ക്രിപ്‌റ്റോ കറൻസികൾക്ക് ലോകമെമ്പാടും വന്ന നിയന്ത്രണവും വിശ്വാസ്യതാ നഷ്ടവും നിക്ഷേപകർക്ക് വൻതോതിലുള്ള തിരിച്ചടിയാകുന്നു. ബിറ്റ്‌കോയിന്റെ വിലയിൽ തുടർച്ചയായുണ്ടാകുന്ന വിലയിടിവ് കടുത്ത ആശങ്കയുണ്ടാക്കുന്നതാണ്. ഡിസംബറിൽ 19,500 ഡോളർ വരെ ഉയർന്ന ബിറ്റ്‌കോയിന്റെ ഇന്നലത്തെ വില 8700 ഡോളറാണ്. 55 ശതമാനം വിലയിടിവാണ് ഒരുമാസത്തിനിടെ ബിറ്റ്‌കോയിനുണ്ടായത്.

ക്രിപ്‌റ്റോകറൻസികൾക്കാകമാനം വിലയിടിവ് സംഭവിച്ചിട്ടുണ്ട്. വിശ്വാസ്യത നഷ്ടപ്പെട്ടതും ഓരോ രാജ്യങ്ങളിൽ വന്ന നിയന്ത്രണവുമാണ് ഇതിന് പ്രധാനകാരണം. ഏറ്റവുമൊടുവിൽ ഇന്നലെ ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയും ക്രിപ്‌റ്റോ കറൻസിക്കെതിരെ രംഗത്തുവന്നിരുന്നു. ഇന്ത്യയിൽ ക്രിപ്‌റ്റോകറൻസികൾക്ക് നിയമപരമായി അംഗീകാരമില്ലെന്നും അവയുടെ ഉപയോഗം തടയുമെന്നുമാണ് ജെയ്റ്റ്‌ലി പറഞ്ഞത്.

ക്രിപ്‌റ്റോ കറൻസികളുടെ ഉപയോഗത്തെ സർക്കാർ പ്രോത്സാഹിപ്പിക്കില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. വൻതോതിലുള്ള ക്രിപ്‌റ്റോകറൻസി വിനിമയം നടക്കുന്നതിനിടെയാണ് ഇന്ത്യയും അതിനെതിരേ നടപടിയെടുത്തത്. റിലയൻസ് അടക്കമുള്ളവർ ക്രിപ്‌റ്റോകറൻസി രംഗത്തിറക്കാൻ പദ്ധതിയിട്ടിരുന്നു. ഈ നീക്കങ്ങൾക്ക് വലിയ തിരിച്ചടിയാണ് സർക്കാരിന്റെ തീരുമാനത്തോടെ ഉണ്ടായിരിക്കുന്നത്.

സാങ്കൽപ്പിക നാണയ വിനിമയത്തിനെതിരേ ലോകരാജ്യങ്ങൾ പലതും രംഗത്തുവന്നതോടെ, മിക്കവാറും എല്ലാ ക്രിപ്‌റ്റോകറൻസികളും കൂപ്പുകുത്തിയിട്ടുണ്ട്. എതീറിയത്തിന്റെ വില 985.94 ഡോളറിലേക്കാണ് വീണത്. റിപ്പിൾ ഒരു ഡോളറിലും താഴ്ന്ന് 0.9 ഡോളറായി. ബിറ്റ്‌കോയിൻ ക്യാഷിന്റെ വില 1209.16 ഡോളറായി. ലൈറ്റ്‌കോയിന്റേത് 138.63 ഡോളറുമായി.

ബിറ്റ്‌കോയിന് കഴിഞ്ഞ 12 മണിക്കൂറിനിടെ 472 ഡോളറാണ് മൂല്യമിടിഞ്ഞത്. 4.95 ശതമാനം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 2531 ഡോളറിന്റെ (21.85 ശതമാനം) വിലയിടിവും ബിറ്റ്‌കോയിന് സംഭവിച്ചു. എതീറിയത്തിന്റെ വിലയിൽ 121 ഡോളറിന്റെ വിലയിടിവാണ് 12 മണിക്കൂറിനിടെ സംഭവിച്ചത്. ഒരാഴ്ചയ്ക്കിടെ കയറിയിറങ്ങി നിൽക്കുന്ന വിലയിൽ 79.2 ഡോളർ മൂല്യം നഷ്ടമായി.

പല പേരുകളിൽ ദിവസവും ക്രിപ്‌റ്റോകറൻസികൾ രംഗത്തുവരികയും അപ്രത്യക്ഷമാവുകയും ചെയ്യുന്നുണ്ട്. അപ്രശസ്തമായ ക്രിപ്‌റ്റോകറൻസിയായ ഏരീസ്ബാങ്ക് എന്ന ക്രിപ്‌റ്റോകറൻസിയുടെ വിനിമയം റദ്ദാക്കുകയാണെന്ന് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മിഷൻ പ്രഖ്യാപിച്ചിരുന്നു. ബോക്‌സിങ് ഇതിഹാസം ഇവാൻ ഹോളിഫീൽഡിന്റെ നേതൃത്വത്തിലാണ് ഏരീസ്ബാങ്ക് പ്രവർത്തിച്ചിരുന്നത്. 60 കോടി ഡോളർ നിക്ഷേപമുണ്ടെന്ന് കമ്പനി അവകാശപ്പെട്ടെങ്കിലും തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടതിനെത്തുടർന്നാണ് എക്‌സ്‌ചേഞ്ച് കമ്മിഷൻ ഇതിന്റെ വിനിമയം തടഞ്ഞത്.