- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബിഷപ്പിനെതിരെ മോഷണ കുറ്റവും ഗൂഢാലോചനയും വ്യാജ രേഖ ചമയ്ക്കലും പുതിയ ആരോപണങ്ങൾ; ജാമ്യം കിട്ടില്ലെന്ന് ഉറപ്പിക്കാൻ ഐപിസി വകുപ്പുകൾ കൂട്ടിച്ചേർത്തെന്ന വിലയിരുത്തലിൽ സഭ; ഇടയലേഖനത്തിലൂടെ വൈദികർക്ക് വേണ്ടി പ്രാർത്ഥിക്കാൻ വിശ്വാസികൾക്ക് ആഹ്വാനം; താമരഭരണയിലെ മണൽ മോഷണത്തിൽ മലങ്കര സഭ വൻ പ്രതിസന്ധിയിൽ
ചെന്നൈ: അനധികൃത മണൽ ഖനന കേസിൽ മലങ്കര കത്തോലിക്കാസഭ പത്തനംതിട്ട ബിഷപ്പ് സാമുവൽ മാർ ഐറേനിയോസ് കൂടുതൽ കുരുക്കിൽ. ബിഷപ്പിനും വൈദികൾക്കുമെതിരെ കൂടുതൽ കുറ്റങ്ങൾ തമിഴ്നാട് പൊലീസ് ചുമത്തി. മോഷണം, ക്രിമിനൽ ഗൂഢാലോചന, ചതി, വ്യാജ രേഖ ചമയ്ക്കൽ എന്നിവയാണ് കുറ്റങ്ങൾ. ഇതോടെ സമീപ ഭാവിയിൽ ബിഷപ്പിന് ജാമ്യം കിട്ടുമോ എന്നത് സംശയത്തിലായി. ഇത് സഭയേയും പ്രതിസന്ധിയിലാക്കുന്നുണ്ട്.
ഐപിസിയിലെ 120ബി, 379, 420, 465, 471 വകുപ്പുകളാണ് പുതുതായി ചേർത്തത്. നേരത്തെ മൈൻസ് ആൻസ് മിനറൽസ് ആക്ട് പ്രകാരം മാത്രമായിരുന്നു കേസ്. അതുകൊണ്ട് പിഴ അടച്ച് രക്ഷപ്പെടാൻ പോലും സാധ്യതകളുണ്ടായിരുന്നു. ഈ വകുപ്പിൽ അഞ്ചു വർഷം തടവിനും സാധ്യതയുണ്ട്. എങ്കിലും ഐപിസി ചുമത്താത്തത് ആശ്വാസമായി സഭ കണ്ടിരുന്നു. എന്നാൽ അപ്രതീക്ഷിതമായി അതും ചുമത്തി. ഇതോടെ തമിഴ്നാട്ടിൽ സഭയുടെ സമ്മർദ്ദം പൊളിയുകയാണ്. ബിഷപ്പിനും വൈദികർക്കുമായി പ്രത്യേക പ്രാർത്ഥനകൾ നടത്താൻ വിശ്വാസികളോട് സഭ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് വേണ്ടി ഇടയലേഖനവും ഞായറാഴ്ച പള്ളികളിൽ വായിച്ചു. ബിഷപ്പ് വലിയ പ്രതിസന്ധിയിലാണെന്നും സഭ വിശ്വാസികളോട് വിശദീകരിക്കുന്നുണ്ട്. ബിഷപ്പ് ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ് സഭയുടെ വിശദീകരണം.
തമിഴ്നാട്ടിൽ നിന്നാണ് ബിഷപ്പിനെ തമിഴ്നാട് സി ബി സി ഐ ഡി പിടികൂടിയത്.തിരുനെൽവേലിയിലെ അംബാസമുദ്രത്ത് താമരഭരണി നദിയിൽ അനധികൃതമായി മണൽ ഖനനം നടത്തിയതിനായിരുന്നു ബിഷപ്പിനെ അറസ്റ്റ് ചെയ്തത്. വികാരിയായ ജനറൽ ഷാജി തോമസ് മണിക്കുളവും കേസിൽ അറസ്റ്റിലായി. ഇവരോടൊപ്പം നാല് പുരോഹിതന്മാരും കേസിൽ പിടിയിലായി. എല്ലാ പ്രതികളും റിമാൻഡിലാണ്. ഇവർക്ക് കഴിഞ്ഞ ദിവസം കോടതി ജാമ്യവും നിഷേധിച്ചു.
അറസ്റ്റിന് പിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ട ബിഷപ്പിനെയും വികാരി ജനറൽ ഷാജി തോമസിനെയും തിരുനെൽവേലി ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു. തമിഴ്നാട്ടിലെ അംബാസമുദ്രത്ത് പത്തനംതിട്ട രൂപതയ്ക്ക് 300 ഏക്കർ സ്ഥലമുണ്ട്. 40 വർഷമായി സഭയുടെ അധീനതയിലാണ് ഈ സ്ഥലം. താമരഭരണി പുഴയുടെ സമീപത്തായുള്ള ഈ സ്ഥലത്ത് അനധികൃതമായി മണൽ ഖനനം നടത്തിയെന്ന കേസിലാണ് മദ്രാസ് ഹൈക്കാടതിയുടെ നിർദ്ദേശപ്രകാരം സി ബി സി ഐ ഡി ബിഷപ്പിനെയും മറ്റ് വൈദികരെയും അറസ്റ്റ് ചെയ്തത്.
പ്രദേശത്ത് കൃഷി ചെയ്യുന്നതിനായി മാനുവൽ ജോർജ് എന്ന വ്യക്തിയെ കരാർ പ്രകാരം ചുമതലപ്പെടുത്തിയിരുന്നതായി സഭ വ്യക്തമാക്കി. കോവിഡ് മൂലം കഴിഞ്ഞ രണ്ട് വർഷമായി സ്ഥലം സന്ദർശിക്കാൻ സാധിക്കാതിരുന്ന സാഹചര്യത്തിൽ മാനുവൽ ജോർജ് കരാർ ലംഘിച്ചുവെന്നും മണൽ ഖനനം നടത്തിയത് കരാറുകാരനാണെന്നും സഭ ആരോപിക്കുന്നു. വസ്തുവിന്റെ യഥാർത്ഥ ഉടമസ്ഥൻ എന്ന നിലയിൽ രൂപതാ അധികാരികളെ കേസിൽ ഉൾപ്പെടുത്തിയിരിക്കുകയാണെന്നാണ് സഭയുടെ വിശദീകരണം. എന്നാൽ ഇതൊന്നും കോടതി മുഖവിലയ്ക്കെടു്ത്തില്ല. ഇതാണ് ജാമ്യം നിഷേധിക്കാൻ കാരണം.
മാനുവൽ ജോർജിനെതിരെ നിയമനടപടികൾ ആരംഭിച്ചുവെന്നും രൂപത അറിയിച്ചു. മാനുവൽ ജോർജിനെ കേസിൽ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. ബിഷപ്പ് അടക്കമുള്ളവരെ ജാമ്യത്തിലിറക്കാനുള്ള നടപടികൾ സഭ ആരംഭിച്ചു. താമരഭരണി പുഴയിലെ അനധികൃത മണൽഖനനത്തിൽ പരിസ്ഥിതി പ്രവർത്തകരാണ് ആദ്യം പരാതിയുമായി രംഗത്തെത്തിയത്. തുടർന്ന് സബ് കളക്ടർ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചു. ഏകദേശം 27700 ഖനയടി മണൽ ഖനനം ചെയ്തതായും ഒമ്പത് കോടി രൂപ പിഴ ഈടാക്കണമെന്നുമാണ് കളക്ടറുടെ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തിരുന്നു.
ഇതിനുപിന്നാലെയാണ് പരിസ്ഥിതി പ്രവർത്തകർ കളക്ടറുടെ അന്വേഷണ റിപ്പോർട്ടുമായി ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് ഹൈക്കോടതി നിർദ്ദേശപ്രകാരം സി.ബി-സിഐ.ഡി. വിഭാഗം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുകയായിരുന്നു. സംഭവത്തിൽ സിറോ മലങ്കര സഭ വിശദീകരണ കുറിപ്പും പുറത്തിറക്കിയിരുന്നു. 40 വർഷമായി സഭയുടെ അധീനതയിലുള്ള ഈ സ്ഥലത്ത് കൃഷി ചെയ്യാൻ മാനുവൽ ജോർജ് എന്ന വ്യക്തിയെ ചുമതലപ്പെടുത്തിയിരുന്നു. കോവിഡ് കാലമായതിനാൽ രണ്ടുവർഷമായി രൂപത അധികൃതർക്ക് ഇവിടേക്ക് പോകാൻ കഴിഞ്ഞിരുന്നില്ല. ഇക്കാലയളവിൽ കരാർ വ്യവസ്ഥകൾ ലംഘിച്ചതായി കണ്ടെത്തിയതോടെ അദ്ദേഹത്തെ കരാറിൽനിന്ന് ഒഴിവാക്കാൻ നിയമനടപടികൾ ആരംഭിച്ചിരുന്നു.
വസ്തുവിന്റെ ഉടമസ്ഥനെന്ന നിലയിൽ രൂപത അധികാരികളെ ഇതുസംബന്ധിച്ച കേസിന്റെ അന്വേഷണപരിധിയിൽ ഉൾപ്പെടുത്തിയിരുന്നു. മാനുവൽ ജോർജിനെതിരേ നിയമനടപടികൾ തുടങ്ങിയതായും സഭയുടെ കുറിപ്പിൽ പറയുന്നു.