത്ത് വർഷമായി അദ്ദേഹം വിശ്രമ ജീവിതം നയിക്കുകയായിരുന്നു. താമരശ്ശേരി രൂപതയുടെ വിദ്യാഭ്യാസ, സാമൂഹിക മേഖലകളിൽ അദ്ദേഹം വലിയ തോതിലുള്ള സംഭാവനകൾ നൽകിയിട്ടുണ്ട്.
തൃശൂർ അതിരൂപതയിൽ മറ്റം ഇടവകയിൽ ചിറ്റിലപ്പിള്ളി ചുമ്മാർ-കുഞ്ഞായി ദമ്പതിമാരുടെ എട്ട് മക്കളിൽ ആറാമനായി 1934 ഫെബ്രുവരി 7നായിരുന്നു മാർ പോൾ ചിറ്റിലപ്പിള്ളിയുടെ ജനനം. 1951 ൽ മറ്റം സെന്റ് ഫ്രാൻസീസ് ഹൈസ്കൂളിൽ നിന്ന് എസ്.എസ്.എൽ.സി പാസ്സായി. തേവര എസ്.എച്ച് കോളേജിൽ നിന്ന് ഇന്റർമീഡിയറ്റ് പാസ്സായ ശേഷം 1953 ൽ സെമിനാരിയിൽ ചേർന്നു.1958 ൽ മംഗലപ്പുഴ മേജർ സെമിനാരിയിലെ പഠനത്തിനു ശേഷം തിയോളജി പഠനത്തിനായി റോമിലെ ഉർബൻ യൂണിവേഴ്സിറ്റിയിൽ ചേർന്നു.
1961 ഒക്ടോബർ 18ന് മാർ മാത്യു കാവുകാട്ടിൽ നിന്നു റോമിൽ വച്ച് പൗരഹിത്യം സ്വീകരിച്ചു. തുടർന്ന് റോമിലെ ലാറ്ററൻ യൂണിവേഴ്സിറ്റിയിൽ നിന്ന് കാനൻ നിയമത്തിൽ ഡോക്ടറേറ്റ് നേടി.