- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കസ്തൂരി രംഗനിലെ അപാകത പരിഹരിക്കുക; വന്യജീവി സങ്കേതങ്ങൾക്കു ചുറ്റുമുള്ള ബഫർസോൺ റിസർവ് വനത്തിന്റെ അതിർത്തിക്കുള്ളിൽ ഒതുക്കുക; തോട്ടം ഭൂമിയിൽ ലാഭകരമല്ലാത്ത വിളകൾക്ക് പകരം ഭക്ഷ്യവിളകൾ കൃഷി ചെയ്യണം; മുഖ്യമന്ത്രിയെ ബിഷപ്പുമാർ അറിയിച്ചത് അസാധാരണ ആവശ്യങ്ങൾ; മലബാറിലെ വോട്ടെടുപ്പിന് തൊട്ടുമുമ്പ് പിണറായിയുടെ അസാധാരണ നീക്കം ചർച്ചയാകുമ്പോൾ
തലശ്ശേരി: മലബാറിലെ ഓരോ വോട്ടും അതിനിർണ്ണായകമാണ്. ഇതിന്റെ പശ്ചാത്തലത്തിലാണോ ഈ കൂടിക്കാഴ്ച? തീർത്തും അസാധാരണമായൊരു ചർച്ചയാണ് കഴിഞ്ഞ ദിവസം തലശ്ശേരിയിൽ നടന്നത്. കാർഷിക മേഖലയിലെ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം തേടി 9 ബിഷപ്പുമാർ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. പിണറായി കൺവൻഷൻ സെന്ററിൽ നടന്ന കൂടിക്കാഴ്ചയിൽ തലശ്ശേരി ആർച്ച് ബിഷപ് മാർ ജോർജ് ഞരളക്കാട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകി. കാർഷിക പ്രശ്നത്തിൽ സഭ അതിശക്തമായി ഇടപെടുമെന്നതിന്റെ സൂചനയാണ് ഇത്.
കുടിയേറ്റ കർഷകർക്കൊപ്പം നിൽക്കുന്നുവെന്ന സന്ദേശമാണ് സഭാ നേതൃത്വം നൽകുന്നത്. ഇത് മനസ്സിലാക്കിയുള്ള ഇടപടെലിന് സർക്കാരും ശ്രമിക്കും. വടക്കൻ കേരളത്തിൽ കുടിയേറ്റ കർഷകരുടെ വോട്ട് നിർണ്ണായകമാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇത് കോൺഗ്രസിനെ കൈവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ബിഷപ്പുമാരുമായി മുഖ്യമന്ത്രി നേരിട്ട് ചർച്ച നടത്തിയത്. പ്രശ്ന പരിഹാരം ഉറപ്പു നൽകുകയും ചെയ്തു. പലതിനും കേന്ദ്ര സർക്കാരിന്റെ അനുമതി വേണം. ഇതെല്ലാം അവരെ അറിയിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
കസ്തൂരി രംഗൻ റിപ്പോർട്ടിലെ കരട് വിജ്ഞാപനത്തിലുള്ള അപാകത പരിഹരിക്കുക, കേരളത്തിൽ പ്രഖ്യാപിച്ച 23 വന്യജീവി സങ്കേതങ്ങൾക്കു ചുറ്റുമുള്ള ബഫർസോൺ റിസർവ് വനത്തിന്റെ അതിർത്തിക്കുള്ളിൽ ഒതുക്കി നിർത്തുക, കൃഷിഭൂമിയിലെ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കുക, തോട്ടം ഭൂമിയിൽ ലാഭകരമല്ലാത്ത തോട്ടം വിളകൾക്ക് പകരം ഭക്ഷ്യവിളകൾ കൃഷി ചെയ്യാനുള്ള നിയമഭേദഗതി വരുത്തുക എന്നിവയായിരുന്നു ആവശ്യങ്ങൾ. ഡൽഹിയിൽ കർഷക സമരം കൊടുമ്പിരിക്കൊള്ളുകയാണ്. ഇതിനിടെയാണ് ബിഷപ്പുമാരുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച. എസ് എൻ ഡി പിയും എൻഎസ് എസും ഇടതുപക്ഷവുമായി അകലം പാലിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ബിഷപ്പുമാരുമായുള്ള ചർച്ച.
ബിഷപ്പുമാർ ഉന്നയിച്ച ആശങ്കകൾ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നതെന്നും അനുകൂല തീരുമാനങ്ങൾ എടുക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നൽകി. കസ്തൂരി രംഗൻ വിഷയത്തിലും ബഫർ സോൺ വിഷയത്തിലും കർഷകർക്ക് അനുകൂലമായ ശുപാർശകൾ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. വന്യമൃഗ ശല്യം തടയാനുള്ള മാർഗങ്ങൾ കൂട്ടായി ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ എല്ലാം അടിയന്തര നടപടിയുണ്ടാകും. സർക്കാരിനൊപ്പം സഭയുണ്ടെന്ന സന്ദേശം നൽകാൻ കൂടിയാണ് ഈ കൂടിക്കാഴ്ചയെന്നും വിലയിരുത്തൽ സജീവമാണ്. കുടിയേറ്റ കർഷകർക്കൊപ്പം സർക്കാരുണ്ടെന്ന സന്ദേശം നൽകലാണ് ഇതിന്റെ ലക്ഷ്യം.
പെരുകിക്കൊണ്ടിരിക്കുന്ന കാട്ടുപന്നികളെ കൊല്ലാൻ അനുവാദം നൽകിയിട്ടുണ്ട്. നിവേദനത്തിലെ മറ്റു നിർദേശങ്ങൾ പരിശോധിച്ചു നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയെ സഭയും പ്തകീക്ഷയോടെയാണ് കാണുന്നത്. മലബാറിലെ ബിഷപ്പുമാരെല്ലാം ചർച്ചയ്ക്ക് എത്തിയത് സർക്കാരിനും പ്രതീക്ഷയാണ്. സർക്കാരുമായി സഭയ്ക്ക് പ്രശ്നമൊന്നുമില്ലെന്ന സന്ദേശം ഇതിലൂടെ നൽകാനായെന്ന വിലയിരുത്തലും സജീവമാണ്.
തലശ്ശേരി ആർച്ച് ബിഷപ് മാർ ജോർജ് ഞരളക്കാട്ട്, ബിഷപ്പുമാരായ മാർ ജേക്കബ് മനത്തോടത്ത് (പാലക്കാട്), ഡോ. വർഗീസ് ചക്കാലക്കൽ (കോഴിക്കോട്), മാർ ജോസ് പൊരുന്നേടം (മാനന്തവാടി), മാർ റെമീജിയോസ് ഇഞ്ചനാനിയിൽ (താമരശ്ശേരി), ജോസഫ് മാർ തോമസ് (ബത്തേരി), ഡോ. അലക്സ് വടക്കുംതല (കണ്ണൂർ), മാർ ജോസഫ് പണ്ടാരശേരിൽ (കോട്ടയം), മാർ ജോസഫ് പാംപ്ലാനി (തലശ്ശേരി), തലശ്ശേരി അതിരൂപതാ ചാൻസലർ ഫാ.തോമസ് തെങ്ങുംപള്ളിൽ, ബത്തേരി രൂപതാ ചാൻസലർ ഫാ.ഫിലിപ് മാത്യു വെട്ടിക്കാട് എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.
മറുനാടന് മലയാളി ബ്യൂറോ