- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിറ്റ്കോയിൻ ഇടപാടിൽ പത്ത് ലക്ഷം രൂപ നഷ്ടപ്പെട്ടു; കാനറാ ബാങ്കിലെ താൽക്കാലിക ബാങ്ക് ജീവനക്കാരി ജ്യൂസിൽ എലിവിഷം കഴിച്ച് ജീവനൊടുക്കി; 10 ലക്ഷത്തോളം രൂപ ഷുഷിലക്ക് ലഭിക്കാൻ ഉണ്ടായിരുന്നുവെന്ന് ബന്ധുക്കൾ; നിക്ഷേപം നടത്തിയവർക്ക് പണം തിരികെ ആവശ്യപ്പെട്ടു ഗത്യന്തരമില്ലാതെ ആത്മഹത്യ
കണ്ണൂർ: കണ്ണൂർ കുത്തുപറമ്പിൽ കാനറ ബാങ്ക് മാനേജർ കെ.എസ് സ്വപ്ന ജീവനൊടുക്കിയതിനു ഒരാഴ്‌ച്ച പിന്നിടുന്നതിന് മുൻപ് കാഞ്ഞങ്ങാടും സമാനമായ സംഭവം. ഇന്റർനെറ്റ് സാമ്പത്തിക ഇടപാടിൽ പണം നഷ്ടപ്പെട്ട ബാങ്ക് ജീവനക്കാരി എലിവിഷം കഴിച്ചാണ് ജീവനൊടുക്കിയത്. കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറത്തെ പ്രസാദിന്റെ ഭാര്യ ഷുഷിലയാണ്(39) മരിച്ചത്. കാനറ ബാങ്കിലെ താൽക്കാലിക ജീവനക്കാരിയായ ഷുഷില ഇന്റർനെറ്റ് സാമ്പത്തിക ഇടപാടായ ബിറ്റ്കോയിൻ വഴി നിരവധിപേരെ കണ്ണികളാക്കി ചേർത്തിരുന്നു.
ആളുകളിൽ നിന്നും പിരിച്ചെടുത്ത പണം ബിറ്റ്കോയിനായി നിക്ഷേപിച്ചിരുന്നുവെങ്കിലും സാങ്കേതിക പിഴവിൽ വൻതുക നഷ്ടപ്പെട്ടുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ഷുഷില മുഖേന നിരവധിപേർ ബിറ്റ്കോയിൽ നിക്ഷേപം നടത്തിയിരുന്നു. എന്നാൽ ഇതിൽ നിന്നുള്ള വരുമാനം കിട്ടാതെയായപ്പോൾ അന്വേഷിച്ചപ്പോഴാണ് സാങ്കേതിക പിഴവിലൂടെ പണം നഷ്ടപ്പെട്ടതായി അറിയുന്നത്. ഏതാണ്ട് 10ലക്ഷത്തോളം രൂപ ഷുഷിലക്ക് ലഭിക്കാനുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. എന്നാൽ നിക്ഷേപം നടത്തിയവർ പണം തിരികെ ആവശ്യപ്പെട്ടു തുടങ്ങിയതോടെ നാലുദിവസം മുമ്പ് ഷുഷീല ജ്യൂസിൽ എലിവിഷം കലർത്തി കുടിക്കുകയായിരുന്നു.
ഇതോടെ കടുത്ത വയറുവേദന അനുഭവപ്പെട്ട ഷുഷിലയെ ആശുപത്രിയിൽ കാണിക്കുകയും മരുന്ന് നൽകുകയും ചെയ്തു. വ്യാഴാഴ്‌ച്ച ഉച്ചയോടെ അസുഖം മൂർച്ഛിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിലാണ് താൻ രണ്ടുദിവസം മുമ്പ് എലിവിഷം കഴിച്ചതായി ഇവർ ബന്ധുക്കളോട് വെളിപ്പെടുത്തിയത്. മൃതദേഹം പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മീനാപ്പീസ് കടപ്പുറത്തെ ബാലൻ-വിമല ദമ്പതികളുടെ മകളാണ്. മക്കൾ: അദ്വൈദ്, ആരവ്. സഹോദരങ്ങൾ: സുജല, സുനില, സുജിത്ത്.
കുത്തുപറമ്പ് തൊക്കിലങ്ങാടിയിലെ കാനറാ ബാങ്ക് മാനേജരും തൃശുർ സ്വദേശിനിയുമായ കെ.എസ് സ്വപ്ന ജോലി സമ്മർദ്ദം കാരണമാണ് ഒരാഴ്‌ച്ച മുൻപ് തൊക്കിലങ്ങാടിയിലെ ബാങ്ക് ശാഖയിലെ ഓഫിസ് കാബിനുള്ളിൽ ഫാനിൽ തൂങ്ങി മരിച്ചത്.ഈ സംഭവത്തിൽ പൊലിസ് അന്വേഷണം നടത്തി വരികയാണ്.