കോഴിക്കോട്: ബിജെപി നേതാവ് പികെ കൃഷ്ണദാസ് കേരളാകോൺസ്ര് നേതാവ് കെഎം മാണിയെ പാലയിലെ വീട്ടിൽ സന്ദർശിച്ചത് ബിജെപിയിൽ വിവാദമാകുന്നു. കെഎം മാണി ഒരുക്കിയ നാടകത്തിൽ കൃഷ്ണദാസും പങ്കാളിയായെന്നാണ് കഴിഞ്ഞ ദിവസം കൊല്ലത്ത് നടന്ന ബിജെപി കോർകമ്മിറ്റിയിലുയർന്ന പ്രധാന വിമർശനം.

കൃഷ്ണദാസിന്റെ സന്ദർശനത്തോടെ മാണിക്ക് ഫലത്തിൽ എൽഡിഎഫിനോട് വിലപേശാനുള്ള അവസരമാണ് ലഭിച്ചതെന്ന് യോഗത്തിൽ വിമർശനമുയർന്നു.തങ്ങൾ എടുത്തില്ലെങ്കിൽ മാണി ബിജെപിയിലേക്ക് പോവുമെന്നും അത് ഒഴിവാക്കാനും, ഫാസിസത്തിനെതിരെ ജനാധിപത്യനിര ശക്തിപ്പെടുത്താനുമാണ് മാണിയെ മുന്നണിയിലെടുക്കുന്നതെന്ന് ന്യായം പറയാനും ഇത് സിപിഎമ്മിനും അവസരം ഒരുക്കിക്കൊടുക്കുമെന്നം യോഗത്തിൽ വിമർശനമുയർന്നു.

ബിജെപിയിലേക്ക് മാണിയെ ക്ഷണിക്കാനാണെങ്കിൽ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനോ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനമോ ആയിരുന്നു പോകേണ്ടിയിരുന്നതെന്ന് വി മുരളീധരൻ പറഞ്ഞു. രഹസ്യമായി നടത്തേണ്ട ചർച്ച പരസ്യമായി മാധ്യമങ്ങളെ അറിയിച്ച് നടത്തിയത് ഗൂഢാലോചനയാണെന്ന് അദ്ദേഹം ആരോപിച്ചു.

മാണിയുമായി അടുത്ത ബന്ധം പുലർത്തുന്ന കോട്ടയത്തുള്ള ബിജെപി ജില്ലാ നേതാവാണ് കൃഷ്ണദാസിനെ മാണിയുടെ വീട്ടിലത്തെിച്ചതെന്ന ആരോപണവുമുണ്ട്. മാണിക്കെതിരായി കോഴിക്കോട് വി മുരളീധരൻ നടത്തിയ അഭിപ്രായപ്രകടനവും കോർ കമ്മിറ്റിയിൽ ചർച്ചയായി. മുരളീധരനെതിരെ എം ടി രമേശ് ആഞ്ഞടിച്ചു. എന്നാൽ പാർട്ടിയിൽ ചർച്ച ചെയ്യാതെ കൃഷ്ണദാസ് മാണിയെ കാണാൻ പോയത് ആർക്ക് വേണ്ടിയാണെന്ന് മുരളീധരൻ തിരിച്ചടിച്ചു.

ബിഡിജെഎസ് ബന്ധം ഉലഞ്ഞതിന് പിന്നാലെ മാണിയെ ചൊല്ലിയുണ്ടായ കലഹം ചെങ്ങന്നൂരിലെ ബിജെപി സ്ഥാനാർത്ഥി ശ്രീധരൻപിള്ളയുടെ സാധ്യതകളെ ബാധിക്കന്നുണ്ട്. ചെങ്ങന്നൂരിലെ പ്രചരണത്തിന്റെ ചുക്കാൻ ആർഎസ്എസ് പ്രാദേശിക നേതാക്കൾ ഏറ്റടെുത്തതോടെ ബിജെപി നേതാക്കൾ പ്രചരണത്തിൽ നിന്നും ഉൾവലിഞ്ഞ മട്ടിലാണ്. ഇത് ആദ്യഘട്ട പ്രചരണത്തിൽ ബിജെപിയെ ബാധിച്ചതായും കോർ കമ്മറി വിലയിരുത്തി. ചെങ്ങന്നൂരിൽ കഴിഞ്ഞ തവണ ന്യൂനപക്ഷ വോട്ടുകൾ ഏകീകരിച്ചതാണ് തന്റെ തോൽവിക്ക് കാരണമെന്ന് ശ്രീധരൻപിള്ള പറഞ്ഞതും അസ്ഥാനത്തായിപ്പോയെന്ന് യോഗം വിലയിരുത്തി.

അതേസമയം കഴിഞ്ഞ തവണ ലഭിച്ച 42,000 വോട്ടിൽ നിന്ന് എത്ര കുറഞ്ഞാലും സംസ്ഥാന നേതൃത്വത്തിനെതിരെ നടപടിയെടുക്കുമെന്ന നിലപാടിലാണ് ബിജെപി കേന്ദ്ര നേതൃത്വം. ബിഡിജെഎസ് ഇല്ലാതെ മത്സരിച്ചാൽ 25,000 വോട്ടിനപ്പുറം കൂടില്ലന്നൊണ് ബിജെപി പ്രാദേശിക നേതൃത്വത്തിന്റെ വിലയിരുത്തൽ. ബിഡിജെഎസിനെ അനുനയിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ടെങ്കിലും തുഷാർ രാജ്യസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന വ്യാജവാർത്ത പ്രചരിപ്പിച്ചവർക്കതിരെ ദേശീയ നേതൃത്വം നടപടിയെടുക്കണം എന്ന നിലപാടിലാണ് വെള്ളാപ്പള്ളിയും തുഷാറും. കോഴിക്കോട് കേന്ദ്രീകരിച്ച് ചില സംഘപരിവാർ അനുകൂല മാധ്യമപ്രവർത്തകരും ബിജെപിയിലെ ഒരു വിഭാഗവുമാണ് വ്യാജവാർത്തയ്ക്കു പിന്നിലെന്ന് ബിഡിജെഎസ് ആരോപിക്കുന്നു.

മുരളീധരൻ രാജ്യസഭയിലേക്ക് മത്സരിക്കുന്നത് തടയാൻ തുഷാറിന്റെ പേര് ഉയർത്തി കാണിക്കുകയായിരുന്നെന്നാണ് വെള്ളാപ്പള്ളിയുടെ ആരോപണം. ആർഎസ്എസ് നഗർ ശാരീരിക് ശിക്ഷൺ ചുമതല വഹിച്ചിരുന്ന കോഴിക്കോട്ടെ പ്രമുഖ റിപ്പോർട്ടറും, ഭാരതീയ വിചാര കേന്ദ്രത്തിന്റെ സംസ്ഥാന നേതാവിന്റെ മകനും തിരുവനന്തപുരം എംജി കോളേജിലെ മുൻ ചെയർമാനുമായ ഡൽഹി റിപ്പോർട്ടുമാണ് വാർത്തകൾ പുറത്തുവിട്ടത് എന്നാണ് ആരോപണം.എന്നാൽ വ്യാജ വാർത്ത പുറത്തവിട്ടവർക്കെതിരെ നടപടിവേണമെന്ന ബി.ഡി.ജെ.എസിന്റെ ആവശ്യം ബിജെപി അംഗീകരിച്ചിട്ടില്ല.

വി.മുരളീധരന്റെ രാജ്യസഭാ സീറ്റിനെ ചൊല്ലി ബിജെപി കേരള ഘടകത്തിൽ നേരത്തെ തന്നെ ഭിന്നത ശക്തമാണ്.വി.മുരളീധരനെ മഹാരാഷ്ട്രയിൽ നിന്ന് രാജ്യസഭാംഗയിലേക്ക് അയക്കാൻ ബിജെപി തീരുമാനിച്ചതിൽ സംസ്ഥാനത്തെ സാധാരണ ബിജെപി പ്രവർത്തകർ സോഷൽ മീഡിയയിലൂടെ അഭിവാദ്യമർപ്പിച്ചപ്പോൾ പാർട്ടിയിലെ മറ്റ് നേതാക്കൾ പുലർത്തിയ മൗനം നേരത്തെ ചർച്ചയായിരുന്നു. മുതിർന്ന നേതാക്കളായ പി.കെ കൃഷ്ണദാസും എം ടി രമേശും ഇതുവരെ ഇക്കാര്യത്തിൽ ഒരു പ്രതികരവണവും നടത്തിയിട്ടില്ല. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനാവട്ടെ ഫേസ്‌ബുക്കിൽ ബിജെപി കേരളം എന്ന പേജിൽ വന്ന വി.മുരളീധരൻ രാജ്യസഭയിലേക്ക് എന്ന വാർത്ത ഷെയർ ചെയ്യകയും, രാജ്യസഭയിലേക്ക് നോമിനേഷൻ കൊടുത്തത് അറിയിച്ച് ട്വീറ്റ് ചെയ്യകയും മാത്രമാണ് ചെയ്തത്.

സംസ്ഥാന ബിജെപിക്ക് ദേശീയ നേതൃത്വത്തിൽ നിന്നും ലഭിച്ച വലിയ അംഗീകാരത്തിനോടുള്ള സംസ്ഥാന അധ്യക്ഷന്റെ തണുപ്പൻ പ്രതികരണവും മുതിർന്ന നേതാക്കളുടെ നിശബ്ദതയും സംഘപരിവാർ അണികളെ നിരാശരാക്കിയിരിക്കുകയാണ്. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് സംസ്ഥാനത്തെ പാർട്ടിക്ക് ആത്മവിശ്വാസം നൽകാനായി കേന്ദ്ര നേതൃത്വം നൽകിയ രാജ്യസഭാ സീറ്റ് ഫലത്തിൽ ബിജെപിക്ക് വിപരീതഫലമാണ് ഉണ്ടാക്കിയത്.ഇതോടൊപ്പം മാണിവിവാദവും കൂടിയായതോടെ സംസ്ഥാന ബിജെപി നേതൃത്വത്തിലെ ഭിന്നത ശക്തമായിരിക്കയാണ്.