- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാര്യങ്ങൾ ചോദിച്ചറിയാനെന്ന് പറഞ്ഞ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി; ഒന്നും സംഭവിക്കില്ലെന്ന ഉത്തമ വിശ്വാസത്തിൽ വിശദീകരണം നൽകാൻ എത്തിയവരെ കാത്തിരുന്നത് അറസ്റ്റും റിമാൻഡും; ബിഷപ്പ് സാമുവൽ മാർ ഐറേനിയോസ് അറസ്റ്റിലായത് ഇങ്ങനെ
പത്തനംതിട്ട: അനധികൃത മണൽഖനന കേസിൽ ബിഷപ്പിനേയും അഞ്ച് വൈദികരേയും തമിഴ് നാട് പൊലീസ് അറസ്റ്റു ചെയ്തത് അതീവ നാടകീയമായി. ചോദ്യം ചെയ്യാനെന്ന് പറഞ്ഞാണ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. ഇതിന് ശേഷം അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്യുകയായിരുന്നു. മുൻകൂർ ജാമ്യഹർജി പോലും നൽകാൻ അവസരമൊരുക്കിയില്ല. പത്തനംതിട്ട അതിരൂപത ഉണ്ടായപ്പോൾ അവർക്ക് സഭ നൽകിയതാണ് അംബാ സമുദ്രത്തിലെ 300 ഏക്കർ ഭൂമി. ഈ ഭൂമിയാണ് ബിഷപ്പിന്റെ അറസ്റ്റിന് സാഹചര്യമൊരുക്കിയതും.
സിറോ മലങ്കര സഭ പത്തനംതിട്ട അതിരൂപത ബിഷപ്പ് സാമുവൽ മാർ ഐറേനിയോസ്, വികാരി ജനറൽ ഫാ. ഷാജി തോമസ്, ഫാ. ജോസ് ചാമക്കാല, ഫാ. ജോർജ് സാമുവേൽ, ഫാ. ജിജോ ജെയിംസ്, ഫാ. ജോസ് കാലായിൽ എന്നിവരെയാണ് തമിഴ്നാട് സി.ബി-സിഐ.ഡി. സംഘം അറസ്റ്റ് ചെയ്തത്. തിരുനെൽവേലിയിലെ അംബാസമുദ്രത്തെ താമരഭരണി പുഴയോരത്ത് അനധികൃത മണൽഖനനം നടത്തിയെന്ന കേസിലാണ് നടപടി. അറസ്റ്റിന് പിന്നാലെ ബിഷപ്പ് സാമുവൽ മാർ ഐറേനിയോസിനും ഫാ. ജോസ് ചാമക്കാലയ്ക്കും ദേഹാസ്വാസ്ഥ്യമുണ്ടായി. ഇരുവരെയും നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അറസ്റ്റിലായ മറ്റുനാലുപേരെയും കോടതിയിൽ ഹാജരാക്കി സബ് ജയിലിൽ റിമാൻഡ് ചെയ്തു.
തിരുനെൽവേലിയിലെ അംബാസമുദ്രം മേഖലയിൽ സിറോ മലങ്കര സഭയ്ക്ക് 300 ഏക്കറോളം ഭൂമിയുണ്ട്. താമരഭരണി പുഴയുടെ സമീപത്താണ് ഈ ഭൂമിയുള്ളത്. ഇവിടെ അനധികൃത മണൽ ഖനനം നടത്തിയെന്ന കേസിലാണ് മദ്രാസ് ഹൈക്കോടതിയുടെ നിർദ്ദേശത്തെ തുടർന്ന് സി.ബി-സിഐ.ഡി. സംഘം ബിഷപ്പിനെയും വൈദികരെയും അറസ്റ്റ് ചെയ്തത്. അറസ്റ്റുണ്ടാകുമെന്ന് മനസ്സിലാകാതെയാണ് ഇവർ പൊലീസിന് മുന്നിലെത്തിയത്. ഇതോടെ റിമാൻഡിലാകേണ്ട ഗതിയും വന്നു.
സ്ഥലം പാട്ടത്തിന് നൽകിയതാണെന്നും മണൽഖനനം നടത്തിയത് കരാറുകാരനാണെന്നുമാണ് സഭയുടെ വിശദീകരണം. കേസിൽ കരാറുകാരനായ മാനുവൽ ജോർജിനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ മൊഴി കൂടി പരിഗണിച്ചാണ് ബിഷപ്പ് അടക്കമുള്ളവരെ അറസ്റ്റ ്ചെയ്തത്. താമരഭരണി പുഴയിലെ അനധികൃത മണൽഖനനത്തിൽ പരിസ്ഥിതി പ്രവർത്തകരാണ് ആദ്യം പരാതിയുമായി രംഗത്തെത്തിയത്. തുടർന്ന് സബ് കളക്ടർ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചു.
ഏകദേശം 27700 ഖനയടി മണൽ ഖനനം ചെയ്തതായും ഒമ്പത് കോടി രൂപ പിഴ ഈടാക്കണമെന്നുമാണ് കളക്ടറുടെ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് പരിസ്ഥിതി പ്രവർത്തകർ കളക്ടറുടെ അന്വേഷണ റിപ്പോർട്ടുമായി ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് ഹൈക്കോടതി നിർദ്ദേശപ്രകാരം സി.ബി-സിഐ.ഡി. വിഭാഗം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ ഒൻപത് കോടി നഷ്ടപരിഹാരം സഭയ്ക്ക് അടയ്ക്കേണ്ടി വരും.
സംഭവത്തിൽ സിറോ മലങ്കര സഭ വിശദീകരണ കുറിപ്പും പുറത്തിറക്കിയിട്ടുണ്ട്. 40 വർഷമായി സഭയുടെ അധീനതയിലുള്ള ഈ സ്ഥലത്ത് കൃഷി ചെയ്യാൻ മാനുവൽ ജോർജ് എന്ന വ്യക്തിയെ ചുമതലപ്പെടുത്തിയിരുന്നു. കോവിഡ് കാലമായതിനാൽ രണ്ടുവർഷമായി രൂപത അധികൃതർക്ക് ഇവിടേക്ക് പോകാൻ കഴിഞ്ഞിരുന്നില്ല. ഇക്കാലയളവിൽ കരാർ വ്യവസ്ഥകൾ ലംഘിച്ചതായി കണ്ടെത്തിയതോടെ അദ്ദേഹത്തെ കരാറിൽനിന്ന് ഒഴിവാക്കാൻ നിയമനടപടികൾ ആരംഭിച്ചിരുന്നു.
വസ്തുവിന്റെ ഉടമസ്ഥനെന്ന നിലയിൽ രൂപത അധികാരികളെ ഇതുസംബന്ധിച്ച കേസിന്റെ അന്വേഷണപരിധിയിൽ ഉൾപ്പെടുത്തിയിരുന്നു. മാനുവൽ ജോർജിനെതിരേ നിയമനടപടികൾ തുടങ്ങിയതായും സഭയുടെ കുറിപ്പിൽ പറയുന്നു. ബിഷപ്പ് അടക്കമുള്ളവരെ ജാമ്യത്തിലിറക്കാനുള്ള നടപടികളും രൂപത അധികൃതർ ആരംഭിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ