കോഴിക്കോട്: വി.മുരളീധരനെ മഹാരാഷ്ട്രയിൽ നിന്ന് രാജ്യസഭാംഗയിലേക്ക് അയക്കാൻ ബിജെപി തീരുമാനിച്ചതിൽ, സംസ്ഥാനത്തെ സാധാരണ ബിജെപി പ്രവർത്തകർ സോഷ്യൽമീഡിയയിലൂടെ അഭിവാദ്യമർപ്പിക്കാൻ മൽസരിക്കുമ്പോൾ പാർട്ടിയിൽ മുരളീധരന്റെ എതിർപക്ഷം പ്രതികരിക്കാത്തത് ചർച്ചയാവുന്നു. മുതിർന്ന നേതാക്കളായ പി.കെ കൃഷ്ണദാസും എം ടി രമേശും ഇതുവരെ ഇക്കാര്യത്തിൽ ഒരു പ്രതികരവണവും നടത്തിയിട്ടില്ല.

ബിജെപിയിലേക്ക് ആർഎസ്എസ് നിയോഗിച്ച സംഘ പ്രചാരകനായ സഹ സംഘടനാ സെക്രട്ടറി സുഭാഷും ഇതുവരെ പ്രതികരിച്ചിട്ടില്ല. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനാവട്ടെ ഫേസ്‌ബുക്കിൽ ബിജെപി കേരളം എന്ന പേജിൽ വന്ന വി.മുരളീധരൻ രാജ്യസഭയിലേക്ക് എന്ന വാർത്ത ഷെയർ ചെയ്യുകയും, രാജ്യസഭയിലേക്ക് നോമിനേഷൻ കൊടുത്തത് അറിയിച്ച് ട്വീറ്റ് ചെയ്യുകയും മാത്രമാണ് ചെയ്തത്.

സംസ്ഥാന ബിജെപിക്ക് ദേശീയ നേതൃത്വത്തിൽ നിന്നും ലഭിച്ച വലിയ അംഗീകാരത്തിനോടുള്ള സംസ്ഥാന അദ്ധ്യക്ഷന്റെ തണുപ്പൻ പ്രതികരണവും മുതിർന്ന നേതാക്കളുടെ നിശബ്ദതയും സംഘപരിവാർ അണികളെ നിരാശരാക്കിയിരിക്കുകയാണ്. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് സംസ്ഥാനത്തെ പാർട്ടിക്ക് ആത്മവിശ്വാസം നൽകാൻ കേന്ദ്ര നേതൃത്വം നൽകിയ രാജ്യസഭാ സീറ്റ് ഫലത്തിൽ ബിജെപിക്ക് വിപരീതഫലംമാണ് നൽകുന്നത്.

പഞ്ചായത്ത് സെക്രട്ടറിമാരെ തിരഞ്ഞെടുത്താൽ പോലും അഭിവാദ്യം അർപ്പിച്ച് പോസ്റ്റ് ചെയ്യാറുള്ള തങ്ങളുടെ നേതാക്കന്മാർ കേരളത്തിലെ മുതിർന്ന നേതാവിന് എംപി സ്ഥാനം കിട്ടിയതിനെ അവഗണിച്ചതിനെതിരെ സൈബർ സംഘപരിവാർ പ്രവർത്തകർ വലിയ പ്രതിഷേധമാണ് ഉയർത്തുന്നത്. മുരളീധരനെ രാജ്യസഭാംഗമാക്കിയത് കുമ്മനം അടക്കമുള്ള കേരള ബിജെപി നേതാക്കൾ അറിയാതെയായിരുന്നു. സംസ്ഥാനത്തെ ആർഎസ്എസ് നേതാക്കളുടെ കണ്ണിലെ കരടായ നേതാവാണ് വി.മുരളീധരൻ.

രണ്ടാം തവണ മുരളീധരൻ സംസ്ഥാന അദ്ധ്യക്ഷൻ ആയത് ആർഎസ്എസിന്റെ ശക്തമായ എതിർപ്പ് മറികടന്നായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ തുഷാർ വെള്ളാപ്പള്ളി രാജ്യസഭയിലേക്ക് മൽസരിക്കുമെന്ന വ്യാജവാർത്ത പ്രചരിച്ചത്തും മുരളീധരന്റെ എംപി സ്ഥാനം തടയാനാണെന്ന ആരോപണം ഉയരുന്നുണ്ടു. ഇന്നലെ ആലപ്പുഴയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ വെള്ളാപ്പള്ളി നടേശനും ഈ കാര്യം വ്യക്തമാക്കിയിരുന്നു.

കോഴിക്കോട് നിന്നുമാണ് വാർത്ത വന്നതെന്നും ബിജെപിയിലെ ഒരു വിഭാഗവും ചില മാധ്യമപ്രവർത്തകരുമാണ് വാർത്തയുടെ പിന്നിലെന്നായിരുന്നു വെള്ളാപ്പള്ളിയുടെ ആരോപണം.