- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചെന്നിത്തല ഒഴിഞ്ഞു മാറി; കെ മുരളീധരൻ തയ്യാർ; ഉമ്മൻ ചാണ്ടി മൗനത്തിൽ; ബിജെപിയെ നേരിടാൻ സിപിഎമ്മിനേക്കൾ നല്ലത് കോൺഗ്രസ് എന്ന സന്ദേശം നൽകാൻ മുതിർന്ന നേതാക്കളെ നേമത്ത് നിർത്താൻ നിർദ്ദേശിച്ച് ഹൈക്കമാണ്ട്; ബിജെപി വിരുദ്ധ വോട്ടു കലക്കി കോൺഗ്രസിന്റെ പൂഴിക്കടകൻ

ന്യൂഡൽഹി : നേമത്ത് ഉമ്മൻ ചാണ്ടിയെയോ രമേശ് ചെന്നിത്തലയെയോ മത്സരിപ്പിക്കാൻ ഹൈക്കമാൻഡിൽ ആലോചന. കരുത്തരായ നേതാക്കൾ ഇറങ്ങിയാൽ ന്യൂനപക്ഷങ്ങളുടെ വിശ്വാസം ആർജ്ജിക്കാൻ കഴിയൂ എന്നാണ് വിലയിരുത്തൽ. ഉമ്മൻ ചാണ്ടിയാണ് മികച്ച സ്ഥാനാർത്ഥിയെന്നാണ് ഹൈക്കമാണ്ടിന്റെ കണക്കു കൂട്ടൽ. എന്നാൽ ഉമ്മൻ ചാണ്ടി മൗനത്തിലാണ്. കെ മുരളീധരൻ ആവേശത്തിലും. അതുകൊണ്ട് തന്നെ നേമത്ത് മുരളീധരൻ സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന. വട്ടിയൂർക്കാവിൽ വി എം സുധീരനെ മത്സരിപ്പിക്കാനും സജീവ നീക്കം ഉണ്ട്.
മത്സരത്തിന് ഇല്ലെന്ന നിലപാടിലാണ് സുധീരൻ ഇപ്പോഴും. നേമത്ത് മുരളീധരനും വട്ടിയൂർക്കാവിൽ സുധീരനും നിന്നാൽ തിരുവനന്തപുരത്ത് കോൺഗ്രസിന് അനുകല തരംഗമുണ്ടാകും. എന്നാൽ സുധീരൻ വഴങ്ങുന്നില്ല. ഈ സാഹചര്യത്തിൽ മറ്റുള്ളവരേയും പരിഗണിക്കുന്നുണ്ട്. വിഷ്ണുനാഥിന്റെ പേരും ചർച്ചകളിലുണ്ട്. കൊല്ലത്ത് മത്സരിക്കാൻ ആണ് വിഷ്ണുനാഥിന് താൽപ്പര്യം. ഏതായാലും നേമത്ത് അതിശക്തൻ തന്നെ സ്ഥാനാർത്ഥിയാകും. കേരളത്തിൽ ബിജെപിയെ പ്രതിരോധിക്കുന്നത് സിപിഎമ്മാണെന്ന പ്രചാരണത്തിന് മുനയൊടിക്കുന്നത് മലബാറിൽ ഗുണം ചെയ്യുമെന്നും ഹൈക്കമാൻഡ് ചിന്തിക്കുന്നുണ്ട്.
രമേശ് ചെന്നിത്തലയോ ഉമ്മൻ ചാണ്ടിയോ നേമത്ത് സ്ഥാനാർത്ഥിയായാൽ സംസ്ഥാനത്തെങ്ങും യുഡിഎഫിന് അനുകൂലമായ തരംഗമുണ്ടാവാൻ സാധ്യതയുണ്ട്. മലബാറിൽ അനുകൂലമായ സാധ്യത ഇത്കൊണ്ട് ഉണ്ടാക്കിയെടുക്കാമെന്നുമാണ് ഹൈക്കമാണ്ട് പറയുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വോട്ടുകളിൽ യുഡിഎഫിനും കോൺഗ്രസിനും തിരിച്ചടി നേരിട്ടിരുന്നു. ഉമ്മൻ ചാണ്ടിയോ ചെന്നിത്തലയോ നേമത്ത് മത്സരിക്കുന്നതിലൂടെ ന്യൂനപക്ഷത്തെ തിരികെ കൊണ്ടുവരാനാകുമെന്നാണ് ഹൈക്കമാൻഡിന്റെ വിലയിരുത്തൽ. എന്നാൽ ഇരവരും ഈ നിർദ്ദേശത്തെ അംഗീകരിക്കുന്നില്ല.
നേമത്ത് മത്സരിക്കാൻ തയ്യാറാണെന്ന് കെ. മുരളീധരൻ അറിയിച്ചിട്ടുണ്ട്. മുരളീധരന് ഇളവ് നൽകിയാൽ മറ്റുള്ളവർക്കും ഇളവ് നൽകേണ്ട സാഹചര്യമുണ്ടാക്കും. അടൂർ പ്രകാശും സുധാകരനും മത്സര രംഗത്തേക്ക് വരാൻ താത്പര്യം പ്രകടിപ്പിച്ച സ്ഥിതിക്ക് മുരളീധരന് മാത്രമായി ഇളവു നൽകാാനവില്ലെന്ന ചർച്ചയുമുണ്ട്. മുരളീധരനെ കേരള രാഷ്ട്രീയത്തിൽ സജീവമാക്കാൻ ഇഷ്ടമില്ലാത്തവരാണ് ഇതിന് പിന്നിൽ. ഇത് ഹൈക്കമാണ്ട് തിരിച്ചറിയുന്നുണ്ട്. ഈ സാഹചര്യത്തിൽ മുരളീധരനാകും നേമത്തെ സ്ഥാനാർത്ഥിയെന്നാണ് പൊതു വിലയിരുത്തൽ.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വടകര സീറ്റിൽ മുരളീധരൻ മത്സരിച്ചത് സംസ്ഥാനത്താകെ കോൺഗ്രസിന് ഗുണം ചെയ്തിരുന്നു. പി ജയരാജനെതിരെ മികച്ച മത്സരം കാഴ്ച വയ്ക്കുകയും ചെയ്തു. വട്ടിയൂർക്കാവിലെ എംഎൽഎയായിരുന്നു മുരളീധരൻ. വടകരയിൽ സിപിഎമ്മിനെ തോൽപ്പിക്കാൻ ശക്തനായ സ്ഥാനാർത്ഥി വേണമെന്ന ചർച്ചകളാണ് മുരളീധരനെ എംപിയാക്കിയത്. വടകരയിൽ മത്സരിക്കാൻ കെപിസിസി അധ്യക്ഷൻ തയ്യറാകാത്ത സാഹചര്യത്തിലായിരുന്നു ഇത്. പിന്നീട് ഈ നീക്കം രാഷ്ട്രീയമായി ദോഷമുണ്ടാക്കിയെന്ന് മുരളീധരന് തോന്നലുണ്ടായി. വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ സിപിഎമ്മിന് സ്വന്തമാകുകയും ചെയ്തു. ഇതിൽ മുരളിക്ക് വേദനയും അമർഷവുമുണ്ട്. എങ്കിലും നിയമസഭയിലെ നേമം ചലഞ്ചും മുരളി ഏറ്റെടുക്കുകയാണ്.
നേമത്ത് ബിജെപി വിരുദ്ധൻ ജയിക്കുമെന്നാണ് ഹൈക്കമാണ്ട് സർവ്വേയിലുള്ളത്. നേമത്ത് ബിജെപിക്കായി കുമ്മനം രാജശേഖരനാകും മത്സരിക്കുക. സിപിഎം മുൻ എംഎൽഎ ശിവൻകുട്ടിയേയും സ്ഥാനാർത്ഥിയാക്കും. കുമ്മനത്തിനെതിരെ ശിവൻ കുട്ടിയേക്കാൾ മികച്ച സ്ഥാനാർത്ഥിയെ കോൺഗ്രസിന് നിർത്താനായാൽ ജയിക്കാമെന്നാണ് ഹൈക്കമാണ്ട് വിലയിരുത്തൽ. നേമത്തും എഐസിസി സർവ്വേ നടത്തിയിരുന്നു. ഇതിൽ മുരളീധരൻ ഉൾപ്പെട്ടിരുന്നില്ല. ഈ സർവ്വേയുടെ കണ്ടെത്തൽ അതിനിർണ്ണായകമാണ്. നേമത്ത് ബിജെപി വിരുദ്ധനാകും ജയിക്കുക. ബിജെപി വിരുദ്ധ വോട്ടർമാർ ഇതിന് മാനസികമായി തയ്യാറെടുത്തിട്ടുണ്ട്. നിലവിൽ ഇതിന്റെ ആനുകൂല്യം കിട്ടുക സിപിഎം സ്ഥാനാർത്ഥി ശിവൻകുട്ടിയാകും.
ജയിക്കാൻ സാധ്യതയുള്ള ബിജെപി വിരുദ്ധൻ എന്ന പ്രതിച്ഛായയിൽ ശിവൻകുട്ടി ജയിക്കാനാണ് നിലവിലെ സാധ്യതയെന്നും കോൺഗ്രസ് സർവ്വേയിൽ തെളിയുന്നു. എന്നാൽ അതിശക്തനായ സ്ഥാനാർത്ഥിയെ കോൺഗ്രസ് അവതരിപ്പിച്ചാൽ ഈ മുൻതൂക്കം നഷ്ടമാകും. ഇതോടെ ശിവൻകുട്ടിക്ക് കിട്ടുന്ന മുഴുവൻ വോട്ടും കോൺഗ്രസിലേക്ക് വരും. അതിനാൽ സ്ഥാനാർത്ഥി നിർണ്ണയം പാളരുതെന്ന സന്ദേശമാണ് എഐസിസി നൽകുന്നത്.
ഇതെല്ലാം മനസിൽ വച്ച് അതിശക്തനെ നേമത്ത് കോൺഗ്രസും മത്സരിപ്പിക്കും. നോമിനേഷൻ കൊടുക്കുന്നതിന് തൊട്ടു മുമ്പ് മാത്രമേ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കൂ. എല്ലാവരുമായി ആലോചിച്ചാകും തീരുമാനം. ശിവൻകുട്ടിയെ കടത്തി വെട്ടാൻ കഴിയുന്ന സ്ഥാനാർത്ഥി തന്നെ നേമത്ത് വരുമെന്നാണ് കോൺഗ്രസ് പറയുന്നത്. അങ്ങനെ എങ്കിൽ മുരളീധരനും ഉമ്മൻ ചാണ്ടിക്കുമാകും സാധ്യത എന്നാണ് വിലയിരുത്തൽ.


