തൃശൂർ: ബിജെപിയിൽ സീറ്റ് ഉറപ്പിച്ചത് ഒൻപത് പേർ മാത്രം. പാലക്കാട് ഇ. ശ്രീധരനും കാട്ടാക്കട പി.കെ കൃഷ്ണദാസും കോഴിക്കോട് നോർത്ത് എം ടി രമേശും മലമ്പുഴ സി കൃഷ്ണകുമാറും മണലൂർ എ.എൻ രാധാകൃഷ്ണും നെടുമങ്ങാട് ജെ.ആർ പത്മകുമാറും അരുവിക്കര സി ശിവൻകുട്ടിയും പാറശാല കരമന ജയനും ചാത്തന്നൂർ ഗോപകുമാറും മത്സരിക്കും. ഇരിങ്ങാലക്കുടയിൽ ജേക്കബ് തോമസാകും സാധ്യത. ജേക്കബ് തോമസിനെ ജയസാധ്യത കൂടുതലുള്ള മറ്റ് മണ്ഡലങ്ങളിലും പരിഗണിക്കുന്നുണ്ട്.

ഒമ്പത് എ ക്ലാസ് മണ്ഡലങ്ങളിലെ തീരുമാനം കേന്ദ്ര നേതൃത്വത്തിന് വിട്ട് ബിജെപി സ്ഥാനാർത്ഥികളുടെ സാധ്യതാ പട്ടികയായി. ശോഭ സുരേന്ദ്രന്റെ പേര് ഒരു സീറ്റിലുമില്ല. ബിജെപി പ്രതീക്ഷ വെക്കുന്ന തിരുവനന്തപുരം സീറ്റിൽ സുരേഷ് ഗോപിക്കും വി.വി രാജേഷിനും പുറമെ മേനക സുരേഷിന്റെ പേരുമുണ്ട്. ശോഭാ സുരേന്ദ്രനെ കഴക്കൂട്ടത്തേക്ക് കേന്ദ്ര നേതൃത്വം നിർദ്ദേശിക്കുമെന്നാണ് സൂചന. എങ്കിൽ അത് അംഗീകരിക്കും. നേമം, തിരുവനന്തപുരം, കഴക്കൂട്ടം, വട്ടിയൂർക്കാവ്, ചെങ്ങന്നൂർ, ആറന്മുള, മഞ്ചേശ്വരം, കോന്നി, തൃശൂർ എന്നീ സീറ്റുകളിലെ തീരുമാനമാണ് കേന്ദ്ര നേതൃത്വത്തിന് വിട്ടത്. കെ സുരേന്ദ്രന്റെ പേര് കോന്നിയിലാണുള്ളത്.

സുരേഷ് ഗോപി തൃശൂരും കെ. സുരേന്ദ്രൻ കോന്നിയിലും ഇ. ശ്രീധരൻ പാലക്കാടും പിഎസ്‌സി മുൻ ചെയർമാൻ കെ.എസ്. രാധാകൃഷ്ണൻ തൃപ്പൂണിത്തുറയിലും മുൻ ഡിജിപി ജേക്കബ് തോമസ് ഇരിങ്ങാലക്കുടയിലും സ്ഥാനാർത്ഥിയാകുമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ സുരേഷ് ഗോപിക്ക് തൃശൂരിൽ മത്സരിക്കാൻ താൽപ്പര്യമില്ല. ഇതോടെ ലിസ്റ്റിൽ തീരുമാനം എടുക്കാൻ സംസ്ഥാന നേതൃത്വത്തിന് കഴിയാതെയായി. ഇന്നു കേന്ദ്ര പാർലമെന്ററി ബോർഡ് അന്തിമ തീരുമാനമെടുക്കും. 110 മണ്ഡലങ്ങളിൽ ബിജെപി മത്സരിക്കാനാണ് സാധ്യത. 25 മണ്ഡലങ്ങളിൽ ബിഡിജെഎസും. ബാക്കി 3 ഘടകകക്ഷികൾക്കും സീറ്റ് നൽകും.

സുരേഷ് ഗോപി ഉറപ്പായും മത്സരിക്കണമെന്നതാണ് അമിത് ഷായുടെ നിലപാട്. സുരേഷ് ഗോപിയും മേനകയും മത്സരിച്ചാൽ തിരുവനന്തപുരത്തെ സ്ഥാനാർത്ഥി പട്ടിക അടിമുടി മാറും. നേമത്തെ കോൺഗ്രസ് സ്ഥാനാർത്ഥിയെ നോക്കിയും തീരുമാനം വരും. കോവളം മണ്ഡലം വിഷ്ണുപുരം ചന്ദ്രശേഖരന് വിട്ടുകൊടുക്കാനും സാധ്യതയുണ്ട്.

ഇന്നലെ രാവിലെ തിരഞ്ഞെടുപ്പു കമ്മിറ്റിയും വൈകിട്ടു സംസ്ഥാന കമ്മിറ്റിയും ചേർന്നു പട്ടിക വിലയിരുത്തി. സ്ഥാനാർത്ഥികളെ ഇന്നോ നാളെയോ പാർലമെന്ററി ബോർഡ് പ്രഖ്യാപിക്കുമെന്നു കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി പറഞ്ഞു. വട്ടിയൂർക്കാവിൽ ജില്ലാ പ്രസിഡന്റ് വി.വി. രാജേഷിന്റെ പേരാണു പരിഗണനയിൽ. കുമ്മനം രാജശേഖരൻ നേമത്തും. കുമ്മനത്തെ വട്ടിയൂർക്കാവിലേക്കും പരിഗണിക്കും. കഴക്കൂട്ടത്തു തീരുമാനമായില്ല. തിരുവനന്തപുരത്തു നടൻ കൃഷ്ണകുമാറും സ്ഥാനാർത്ഥിയാകാൻ സാധ്യത ഉണ്ട്. തിരുവനന്തപുരത്തു സുരേഷ് ഗോപി വരുന്നെങ്കിൽ ചില മാറ്റങ്ങൾ വന്നേക്കും. നെയ്യാറ്റിൻകരയിൽ ഹോട്ടൽ വ്യവസായി എസ്. രാജശേഖരൻ നായർ സ്ഥാനാർത്ഥിയാകും. സിനിമാ നടി രാധയുടെ ഭർത്താവാണ് രാജശേഖരൻ നായർ.

കഴക്കൂട്ടത്ത് ടിപി സെൻകുമാറിനെ സ്ഥാനാർത്ഥിയാക്കുന്നതിനെ എസ് എൻഡിപി എതിർക്കുന്നുണ്ട്. ഇതിനൊപ്പം ശോഭാ സുരേന്ദ്രന് വേണ്ടിയും ചരടു വലികളുണ്ട്. ബിഡിജെഎസിനു നൽകിയ ഏറ്റുമാനൂർ ബിജെപി തിരിച്ചെടുക്കും. കർഷക മോർച്ച സംസ്ഥാന പ്രസിഡന്റ് ജയസൂര്യനാണു പരിഗണനയിൽ. പൂഞ്ഞാറിൽ ബിഡിജെഎസ് മത്സരിക്കും. ഹരിപ്പാട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണനാണ്. പുതുപ്പള്ളിയിൽ കോട്ടയം ജില്ലാ മുൻ പ്രസിഡന്റ് എൻ.ഹരിയും ധർമ്മടത്തു മുഖ്യമന്ത്രി പിണറായി വിജയനെതിരെ സി.കെ. പത്മനാഭനുമാണു പട്ടികയിൽ. കൊട്ടാരക്കരയിൽ ബിജെപി വക്താവ് സന്ദീപ് വാരിയരും എറണാകുളത്തു സി.ജി. രാജഗോപാലും പാലായിൽ കേരള കോൺഗ്രസിന്റെ പി.സി. തോമസുമാണു മത്സരിക്കുക.

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഒന്നാമതെത്താനാണ് ബിജെപിയുടെ നീക്കം. കേരളത്തിൽ രാജ്യത്തെ തന്നെ താരപ്രചാരകരെകൊണ്ടു നിറയ്ക്കാനാണ് ബിജെപിയുടെ പദ്ധതി. സിപിഎമ്മിന് പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രധാനി. ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും പ്രകാശ് കാരാട്ടുമാണ് സിപിഎമ്മിന്റെ കേന്ദ്ര പട്ടികയിലുള്ളത്. കോൺഗ്രസ് പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുന്ന് രാഹുൽ ഗാന്ധിയിലും പ്രിയങ്ക ഗാന്ധിയിലുമാണ്.

ബിജെപി കുറഞ്ഞത് 20 കേന്ദ്രനേതാക്കളെയെങ്കിലും ആദ്യ രണ്ടാഴ്ചയിലെത്തിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി അഞ്ച് മഹാറാലികളിൽ പങ്കെടുക്കും. ആഭ്യന്തരമന്ത്രി അമിത് ഷാ 10 സമ്മേളനങ്ങളിൽ പ്രസംഗിക്കും. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും 2 ദിവസമുണ്ടാകും. ദേശീയ അധ്യഷൻ ജെ.പി. നഡ്ഡ 3 ദിവസം ഉണ്ടാകും. നിർമല സീതാരാമൻ, നിതിൻ ഗഡ്കരി, യോഗി ആദിത്യനാഥ്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവർ 2 ദിവസം പ്രചാരണം നടത്തും. പ്രകാശ് ജാവഡേക്കർ, സ്മൃതി ഇറാനി, തേജസ്വി സൂര്യ, രാം മാധവ്, അനുരാഗ് ഠാക്കൂർ, ദേവേന്ദ്ര ഫഡ്‌നാവിസ്, ധർമ്മേന്ദ്ര പ്രധാൻ തുടങ്ങിയവരാണ് ആദ്യ പട്ടികയിൽ കേരളത്തിലെ പ്രചാരണത്തിനുള്ളത്.