- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൗ ജിഹാദ് ആരോപണത്തിന് പിന്നിൽ ഉദ്ദേശം രാഷ്ട്രീയം; വ്യത്യസ്ത മതങ്ങളിൽപെട്ടവർ വിവാഹം കഴിച്ചാൽ ആൺകുട്ടിയോ പെൺകുട്ടിയോ ഏതെങ്കിലും ഒരു മതത്തിൽ ചേരും; ഇതിനെ ഒരുകാരണവശാലും ലൗ ജിഹാദെന്ന് വിളിക്കാൻ പറ്റില്ല; ലൗ ജിഹാദ് ആരോപണം അപ്രസക്തമെന്ന് ബിഷപ്പ് യൂഹാനോൻ
തിരുവനന്തപുരം: സംസ്ഥാനത്തെ തെരഞ്ഞെടുപ്പു രാഷ്ട്രീയ രംഗത്ത് ലൗ ജിഹാദ് ആരോപണങ്ങൾ അടക്കും ഉന്നയിച്ചു കൊണ്ടാണ് ബിജെപി പ്രചരണം കൊഴിപ്പിക്കുന്നത്. ബിജെപി അധികാരത്തിൽ എത്തിയാൽ യുപി മോഡലിൽ ലൗ ജിഹാദ് നിയമം നിർമ്മിക്കുമെന്ന് ബിജെപി പ്രകടന പത്രികയിൽ ഉന്നയിക്കുമെന്നാണ് ബിജെപി അധ്യക്ഷൻ സുരേന്ദ്രൻ വ്യക്തമാക്കിയത്. ഇതിനെ എതിർത്തു കൊണ്ടാണ് തൃശ്ശൂർ ബിഷപ്പ് യൂഹാനോൻ മാർ മിലിത്തിയോസ് രംഗത്തെത്തിയത്.
കേരളത്തിൽ ലൗ ജിഹാദ് ഉണ്ടെന്ന വാദം അപ്രസക്തമാണെന്ന് ബിഷപ്പ് യൂഹാനോൻ മാർ മിലിത്തിയോസ് പഞ്ഞു. ലൗ ജിഹാദ് ആരോപിക്കുന്നതിന് പിന്നിൽ 100 ശതമാനവും രാഷ്്ട്രീയ ലക്ഷ്യമാണെന്നും ഏഷ്യാനെറ്റ് ചാനൽ ചർച്ചയിൽ അദ്ദേഹം പറഞ്ഞു.
''ആദ്യം ഒരു പേരുണ്ടാക്കി സകല കാര്യങ്ങളെയും ആ പേരിനകത്തേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നു. കേരളത്തിലെ മത സാഹചര്യത്തിൽ വ്യത്യസ്ത മതങ്ങളിൽപെട്ടവർ വിവാഹം കഴിച്ചാൽ ആൺകുട്ടിയോ പെൺകുട്ടിയോ ഏതെങ്കിലും ഒരു മതത്തിൽ ചേരും. ചേരാതെയുമിരിക്കും. ഇതിനെ ഒരുകാരണവശാലും ലൗ ജിഹാദെന്ന് വിളിക്കാൻ പറ്റില്ല'' യൂഹാനോൻ മാർ മിലിത്തിയോസ് പറഞ്ഞു.
''ലൗ ജിഹാദ് ആരോപണത്തിന് പിന്നിൽ ഉദ്ദേശം രാഷ്ട്രീയമാണ്. ഇങ്ങനെ രാഷ്ട്രീയമോ സാമുദായികമോ ആയ നേട്ടങ്ങളുണ്ടാക്കാൻ ശ്രമിക്കുന്നത് ഒരിക്കലും ഗുണകരമല്ല. വാസ്തവത്തിൽ അപ്രസക്തമായ ഒരു വിഷയമായിട്ടാണ് ഞാൻ ഇതിനെ കാണുന്നത്. ലോകം മാറി വരികയാണ്. അങ്ങനെയൊരു ലോകത്ത് സ്ത്രീ പുരുഷനും, അല്ലെങ്കിൽ ആൺകുട്ടികളും പെൺകുട്ടികളും കാണാനും പരിചയപ്പെടാനും ഉള്ള സാഹചര്യമാണ് ഉള്ളത്. അങ്ങനെയുള്ളവർ അനോന്യം ഇഷ്ടപ്പെടുകയും വിവാഹം ചെയ്യുകയും ചെയ്യുന്നത് സ്വാഭാവികമാണ്. ഇവർ മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും തുണ കിട്ടാൻ ഒന്നുകിൽ ആൺകുട്ടി പെണ്ണിന്റെയോ പെൺകുട്ടി ആണിന്റെയോ മതം സ്വീകരിച്ചെന്നിരിക്കും. ഇതിനെ ഒരുകാരണവശാലും ലൗ ജിഹാദ് എന്ന സംജ്ഞക്ക് കീഴിൽ കൊണ്ടുവരാൻ കഴിയില്ല'' -അദ്ദേഹം പറഞ്ഞു.
പെൺകുട്ടികളും ആൺകുട്ടികളും അനോന്യം കാണട്ടെ, അവർക്കിഷ്ടപ്പെട്ട ജീവിതം ജീവിക്കട്ടെ. മതത്തിൽ ചേരാൻ താത്പര്യമുണ്ടെങ്കിൽ അങ്ങനെ ജീവിക്കട്ടെ, മതമില്ലാതെയും ഇന്ന് ധാരാളം പേർ ജീവിക്കുന്നുമുണ്ട്. കാലക്രമത്തിൽ മതം മാറാതെ തന്നെ വിവാഹം നടത്തിക്കൊടുക്കാനുള്ള സാഹചര്യം കേരളത്തിൽ സ്വാഭാവികമായി വന്നു ചേരാം. വിദേശത്ത് രണ്ട് മത വിഭാഗങ്ങളിൽപ്പെട്ടവരെ സഭ തന്നെ വിവാഹം നടത്തിക്കൊടുക്കുന്നുണ്ട്. അങ്ങനെ ഒരു സാഹചര്യത്തിലേക്ക് ഇവിടെയും എത്തണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. താൻ അച്ഛനായിരിക്കുന്ന സമയത്ത് തന്നെ സമീപിച്ച രണ്ട് പേരോട് രണ്ട് മതസ്ഥരായി തന്നെ ജീവിക്കാൻ ഞാൻ പറഞ്ഞിട്ടുണ്ട്. പക്ഷെ ഇത് സഭയുടെ അഭിപ്രായമല്ല -അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ചില കൃസ്ത്യാനികൾ സമുദായമായിട്ടോ ഒരു കൂട്ടമായിട്ടോ ഇത് സംബന്ധിച്ച് ചില പ്രസ്താവന നടത്തിയതായി എനിക്കറിയാം. മടിയിൽ കനമുള്ളവർ ഭരിക്കുന്നവരെ സോപ്പിടാൻ ഇങ്ങനെ പലതും ചെയ്തെന്നിരിക്കും. പലതും ഒളിക്കാനുണ്ടായിരിക്കും. തങ്ങളുടെ തെറ്റുകൾ ആരെങ്കിലും അന്വേഷിക്കുമോ എന്ന് ഭയക്കുന്നവർ അധികാരികളെ പ്രീണിപ്പിക്കാൻ ശ്രമിക്കും. യൂറോപ്പിലൊക്കെ സംഭവിച്ചതുപോലെ ക്രൈസ്തവ സമൂഹം രാഷ്ട്രീയത്തിനുപിന്നാലെ നിന്നാൽ സഭ എന്ന സംവിധാനം തന്നെ ഏതാണ്ടില്ലാതാകും. ഇത് സംഭവിക്കുന്ന ഒരു കാര്യമാണ്. ലൗ ജിഹാദ് പോലുള്ള സംജഞകളുണ്ടാക്കി ഇത്തരം രാഷ്ട്രീയമോ സാമുദായികമോ ആയ നേട്ടങ്ങളുണ്ടാക്കാൻ ശ്രമിക്കുന്നത് ഒരിക്കലും ഒരുസമുദായത്തിന്, സമൂഹത്തിന്, സംഘത്തിന് യോജിച്ച കാര്യമായി ഞാൻ വിശ്വസിക്കുന്നില്ല -അദ്ദേഹം പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ