നാഗ്പൂർ: പള്ളോട്ടൈൻ സന്യാസ സമൂഹത്തിൽ നിന്നുള്ള ആദ്യത്തെ ബിഷപ്പ് എന്ന വിശേഷണത്തിന് അർഹനായിരുന്നു വാഹനാപകടത്തെ തുടർന്ന് അകാലചരമം പ്രാപിച്ച ബിഷപ് തോമസ് തെന്നാട്ട്. സൊസൈറ്റി ഓഫ് കാത്തലിക് അപ്പോസ്ത്തോലേറ്റ് കോൺഗ്രിഗേഷനിൽ നിന്നുള്ള ആദ്യത്തെ ബിഷപ്പായി 2016 ഒക്ടോബർ 18നാണ് ഫ്രാൻസീസ് മാർപ്പാപ്പ ഫാ. തോമസ് തെന്നാട്ടിനെ നിയമിക്കുന്നത്. ഗ്വാളിയോർ രൂപതാ ബിഷപ്പായിട്ടായിരുന്നു നിയമനം.

സൊസൈറ്റി ഓഫ് കാത്തലിക് അപ്പോസ്ത്തൊലേറ്റ് പ്രശസ്തമായിരിക്കുന്നത്
പള്ളോട്ടൈൻ സന്യാസ സമൂഹം എന്ന പേരിലാണ്. ലോകമെമ്പാടും വ്യാപിച്ചു കിടക്കുന്ന പള്ളോട്ടൈൻ വൈദികരിൽ നിന്നും ആദ്യമായിട്ട് ഒരാൾ ബിഷപ്പായി ഉയർത്തപ്പെട്ടപ്പോൾ അത് സന്യാസ സമൂഹത്തിന ഏറെ അഭിമാനം സമ്മാനിച്ച മുഹൂർത്തമായിരുന്നു. ഫാ. തോമസ് തെന്നാട്ട് കോട്ടയം സ്വദേശിയാണെന്നതിനാൽ ബിഷപ്പായുള്ള നിയമനം മലയാളികൾക്കും ഏറെ സന്തോഷം നൽകിയിരുന്നു.

ഗ്വാളിയാർ രൂപതയുടെ ബിഷപ്പ് ജോസഫ് കൈതത്തറ വിരമിച്ചതിനെ തുടർന്നാണ് ഫാദർ തോമസ് തെന്നാട്ടിനെ ബിഷപ്പായി നിയമിച്ചത്. പള്ളോട്ടൈൻ സമൂഹം സഭയ്ക്കും, വിശ്വാസികൾക്കും ചെയ്തു നൽകിയ സേവനങ്ങളുടെ അംഗീകാരമായിട്ടു വേണം ഇതിനെ കരുതുവാനെന്ന് വത്തിക്കാൻ ഉത്തരവ് വായിച്ച ശേഷം നാഗ്പൂർ ആർച്ച് ബിഷപ് ഏബ്രഹാം വിരുതുകുളങ്ങര പറഞ്ഞിരുന്നു.

ആന്ധ്രാപ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ദീർഘകാലം വൈദികനായി സേവനം ചെയ്ത വ്യക്തിയാണ് ബിഷപ് തോമസ് തെന്നാട്ട്. 1953ൽ കൂടല്ലുർ ഇടവകയിൽ തെന്നാട്ട് കുരുവിള- അന്നമ്മ ദമ്പതികളുടെ മകനായിട്ടാണ് ജനനം. കോട്ടയം അതിരൂപതാംഗവും ഏറ്റുമാനൂർ സെന്റ് ജോസഫ് ക്നാനായ കത്തോലിക്ക ഇടവകാംഗവുമായ ബിഷപ് തെന്നാട്ട്
1969-ൽ പത്താം ക്ലാസ് പാസായ ശേഷം തിരുവനന്തപുരത്തുള്ള പള്ളോട്ടൈൻ മൈനർ സെമിനാരിയിൽ ചേർന്നു. രണ്ടു വർഷത്തിന് ശേഷം നാഗ്പൂരിലെ സെന്റ് ചാൾസ് സെമിനാരിയിൽ ചേർന്ന് അദ്ദേഹം വൈദിക പഠനം തുടർന്നു. സെന്റ് ഫ്രാൻസിസ് ഡീ സാലസ് കോളജിൽ നിന്നും തന്റെ ബിരുദം ഫാ.തോമസ് കരസ്ഥമാക്കി. 1978-ൽ കൊല്ലം ബിഷപ്പ് ജോസഫ് ഫെർണാണ്ടസിൽ നിന്നുമാണ് ഫാ. തോമസ് തെന്നാട്ട് പട്ടം സ്വീകരിച്ചത്.

1980വരെ അമരാവതി രൂപതയിൽ ചാപ്‌ളയ്‌നായും 1980-1981 വരെ എലൂർ രൂപതയിൽ ചാപ്‌ളയ്‌നായും പ്രവർത്തിച്ചു. തുടർന്ന് തിയോളജിയിൽ പൂനൈ സെമിനാരിയിൽ നിന്ന് തിയോളജിയിൽ ലൈസൻഷിയേറ്റ് നേടി. ഹൈദരാബാദ് രൂപതയിലെ മഡ്‌ഫോർട്ട് സെന്റ് ആന്റണീസ് പള്ളിയിൽ വികാരി, ഇൻഡോർ രൂപതയിലെ പുഷ്പനഗർ പള്ളി വികാരി, 1987-1991 വരെ യങ്ങ് കാത്തലിക് സ്റ്റുഡന്റ് മൂവ്‌മെന്റ് (വൈ.സി.എം/ വൈ.സി.എസ്)ഡയറക്ടർ, ഹൈദരബാദ് രൂപതയിലെ കുടുംബങ്ങൾക്കും അത്മായർക്കുമായുള്ള കമ്മീഷൻ, മധ്യപ്രദേശ്, ഛത്തീസ്‌ഗഡ് രൂപതകളിലും ദളിത് ക്രൈസ്തവർക്കുവേണ്ടിയുള്ള കമ്മീഷന്റെ ഡയറക്ടർ എന്നി നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

2002-2008 വരെ റീജണൽ ഫോർമേഷൻ കമ്മീഷൻ ഡയറക്ടർ, 2008-2012 വരെ ജാബുവാ രൂപതയിലെ ഇഷ്ഗാർ പള്ളി വികാരി എന്നി നിലകളിലും സേവനം ചെയ്തിട്ടുണ്ട്. പള്ളോട്ടൈൻ കോൺഗ്രിഗേഷൻ കൗൺസിലാറായും സെമിനാരി റെക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. കോൺഫ്രൻസ് ഓഫ് റിലീജീസ് ഇന്ത്യ(സി.ആർ. ഐ) യുടെ മുൻ പ്രസിഡന്റുമായിരുന്നു. 1999ൽ സ്ഥാപിച്ച ഈ രൂപത ഭോപ്പാൽ അതിരൂപതയുടെ കീഴീലാണ്.

കഴിഞ്ഞ രാത്രി സ്‌കൂളിലെ പൊതുപരിപാടിയിൽ പങ്കെടുത്ത ശേഷം താമസസ്ഥലത്തേക്ക് മടങ്ങവേ കാർ നിയന്ത്രണം വിട്ട് മറിയുകയും ബിഷപ്പിന് ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു. അടുത്തുള്ള ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ഗ്വാളിയോർ സെന്റ് ജോസഫ് ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബിഷപ്പ് തെന്നാട്ടിന്റെ വിയോഗത്തിൽ ഏറെ ദുഃഖിതരാണ് ഗ്വാളിയോർ കാത്തലിക് സമൂഹം. പാതിവഴിയിൽ ഇടയനെ നഷ്ടപ്പെട്ട രൂപതാംഗങ്ങൾ ബിഷപ്പിന്റെ ആത്മശാന്തിക്കായി പ്രത്യേകം പ്രാർത്ഥനകളാണ് നടത്തിവരുന്നത്. നല്ല ഇടയനൊപ്പം നല്ലൊരു മനുഷ്യസ്‌നേഹി കൂടിയായിരുന്നു ബിഷപ്പെന്ന് രൂപതാംഗങ്ങൾ പറഞ്ഞു. രൂപതയെ ഒരു കുടക്കീഴിൽ നിർത്തി ആത്മീയ പ്രവർത്തനങ്ങൾ സജീവമാക്കി വരവേ മരണം അപകടത്തിന്റെ രൂപത്തിൽ വിളിച്ച ബിഷപ് തെന്നാട്ടിന്റെ വേർപാട് നികത്താനാവുന്നതല്ലെന്നും വിശ്വാസികൾ അനുസ്മരിക്കുന്നു. സഹോദരങ്ങൾ: ഏലിയാമ്മ, ജോസഫ്, മേരി, ക്ലാരമ്മ, ലിസി.