- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സുരേഷ് ഗോപിയുടെ കാര്യത്തിൽ അവ്യക്തത; കൊടുങ്ങല്ലൂരിൽ മത്സരിക്കാൻ തുഷാർ; പാലായിൽ പിസി തോമസ്; കോവളത്ത് വിഷ്ണുപുരം ചന്ദ്രശേഖരനും അവകാശവാദം; പാലക്കാട് മെട്രോമാൻ മത്സരിക്കുമെന്നും സൂചന; നേമത്ത് കുമ്മനവും; ശോഭയുടെ സീറ്റിൽ തീരുമാനം അമിത് ഷായ്ക്കും; ബിജെപിയിൽ ചർച്ച തുടരുമ്പോൾ
തിരുവനന്തപുരം: കൊടുങ്ങല്ലൂരിൽ തുഷാർ വെള്ളാപ്പള്ളി മത്സരിക്കുമെന്ന് സൂചന. ഷൂട്ടിങ് തിരക്കുമൂലം മത്സരരംഗത്തുണ്ടാകില്ലെന്നു സുരേഷ് ഗോപി എംപി ബിജെപി സംസ്ഥാന ഘടകത്തെ അറിയിച്ചു. എങ്കിലും സുരേഷ് ഗോപിയിൽ സമ്മർദ്ദം തുടരും. തിരുവനന്തപുരം ജില്ലയിൽ സ്ഥാനാർത്ഥി പ്രഖ്യാപനം നടൻ സുരേഷ് ഗോപിയുടെ മനസ്സ് അറിഞ്ഞ ശേഷമാകും. അതിനിടെ സുരേഷ് ഗോപിക്ക് തൃശൂരിൽ മത്സരിക്കാനാണ് താൽപ്പര്യമെന്നും സൂചനയുണ്ട്. ഗുരുവായൂരിൽ മത്സരിക്കാമെന്ന് നടൻ നിലപാട് എടുത്തതായി റിപ്പോർട്ടുണ്ട്. എന്നാൽ ഇക്കാര്യങ്ങൾ ബിജെപി നേതൃത്വം സ്ഥിരീകരിക്കുന്നില്ല.
അതിനിടെ ഓരോ ജില്ലയിലെയും സ്ഥാനാർത്ഥി പട്ടികയിൽ അന്തിമ തീരുമാനമെടുക്കാൻ ജില്ലാ ഘടകങ്ങളുമായി ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ചർച്ച നടക്കുകയാണ്. ബിഡിജെഎസ് 25 സീറ്റുകളിൽ മത്സരിക്കുന്നതിനാണു ധാരണ. കഴിഞ്ഞ തവണ 37 സീറ്റുകളിലായിരുന്നു . കേരള കോൺഗ്രസിലെ പി. സി. തോമസ് പാലായിൽ തന്നെ മത്സരിക്കണമെന്നാണു ബിജെപിയുടെ താൽപര്യം. കേരള കോൺഗ്രസിനു മൂന്നോ നാലോ സീറ്റും കാമരാജ് കോൺഗ്രസിന് 2 സീറ്റും നൽകും. കോവളം കാമരാജ് കോൺഗ്രസ് ചോദിക്കുന്നുണ്ട്. കോവളത്തെ ബിജെപി സംസ്ഥാന സെക്രട്ടറി എസ് സുരേഷനും മത്സരിക്കാൻ ആഗ്രഹമുണ്ട്.
സി.കെ.ജാനുവിനെ ബത്തേരി സീറ്റിൽ മത്സരിപ്പിക്കും. മറ്റു 2 ഘടകകക്ഷികളായ നാഷനലിസ്റ്റ് കേരള കോൺഗ്രസും സോഷ്യലിസ്റ്റ് ജനതാദളും സീറ്റ് ചോദിച്ചിരുന്നുവെങ്കിലും നൽകാനിടയില്ല. ശോഭ സുരേന്ദ്രൻ മത്സരിക്കാനില്ലെന്നു സംസ്ഥാന നേതൃത്വത്തെ അറിയിച്ച സ്ഥിതിക്ക് അവരുടെ കാര്യം ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തിനു വിടാൻ കോർ കമ്മിറ്റി യോഗത്തിൽ ധാരണയായി. ശോഭാ സുരേന്ദ്രൻ കഴക്കൂട്ടത്ത് മത്സരിക്കാൻ സാധ്യത ഏറെയാണ്. പാലക്കാട് മെട്രോ മാൻ ഇ ശ്രീധരൻ തന്നെ സ്ഥാനാർത്ഥിയാകും.
മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ് നിവേദിത സുബ്രഹ്മണ്യൻ ഗുരുവായൂർ സ്ഥാനാർത്ഥിയാകാനാണ് സാധ്യത. സുരേഷ് ഗോപി മത്സരിക്കാൻ എത്തിയാൽ ഇതിന് മാറ്റമുണ്ടാകും. സംസ്ഥാന വക്താവ് സന്ദീപ് വാരിയർ കൊട്ടാരക്കരയിൽ മത്സരിക്കണമെന്ന നിർദേശവും ഉയർന്നു. സംസ്ഥാന സെക്രട്ടറി പി.രഘുനാഥ് എലത്തൂരിൽ മത്സരിക്കും. തിരുവനന്തപുരം മണ്ഡലത്തിൽ നിർമ്മാതാവ് സുരേഷ് കുമാറിന്റെയും നടൻ കൃഷ്ണകുമാറിന്റെയും പേരുകളാണു പരിഗണനയിൽ. നേമത്ത് കുമ്മനം രാജശേഖരൻ സീറ്റ് ഉറപ്പിച്ചു. നെയ്യാറ്റിൻകരയിൽ ഉദയസമുദ്രയുടെ രാജശേഖരൻ നായർ സ്ഥാനാർത്ഥിയാകും.
ചങ്ങനാശേരിയിൽ ശബരിമല പ്രശ്‌നത്തിൽ കോൺഗ്രസ് വിട്ടു വന്ന രാമൻ നായർ, ബി.രാധാകൃഷ്ണമേനോൻ എന്നിവരാണു പരിഗണനയിൽ. ഇവരിൽ ഒരാളെ കാഞ്ഞിരപ്പള്ളിയിലേക്കും പരിഗണിക്കുന്നു. എ കാറ്റഗറി മണ്ഡലമായ ആറന്മുളയിൽ പ്രമീളാദേവിയുടെ പേരാണ് പരിഗണനയിൽ. കഴിഞ്ഞ തവണ 89 വോട്ടിനു തോറ്റ മഞ്ചേശ്വരം പിടിക്കാൻ പ്രധാന നേതാക്കളിൽ ഒരാളെ നിയോഗിക്കണമെന്ന ചർച്ച നടക്കുന്നു. കെ സുരേന്ദ്രൻ ഇവിടെ മത്സരിക്കാൻ സാധ്യത ഏറെയാണ്.
അതിനിടെ ബിഡിജെഎസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥിപ്പട്ടികയായി. വർക്കലയിൽ എസ്.ആർ.എം. അജി, കുണ്ടറയിൽ വനജ വിദ്യാധരൻ, റാന്നിയിൽ കെ. പത്മകുമാർ, അരൂരിൽ ടി.അനിയപ്പൻ, ചേർത്തലയിൽ പി.എസ്. ജ്യോതിസ്, കായംകുളത്ത് പ്രദീപ് ലാൽ എന്നിവർ മത്സരിക്കുമെന്നു പാർട്ടി അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി അറിയിച്ചു.
ചേർത്തലയിലെ സ്ഥാനാർത്ഥി ജ്യോതിസ് സിപിഎം ലോക്കൽ കമ്മിറ്റി മുൻ അംഗവും തണ്ണീർമുക്കം പഞ്ചായത്ത് മുൻ പ്രസിഡന്റുമാണ്. ഇന്നു ബാക്കി 19 സീറ്റുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും.
മറുനാടന് മലയാളി ബ്യൂറോ