ലണ്ടൻ: ഓക്സ്ഫോർഡ്ഷെയറിലെ മൗൾസ്ഫോർഡിലെ ഗ്രാമത്തിലുള്ള സൈബർ കറൻസി ട്രേഡറുടെ വീട്ടിലേക്ക് മോഷ്ടാക്കൾ ആക്രമിച്ച് കയറി വൻതുക മൂല്യം വരുന്ന ബിറ്റ്കോയിൻ തങ്ങളുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യിപ്പിച്ചതായി റിപ്പോർട്ട്. തോക്ക് ചൂണ്ടിയാണ് ഇത്തരത്തിൽ ബിറ്റ്കോയിൻ മോഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഡിജിറ്റൽ കറൻസിക്കും മോഷ്ടാക്കളിൽ നിന്നും രക്ഷയില്ലെന്നാണ് ഇതിലൂടെ വെളിപ്പെട്ടിരിക്കുന്നത്. ക്രൈപ്റ്റോകറൻസിയുടെ രഹസ്യസ്വഭാവം മൂലം കൊള്ളക്കാരെ കണ്ടെത്താൻ സാധിച്ചേക്കില്ലെന്ന ആശങ്കയും ശക്തമാകുന്നുണ്ട്.

ബ്രിട്ടിനിൽ ബിറ്റ്കോയിൻ കവർച്ച ഇതാദ്യമായിട്ടാണെന്നാണ് കരുതുന്നത്.മുഖം മൂടി ധരിച്ച് വീട്ടിലേക്ക് ആക്രമിച്ച് കയറിയ മോഷ്ടാക്കൾ ബിറ്റ്കോയിൻ ട്രേഡറുടെ ഭാര്യയെ കെട്ടിയിടുകയും കുഞ്ഞിനെ പ്രാമിൽ നിന്നും എടുത്ത് പുറത്തിടുകയും ചെയ്തിരുന്നു. തുടർന്നായിരുന്നു ബിറ്റ് കോയിൻ ട്രേഡറെ തോക്കിന്മുനയിൽ നിർത്തി അദ്ദേഹത്തിന്റെ കമ്പ്യൂട്ടറിൽ നിന്നും പണം നിർബന്ധിപ്പിച്ച് ട്രാൻസ്ഫർ ചെയ്യിച്ചത്. തിങ്കളാഴ്ച രാവിലെയാണീ കവർച്ച നടന്നതെന്നാണ് റിപ്പോർട്ട്. ഗവൺമെന്റ് ഒഫീഷ്യലുകൾക്ക് ട്രാക്ക് ചെയ്യാൻ സാധിക്കാത്തതാണ് ക്രിമിനലുകൾക്ക് ബിറ്റ്കോയിൻ സമീപകാലത്ത് ഇത്രമാത്രം പ്രിയങ്കരമാകാൻ പ്രധാന കാരണം.

ഇത് സൂക്ഷിക്കാൻ വെറും സൈബർ സ്പേസ് മതിയെന്നതും പേര് വെളിപ്പെടുത്താതെ ഇത് ട്രാൻസ്ഫർ ചെയ്യാമെന്നതും ക്രിമിനലുകൾക്ക് സൗകര്യമാകുന്നു. ഒരു മൗസ് ക്ലിക്കിനാൽ എക്സേഞ്ച് ചെയ്ത് സാധാരണ പണമാക്കി മാറ്റാനും സാധിക്കും. ഈ കവർച്ചയുമായി ബന്ധപ്പെട്ട് സമീപത്ത് കാൻഫോർഡ്ഹൗസിലെ ഇൻഡിപെന്റന്റ് സ്‌കൂളിൽ പൊലീസ് കടുത്ത തെരച്ചിൽ നടത്തിയിരുന്നു.ഇതിന് പുറമെ പ്രദേശവാസികളുടെ വീടുകളിലും പ്രദേശം മുഴുവനും പൊലീസ് അരിച്ച് പെറുക്കിയിരുന്നു. ഇതിനായി ഒരു ഹെലികോപ്റ്ററും ഉപയോഗിച്ചിരുന്നു.

മോഷണത്തിന് സാക്ഷ്യം വഹിച്ചവർ ഇത് വെളിപ്പെടുത്താൻ മുന്നോട്ട് വരണമെന്ന് തെയിസ് വാലി പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അറിയിച്ച് കൊണ്ടുള്ള ഇമെയിൽ ഈ സ്‌കൂളിലെ ഹെഡ്‌മാസ്റ്റർ രക്ഷിതാക്കൾക്ക് അയച്ചിരുന്നു.ഈ ഗ്രാമത്തിൽ അന്നേ ദിവസം ആരെങ്കിലും സംശയകരമായ രീതിയിൽ പ്രവർത്തിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെങ്കിലോ അത്തരം ദൃശ്യങ്ങൾ ഡാഷ്‌കാംഫൂട്ടേജുകളിൽ പതിഞ്ഞിട്ടുണ്ടെങ്കിലോ അത് വെളിപ്പെടുത്താൻ തയ്യാറാകണമെന്ന് നിർദേശമുണ്ട്.മോഷണം നടന്ന പ്രോപ്പർട്ടിയിലേക്ക് നാല് യുവാക്കൾ ബ്ലാക്ക് ട്രാക്ക് സ്യൂട്ടും മുഖം മൂടിയും ധരിച്ച് കയറിപ്പോകുന്നത് കണ്ടിരുന്നുവെന്നാണ് സ്‌കൂളിലെ ഒരു കുട്ടിയുടെ അണ്മ വെളിപ്പെടുത്തിയത്.

റോഡ് മുറിച്ച് കടന്ന് പ്രസ്തുത പ്രോപ്പർട്ടിയിലേക്ക് പോയവർ ഫെൻസ് ചാടിക്കടന്നായിരുന്നു വീട് നിൽക്കുന്ന സ്ഥലത്തേക്ക് പ്രവേശിച്ചിരുന്നതെന്നും സ്ത്രീ പറയുന്നു. മൗൾസ്ഫോർഡിൽ കടുത്ത കവർച്ച നടന്നുവെന്ന കാര്യം തെയിംസ് വാലി പൊലീസ് വക്താവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഇതേ രീതിയിലുള്ള കവർച്ചക്ക് മറ്റ് ക്രിമിനലുകളും തയ്യാറെടുത്തേക്കാമെന്നാണ് ക്രൈപ്റ്റോ-കറൻസി വിദഗ്ദ്ധർ മുന്നറിയിപ്പേകുന്നത്.