കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ വൻ കൊഴിഞ്ഞുപോക്ക്. രണ്ടു ദിവസത്തിനിടെ മൂന്നാമത്തെ എംഎൽഎയും പാർട്ടി വിട്ടു. ശിൽഭദ്ര ദത്തയാണ് ഇന്നു രാവിലെ പാർട്ടി വിട്ടത്. മുൻ മന്ത്രി ശുഭേന്ദു അധികാരിയും മറ്റൊരു എംഎൽഎ ജിതേന്ദ്ര തിവാരിയും വ്യാഴാഴ്ച രാജിവെച്ചിരുന്നു. അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഈ പ്രതിസന്ധി.

വനംമന്ത്രി രാജീബ് ബാനർജി, സുനിൽ മണ്ഡൽ എംപി. എന്നിവരും രാജിക്കുമെന്നാണ് റിപ്പോർട്ട്. രണ്ടുദിവസത്തെ സന്ദർശനത്തിനായി ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ ബംഗാളിലെത്തും. അമിത് ഷായുടെ സാന്നിധ്യത്തിൽ തൃണമൂലിൽ നിന്ന് നേതാക്കളുടെ വൻപട തന്നെ ബിജെപിയിൽ ചേരുമെന്നാണ് റിപ്പോർട്ട്. ബംഗാളിൽ അമിത് ഷാ നേരിട്ടാണ് ഇടപെടുന്നത്. സിപിഎമ്മിനെ തകർത്താണ് ബംഗാളിലെ മുഖ്യപ്രതിപക്ഷമായി ബിജെപി മാറിയത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മമതയ്ക്ക് ശക്തമായ വെല്ലുവിളി ഉയർത്തുകയും ചെയ്തു.

അടുത്ത വർഷത്തെ നിയസഭാ തെരഞ്ഞെടുപ്പിൽ ബംഗളാണ് ബിജെപിയുടെ പ്രധാന ടാർഗറ്റ്. ബംഗാളിലും തമിഴ്‌നാട്ടിലും കേരളത്തിലും ഒരുമിച്ച് വോട്ടെടുപ്പ് നടക്കും. മൂന്നിടങ്ങളിൽ ബിജെപി പ്രധാനമായും നോട്ടമിടുന്നത് ബംഗളാണ്. തമിഴ്‌നാട്ടിലും കേരളത്തിലും കാര്യമായ മുന്നേറ്റം ഇപ്പോഴുണ്ടാക്കാൻ കഴിയുമെന്ന് ബിജെപിയും കണക്കു കൂട്ടുന്നില്ല. ഈ സാഹചര്യത്തിലാണ് ബംഗാളിൽ അമിത് ഷാ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇത് മമതാ ബാനർജിയും തിരിച്ചറിയുന്നുണ്ട്.

ഇതിനിടെ മുഖ്യമന്ത്രി മമത ബാനർജി പാർട്ടി നേതാക്കളുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. എംഎൽഎമാരടക്കമുള്ളവരോട് ഇന്ന് ചേരുന്ന യോഗത്തിൽ പങ്കെടുക്കാനാവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുടേയും പാർട്ടിയിലെ കൊഴിഞ്ഞുപോക്കിന്റേയും അടിസ്ഥാനത്തിലാണ് യോഗം. ബംഗാൾ പിടിക്കുക എന്ന ലക്ഷ്യത്തോടെയുള്ള അമിത് ഷായുടെ ബംഗാൾ സന്ദർശനത്തിൽ വിവിധ കേന്ദ്രങ്ങളിൽ റോഡ് ഷോകളും റാലികളും സംഘടിപ്പിക്കുന്നുണ്ട്. എന്നാൽ ഏതെല്ലാം തൃണമൂൽ നേതാക്കൾ ബിജെപി അംഗത്വം സ്വീകരിക്കുമെന്നതാണ് ശ്രദ്ധേയമായ കാര്യം.

കഴിഞ്ഞദിവസം എംഎ‍ൽഎ സ്ഥാനം ഒഴിഞ്ഞയുടൻ ശുഭേന്ദു ബർധമാനിലെ സുനിൽ മണ്ഡൽ എംപി.യുടെ വീട്ടിലെത്തിയിരുന്നു. അവിടെ ഇരുവർക്കുമൊപ്പം ജിതേന്ദ്ര തിവാരിയുമെത്തി ചർച്ചനടത്തി. നേരത്തേ, മുഖ്യമന്ത്രി മമതാ ബാനർജി തിവാരിയെ വിളിച്ച് കടുത്ത തീരുമാനങ്ങളിലേക്ക് പോകരുതെന്നും വെള്ളിയാഴ്ച ചർച്ചനടത്താമെന്നും പറഞ്ഞിരുന്നു. എന്നാൽ, അനുനയനീക്കം ഫലിച്ചില്ല.

അസൻസോൾ മുനിസിപ്പാലിറ്റിക്ക് 2000 കോടിയുടെ കേന്ദ്രസഹായം കിട്ടുമായിരുന്നത് സംസ്ഥാനസർക്കാർ മുടക്കിയെന്നാരോപിച്ച് രണ്ടുദിവസംമുമ്പ് തിവാരി നഗരവികസനമന്ത്രി ഫിർഹാദ് ഹക്കീമിന് കത്തെഴുതിയിരുന്നു. തിവാരിയെ മന്ത്രി ഹക്കീം ചർച്ചയ്ക്കുവിളിച്ചെങ്കിലും മമതയൊഴികെ ആരോടും സംസാരിക്കില്ലെന്ന് തിവാരി ശഠിച്ചു. ബുധനാഴ്ച ഒരു പാർട്ടിയോഗത്തിൽ ശുഭേന്ദുവിനെ പ്രശംസിച്ച് അദ്ദേഹം സംസാരിച്ചതോടെ പാർട്ടി നേതൃത്വവുമായുള്ള ബന്ധം കൂടുതൽ വഷളാവുകയായിരുന്നു.

അക്രമവും വിഭാഗീയതയും നിറഞ്ഞ രാഷ്ട്രീയത്തിനെതിരേ ശബ്ദിക്കേണ്ട കാലമായെന്ന് നേതൃത്വത്തിനെതിരേ പ്രതികരിച്ച സുനിൽ മണ്ഡൽ എംപി.യും ഉടൻ തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്. മണ്ഡലും ശുഭേന്ദുവും ഒരുമിച്ചുനിൽക്കുന്ന ചിത്രങ്ങൾ പലയിടത്തും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതെല്ലാം മമതയ്ക്ക് തലവേദനയാണ്. ഇതിനിടെ ബംഗാൾ ചീഫ് സെക്രട്ടറിയേയും പൊലീസ് മേധാവിയേയും ആഭ്യന്തര മന്ത്രാലയം രണ്ടാം തവണയും ഡൽഹിക്ക് വിളിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇത്തവണയും നിർദ്ദേശം നിരസിച്ച് ഉദ്യോഗസ്ഥർ വീഡിയോ കോൺഫറൻസിൽ പങ്കെടുക്കാമെന്നാണ് മമത മറുപടി നൽകിയത്.

വിഷയത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ മമതയ്ക്ക് പിന്തുണയുമായി രംഗത്തുണ്ട്. ബംഗാൾ സന്ദർശനത്തിനിടെ ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡയുടെ വാഹനവ്യൂഹം അക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് ഉദ്യോഗസ്ഥരെ ആഭ്യന്തര മന്ത്രാലയം ഡൽഹിക്ക് വിളിപ്പിച്ചത്.