വാഷിങ്ടൺ: ഡിജിറ്റൽ കറൻസിയായ ബിറ്റ്‌കോയിനിന്റെ മൂല്യം ചരിത്രത്തിലാദ്യമായി 14000 ഡോളർ കടന്നു. 14,485 ഡോളറാണ് വ്യാഴാഴ്ചയിലെ ബിറ്റ്‌കോയിനിന്റെ ഉയർന്ന മൂല്യം. 2017 തുടക്കം മുതലാണ് ഡിജിറ്റൽ കറൻസിയായ ബിറ്റ്‌കോയിനിന്റെ മൂല്യം ഉയരാൻ തുടങ്ങിയത്. ഇതുവരെ 1400 ശതമാനം വരെ നേട്ടം ബിറ്റ്‌കോയിനുണ്ടായിട്ടുണ്ട്. അതേ സമയം, ബിറ്റ്‌കോയിനിൽ നിക്ഷേപിക്കുന്നതിന് മുമ്പ് നിക്ഷേപകർ അതീവ ശ്രദ്ധപുലർത്തണമെന്ന് മുന്നറിയിപ്പ് ധനകാര്യ എജൻസികൾ നൽകിയിട്ടുണ്ട്. യു.എസ് കേന്ദ്രബാങ്കായ ഫെഡ് റിസർവ്, ആർ.ബി.ഐ എന്നിവരും ബിറ്റ്‌കോയിനിൽ നിക്ഷേപിക്കുമ്പോൾ കരുതലുണ്ടാവണമെന്ന് അറിയിച്ചിട്ടുണ്ട്. അതായത് ഊതി വീർപ്പിച്ച ബലൂണിനെ പോലെയാണ് ബിറ്റ് കോയിൻ അത് ഇപ്പോൾ വേണമെങ്കിലും തകർന്നടിയാം. ഒരു സുരക്ഷിതത്വവുമില്ലാത്ത നിക്ഷേപമാണ് ഇത്.

ഇക്കാര്യത്തിൽ പൊതുജനങ്ങൾക്ക് താക്കീത് നൽകിക്കൊണ്ട് ആദ്യം രംഗത്തെത്തിയത് ബാങ്ക് ഓഫ് ലെബനണും ന്യൂസിലാന്റ് കേന്ദ്രബാങ്കും ആസ്ട്രേലിയൻ കേന്ദ്രബാങ്കുമാണ്. യൂറോപ്യൻ കേന്ദ്രബാങ്കാവട്ടെ, കുറേക്കൂടി കർക്കശമായി ബിറ്റ്കോയിൻ ഇടപാടുകൾ മരവിപ്പിക്കാനുള്ള സാധ്യതയുണ്ടെന്നും അതുകൊണ്ട് കരുതിക്കളിച്ചാൽ മതിയെന്നും പൊതുജനങ്ങൾക്ക് താക്കീത് നൽകിയിട്ടുണ്ട്.