ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് ശോഭാ സുരേന്ദ്രനും സുരേഷ് ഗോപിക്കും ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശം. തനിക്ക് മത്സരിക്കണമെന്ന ആവശ്യം കേന്ദ്രമന്ത്രി വി മുരളീധരനും മുമ്പോട്ടു വച്ചിട്ടുണ്ട്. സുരേഷ് ഗോപിയുടേയും മുരളീധരന്റേയും കാര്യത്തിലെ തീരുമാനം തിരുവനന്തപുരത്തെ സീറ്റ് ചർച്ചകളെ സ്വാധീനിക്കും.

ശോഭയും സുരേഷ് ഗോപിയും മത്സരിക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സുരേഷ് ഗോപി വട്ടിയൂർക്കാവിലോ തിരുവനന്തപുരം സെൻട്രലിലോ സ്ഥാനാർത്തിയാകും. ശോഭാ സുരേന്ദ്രന് ചാത്തനൂരിലാണ് സാധ്യത. വി മുരളീധരൻ മത്സരിച്ചില്ലെങ്കിൽ കഴക്കൂട്ടത്ത് സ്ഥാനാർത്ഥിയാകും. കേരളം, തമിഴ്‌നാട്, പുതുച്ചേരി, ബംഗാൾ എന്നിവിടങ്ങളിലേക്കുള്ള ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥിപ്പട്ടിക ഇന്നു കേന്ദ്രതിരഞ്ഞെടുപ്പു സമിതിക്കു മുൻപിലെത്തും. ഇന്നു വൈകിട്ടോ നാളെയോ പ്രഖ്യാപനമുണ്ടായേക്കും.

കോൺഗ്രസിന്റെ പ്രഖ്യാപനത്തിന് ശേഷം കേരളത്തിലെ തീരുമാനം പുറത്തു വിട്ടാൽ മതിയെന്ന പൊതു അഭിപ്രായവും ഉണ്ട്. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, മുൻ പ്രസിഡന്റുമാരായ കുമ്മനം രാജശേഖരൻ, പി.കെ. കൃഷ്ണദാസ്, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ എന്നിവർ ഇന്നലെ സാധ്യതാ പട്ടിക കേരളത്തിന്റെ തിരഞ്ഞെടുപ്പു ചുമതലയുള്ള കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി, ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് എന്നിവരുമായി ചർച്ച ചെയ്തു. ഇന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജെ.പി. നഡ്ഡ, അമിത്ഷാ, രാജ്‌നാഥ് സിങ്, നിതിൻ ഗഡ്കരി എന്നിവരും പങ്കെടുക്കുന്ന യോഗത്തിൽ കേരള പ്രതിനിധികളും പങ്കെടുക്കും.

മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാ അംഗമാണ് വി മുരളീധരൻ. എംഎൽഎയായാൽ രാജ്യസഭാ സീറ്റ് രാജിവയ്‌ക്കേണ്ടി വരും. അങ്ങനെ വന്നാൽ ശിവസേന-കോൺഗ്രസ്-എൻസിപി സഖ്യത്തിന് ഇതിൽ ജയിക്കാം. ഇതാണ് മുരളീധരന് മത്സരിക്കാനുള്ള പ്രധാന തടസ്സം. എന്നാൽ കഴക്കൂട്ടത്ത് മരുളി വേണമെന്ന പൊതു നിലപാടിലാണ് തിരുവനന്തപുരത്തെ ബിജെപി.

വി.മുരളീധരൻ മത്സരിക്കുന്നതു ദേശീയ നേതൃത്വത്തിന്റെ തീരുമാനമനുസരിച്ചാവും. സാധ്യതാ പട്ടികയിൽ അദ്ദേഹത്തിന്റെ പേര് ഉൾപ്പെടുത്തിയിട്ടില്ല. ശോഭ സുരേന്ദ്രന്റെ പേർ ചാത്തന്നൂരും മറ്റു ചില മണ്ഡലങ്ങളിലുമുണ്ട്. കെ.സുരേന്ദ്രൻ കോന്നിയിലാകുമെന്നാണു സൂചന. കുമ്മനം രാജശേഖരൻ മത്സരിക്കാനിടയുള്ള നേമത്തിനു പുറമേ കഴക്കൂട്ടത്തും സുരേന്ദ്രന്റെ പേരുണ്ടായിരുന്നു. ഹരിപ്പാട് ബി.ഗോപാലകൃഷ്ണനും പുതുപ്പള്ളിയിൽ എൻ. ഹരിയും പട്ടികയിലുണ്ട്. ധർമടത്ത് സി.കെ. പത്മനാഭൻ മത്സരിച്ചേക്കും.

കെ. രഞ്ജിത്തിന്റെ പേരും സാധ്യതാ പട്ടികയിലുണ്ടായിരുന്നു. ജേക്കബ് തോമസ് ഇരിങ്ങാലക്കുടയിൽ മത്സരിക്കും. എം ടി. രമേശിന്റെ പേര് കോഴിക്കോട് നോർത്തിലും പി.കെ. കൃഷ്ണദാസിന്റേതു കാട്ടാക്കടയിലും നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. സുരേഷ് ഗോപിയുടെ പേര് തൃശൂരും നേമവും തിരുവനന്തപുരം സെൻട്രലും വട്ടിയൂർക്കാവും അടക്കമുള്ള മണ്ഡലങ്ങളിലുണ്ടെങ്കിലും അദ്ദേഹം തിരുവനന്തപുരത്തു മത്സരിക്കാൻ സാധ്യതയുണ്ടെന്ന് പാർട്ടിവൃത്തങ്ങൾ പറഞ്ഞു. ഇവിടെ സാധ്യതാ പട്ടികയിലുള്ള വിജയൻ തോമസ് മത്സരിക്കാൻ താൽപര്യമില്ലെന്നു പറഞ്ഞിട്ടുണ്ട്.

ഇതിനിടെ, കേരളത്തിൽ 35 സീറ്റു കിട്ടിയാൽ ബിജെപി സർക്കാരുണ്ടാക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ആവർത്തിച്ചു. വിജയൻ തോമസ് ബിജെപിയിൽ ചേർന്നു. പാർട്ടി ആസ്ഥാനത്തു ജനറൽ സെക്രട്ടറി അരുൺസിങ് അദ്ദേഹത്തിന് അംഗത്വം നൽകി. കോൺഗ്രസ് രാജ്യവ്യാപകമായി ദുർബലമായെന്നു പറഞ്ഞ അദ്ദേഹം ഗ്രൂപ്പുകളിയിൽ നിരാശനായാണു പാർട്ടി വിട്ടതെന്നും കൂട്ടിച്ചേർത്തു. സീറ്റു കിട്ടാത്തതു കൊണ്ടല്ല പാർട്ടി വിടുന്നത്. ബിജെപി സീറ്റു തന്നാലും മത്സരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.