കൊച്ചി: ബിജെപി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെതിരേ പാർട്ടിക്കുള്ളിൽ എതിർപ്പ് ശക്തമാകുമ്പോൾ ശോഭാ സുരേന്ദ്രനെ ഒറ്റപ്പെടുത്തി വിഭാഗീയതയെ നേരിടാൻ കേരളാ ബിജെപിയിലെ ഔദ്യോഗിക പക്ഷത്ത് നീക്കം. സുരേന്ദ്രനെ കുറ്റപ്പെടുത്തി പരസ്യപ്രതികരണവുമായി മുതിർന്ന നേതാവ് പി.എം. വേലായുധനെ ഒപ്പം നിർത്താൻ ആർ എസ് എസ് തന്നെ ഇടപെടൽ നടത്തും. എന്നാൽ ശോഭാ സുരേന്ദ്രന്റെ കാര്യത്തിൽ ഈ ഇടപെടൽ ഉണ്ടാകില്ല. ശോഭ ഒരിക്കലും ബിജെപി വിട്ടു പോകില്ലെന്നാണ് പ്രതീക്ഷയെന്ന് മുതിർന്ന പരിവാർ നേതാവ് മറുനാടനോട് പറഞ്ഞു.

പ്രത്യേക സാഹചര്യത്തിൽ പിപി മുകുന്ദനെ നേതൃത്വത്തിലേക്ക് തിരികെ കൊണ്ടു വരാനും ശ്രമം നടക്കുന്നുണ്ട്. എൻഡിഎയുടെ ചുമതല മുകുന്ദനെ ഏൽപ്പിക്കണമെന്ന ആവശ്യം അതിശക്തമാണ്. തങ്ങളുടെ നേതാവായി മുകുന്ദനെ ഉയർത്തിക്കാട്ടാൻ ബിജെപിയിലെ ഒരു വിഭാഗം ശ്രമിച്ചിരുന്നു. എന്നാൽ വിമതരുടെ നേതാവാകാൻ ഇല്ലെന്നാണ് മുകുന്ദൻ നൽകിയ നിർദ്ദേശം. കണ്ണൂരിലെ പ്രവർത്തകരുടെ ആത്മവീര്യം തകർക്കാനില്ലെന്നും മുകുന്ദൻ പ്രതികരിക്കുന്നുണ്ട്. ഇത് ബിജെപി ഔദ്യോഗിക പക്ഷത്തിന് ഏറെ ആശ്വാസമാണ്. ഇതിനിടെയാണ് മുകുന്ദനെ നേതൃത്വത്തിൽ സജീവമാക്കണമെന്ന ചർച്ചയും ഉയരുന്നത്.

ശോഭാ സുരേന്ദ്രനെ ബിജെപി ദേശീയ നേതൃത്വം അനുനയിപ്പിക്കുമെന്നാണ് ആർ എസ് എസിന്റെ പ്രതീക്ഷ. സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ കഴിഞ്ഞദിവസം സുരേന്ദ്രനെതിരേ ദേശീയ നേതൃത്വത്തിനു പരാതിനൽകിയിരുന്നു. അതിനുപിന്നാലെയാണ് പി.എം. വേലായുധൻ പരസ്യമായി പ്രതികരിച്ചത്. പുതിയ നേതൃത്വം വന്നശേഷം തഴയപ്പെട്ടവർ ഇനിയും ഉണ്ട്. ഇവരെ എല്ലാം അനുനയിപ്പിക്കും. ചെറിയ പരാതികൾ എല്ലാം പരിഹരിക്കും. വോലായുധനെ വൈസ് പ്രസിഡന്റാക്കാനും സാധ്യതയുണ്ട്. സുരേന്ദ്രൻ സംസ്ഥാന പ്രസിഡന്റായാൽ തന്നെയും കെ.പി. ശ്രീശനെയും തത്സ്ഥാനങ്ങളിൽ തുടരാൻ അനുവദിക്കുമെന്ന് വാക്കുതന്നിരുന്നതാണെന്ന് വേലായുധൻ ആരോപിച്ചിരുന്നു. കെപി ശ്രീശനേയും കൂടെ നിർത്താനുള്ള ഇടപെടൽ ഉണ്ടാകും.

ചിലർ മാതാപിതാക്കളെ വൃദ്ധസദനങ്ങളിൽ തള്ളുന്നതുപോലെ തങ്ങളെ പലരെയും വീടുകളിൽ ഇരുത്തിയിരിക്കുകയാണ്. എട്ടുമാസമായി താൻ സുരേന്ദ്രനെ വിളിക്കുന്നുണ്ട്. എന്നാൽ, ഫോൺപോലും എടുക്കുന്നില്ല. പെരുമ്പാവൂരിൽ വന്നിട്ടുപോലും തന്നെ തിരക്കിയില്ല. പ്രസ്ഥാനത്തിനുവേണ്ടി താൻ ഒട്ടേറെ ത്യാഗം അനുഭവിച്ചിട്ടുണ്ടെന്ന് വിതുമ്പിക്കൊണ്ട് വേലായുധൻ പറഞ്ഞു. അടിയന്തരാവസ്ഥക്കാലത്ത് രണ്ടു ജയിലുകളിൽ കിടന്നിട്ടുണ്ട്. പാർട്ടിക്കുവേണ്ടി മർദനമേറ്റിട്ടുണ്ടെന്നും വേലായുധൻ ഓർമിപ്പിച്ചു. ശോഭാ സുരേന്ദ്രൻ ഉന്നയിച്ച കാര്യങ്ങളിൽ കഴമ്പുണ്ട്. താനും ദേശീയ നേതൃത്വത്തിന് പരാതിനൽകുമെന്നും വേലായുധൻ പറഞ്ഞു. ഈ സാഹചര്യത്തിലാണ് വേലായുധനെ അനുനയിപ്പിക്കാനുള്ള ശ്രമം.

തിരുവനന്തപുരത്ത് ബിജെപിയിൽ അസംതൃപ്തി പുകയുകാണ്. എംഎസ് കുമാറിന്റെ നേതൃത്വത്തിൽ പ്രതിഷേധം അതിശക്തമാണ്. എം.എസ്. കുമാറിനെ സംസ്ഥാന വക്താവായി നിലനിർത്തിയെങ്കിലും ഭാരവാഹികളെ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ അദ്ദേഹം രാജിവെക്കുന്നതായി അറിയിച്ചു. ജെ.ആർ. പത്മകുമാറിന് ട്രഷറർ സ്ഥാനം നൽകിയെങ്കിലും ചാനൽചർച്ചകളിൽ ഇപ്പോൾ അദ്ദേഹമില്ല. ഇടഞ്ഞുനിൽക്കുന്നവരുമായി ധാരണയുണ്ടാക്കാൻ സിപിഎം. ശ്രമിക്കുന്നുണ്ട്. ചിലരെ അനൗദ്യോഗികമായി കാണുകയും ചെയ്തു. ഒകെ വാസുവിനെയാണ് സിപിഎം ഇതിന് ചുമതലപ്പെടുത്തിയിരിക്കുന്നത്. എംഎസ് കുമാറും ജെ ആർ പത്മകുമാറും ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. ഇരുവരേയും സിപിഎം നോട്ടമിടുന്നുവെന്നതാണ് വസ്തുത.

കേന്ദ്ര നേതൃത്വം വിഷയത്തിൽ ഇടപെടില്ലെന്നും സൂചനയുണ്ട്. സംസ്ഥാന ഘടകങ്ങളെ പുനഃസംഘടിപ്പിക്കുന്ന ഘട്ടത്തിൽ യുവാക്കൾക്ക് മുൻഗണന നൽകുക, തുടർച്ചയായി ഭാരവാഹികളാകുന്നവരേക്കാൾ അല്ലാത്തവർക്ക് പരിഗണന നൽകുക, നിരവധി ഭാരവാഹികളായ എഴുപത് വയസ് കഴിഞ്ഞവരെ ഒഴിവാക്കുക തുടങ്ങി ചില നിർദേശങ്ങൾ കേന്ദ്രം മുന്നോട്ട് വെച്ചിരുന്നു. സ്ഥാനം കിട്ടിയില്ലെന്ന പരാതികളുയരുമ്പോൾ ഈ നിർദേശങ്ങൾക്കെതിരാവും എന്നതും കേന്ദ്രം ഉടൻ വിഷയത്തിൽ ഇടപെടാതിരിക്കുന്നതിനുള്ള കാരണമാവുമെന്നാണ് സൂചനകൾ. മുമ്പ് ജനറൽ സെക്രട്ടറിയായിരുന്ന എ.എൻ രാധാകൃഷ്ണനെ വൈസ് പ്രസിഡന്റാക്കിയപ്പോൾ പകരം കോർക്കമ്മിറ്റിയിലെടുക്കാൻ കേന്ദ്രം നിർദേശിച്ചിരുന്നു. എന്നാൽ ശോഭയുടെ കാര്യത്തിൽ ഇതുണ്ടായില്ല എന്നുള്ള വിമർശങ്ങളും ഉയരുന്നുണ്ട്.

ഇക്കാര്യം അറിയുന്നത്കൊണ്ടാണ് പാർട്ടിയിലെ അസംതൃപ്തർ കേരള കാര്യങ്ങൾ നേരിട്ട് നോക്കിയ സംഘടന ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി ബി. എൽ സന്തോഷിനെതിരെ ആരോപണമുയർത്തുന്നത്. ഇതിനിടെ ബിജെപിയുമായി ഇടഞ്ഞ സഖ്യകക്ഷിയായ ബി.ഡി.ജെ.എസുമായി ശോഭാ സുരേന്ദ്രൻ ധാരണ ഉണ്ടാക്കാൻ ശ്രമിക്കുന്നെന്ന വാർത്തയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.