റായ്പുർ: നിലത്തു കിടക്കുന്ന സ്ത്രീകളുടെ മുകളിലൂടെ നടന്ന് നീങ്ങുന്ന പൂജാരിമാർ. ആദ്യകാഴ്ചയിൽ ഞെട്ടലുണ്ടാക്കുമെങ്കിലും ഛത്തീസ്‌ഗഡിലെ ഒരു ക്ഷേത്രത്തിൽ നടക്കുന്ന 'മാധായി' ഉത്സവത്തോടനുബന്ധിച്ചുള്ള ഒരു ആചാരമാണിത്.

വിവാഹം കഴിഞ്ഞ് വർഷങ്ങളായിട്ടും കുട്ടികളില്ലാത്ത സ്ത്രീകളാണ് ഈ ആചാരത്തിൽ പങ്കു ചേരുന്നത്. ധംതരി ജില്ലയിലെ അങ്കാർമോത്തി ദേവി ക്ഷേത്രത്തിൽ എല്ലാവർഷവും നടത്തി വരുന്ന മാധായി ഉത്സവത്തിൽ പങ്കെടുക്കുന്നതിനായി ദൂരദേശങ്ങളിൽ നിന്ന് പോലും നൂറു കണക്കിന് സ്ത്രീകളാണെത്തുന്നത്.

ആചാരത്തിന്റെ ഭാഗമായി നിലത്തു കമിഴ്ന്നു കിടക്കുന്ന സ്ത്രീകളുടെ മുകളിലൂടെ പുരോഹിതന്മാരും മന്ത്രവാദികളും മന്ത്രോച്ചാരണങ്ങളുമായി നടന്നു നീങ്ങും. ചടങ്ങ് പൂർത്തിയാക്കിയാൽ അധികം വൈകാതെ തന്നെ ഒരമ്മയാകാനുള്ള അനുഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം. നൂറുകണക്കിന് ആളുകൾ ചടങ്ങിന് സാക്ഷ്യം വഹിക്കാനും എത്താറുണ്ട്.