കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ യുഡിഎഫിന് ഒരു സാധ്യതയുമില്ലാത്ത മണ്ഡലമാണ് ബാലുശ്ശേരിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവും വടകര എംപിയുമായ കെ മുരളീധരൻ.

അത്തരമൊരു മണ്ഡലത്തിൽ സിനിമ താരം ധർമ്മജൻ ബോൾഗാട്ടി മത്സരിക്കാൻ തയ്യാറായതു തന്നെ വലിയ കാര്യമാണെന്നും പ്രാദേശിക നേതൃത്വത്തിന്റെ എതിർപ്പുകൾ കാര്യമാക്കേണ്ടെന്നും കെ മുരളീധരൻ പറഞ്ഞു. ധർമ്മജന്റെ സ്ഥാനാർത്ഥിത്വം തിരിച്ചടിയാകുമെന്ന് കാണിച്ച് ബാലുശ്ശേരിയിൽ നിന്നുള്ള പ്രാദേശിക കോൺഗ്രസ് നേതാക്കൾ കെപിസിസിക്ക് കത്ത് നൽകിയതായി വാർത്തകൾ വരികയും ഈ വാർത്ത മണ്ഡലം യുഡിഎഫ് കൺവീനർ നിഷേധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കെ മുരളീധരന്റെ പ്രസ്താവന.

ധർമ്മജൻ ബോൾഗാട്ടി സ്ഥാനാർത്ഥിയാകുമ്പോൾ നടിയ ആക്രമിച്ച കേസിന് കോൺഗ്രസ് ഉത്തരം പറയേണ്ടി വരുമെന്നായിരുന്നു പ്രദേശിക നേതൃത്വത്തിന്റെ പേരിൽ വാർത്തകളിൽ വന്ന കത്തിൽ പറഞ്ഞിരുന്നത്. എന്നാൽ ഇത്തരത്തിലൊരു കത്ത് മണ്ഡലം കൺവീനറായ താൻ ഒപ്പിട്ട് നൽകിയിട്ടില്ലെന്ന് യുഡിഎഫ് ബാലുശ്ശേരി മണ്ഡലം കൺവീനർ അറിയിക്കുകയും ചെയ്തു. സ്ഥാനമോഹികളാണ് ഈ കത്തിന് പിന്നിലെന്ന് വാർത്ത പുറത്തുവന്നതിന് പിന്നാലെ ധർമ്മജൻ പ്രതികരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ധർമ്മജന്റെ സ്ഥാനാർത്ഥിത്വത്തെ സ്വാഗതം ചെയ്തുകൊണ്ട് കെ മുരളീധരൻ രംഗത്ത് വന്നിരിക്കുന്നത്.

അതേ സമയം പാലക്കാട് ജില്ലയിൽ എവി ഗോപിനാഥിന്റെ വിഷയം പരിഹരിക്കുന്നതിൽ സംസ്ഥാന കോൺഗ്രസ് നേതൃത്വം പരാജയപ്പെട്ടു എന്നും കെ മുരളീധരൻ പറഞ്ഞു. പലയിടങ്ങളിലും പ്രശ്‌നം പരിഹരിക്കാൻ കാലതാമസം വരുന്നതാണ് പ്രശ്‌നങ്ങൾ രൂക്ഷമാകാൻ കാരണം. പ്രശ്നങ്ങളെല്ലാം തുടക്കത്തിലെ പരിഹരിക്കണം. ഗോപിനാഥ് പാലക്കാട് ജില്ലയിലെ കോൺഗ്രസിന്റെ പ്രധാനപ്പെട്ട നേതാവാണെന്നും അദ്ദേഹത്തിന്റെ പ്രശ്‌നം ഉടൻ പരിഹരിക്കണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെ മുരളീധരൻ പറഞ്ഞു.