- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പുലി വേണമെങ്കിൽ നേമത്ത് പുലി തന്നെ ഇറങ്ങുമെന്ന പ്രഖ്യാപനവുമായി മുരളീധരൻ; കുഞ്ഞൂഞ്ഞിനെ വിട്ടുകൊടുക്കില്ലെന്ന് പുതുപ്പള്ളിക്കാർ; ഹരിപ്പാട് വിടാൻ ചെന്നിത്തലയ്ക്കും മടി; ഇനി നിർണ്ണായകം ആന്റണി-രാഹുൽ കൂടിക്കാഴ്ച; നേമത്ത് മത്സരിക്കാൻ കരുണാകര പുത്രന് തന്നെ സാധ്യത; കാത്തിരിക്കുന്നത് ബിജെപി സ്ഥാനാർത്ഥി അറിയാൻ

തിരുവനന്തപുരം: നേമത്തെ കോൺഗ്രസ് സ്ഥാനാർത്ഥിയെ നിശ്ചയിക്കുക എകെ ആന്റണി. രാഹുൽ ഗാന്ധിയും ആന്റണിയും തമ്മിൽ ചർച്ച നടത്തി തീരുമാനം എടുക്കും. കെ മുരളീധരനും ഉമ്മൻ ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും പരിഗണനാ പട്ടികയിൽ ഉണ്ട്. ഇതിനൊപ്പം നടൻ ജഗദീഷിന്റെ പേരും സജീവമായി പരിഗണിക്കുന്നു. മേജർ രവിയേയും ചർച്ചകളിൽ നിർത്തുന്നു. എന്നാൽ ജഗദീഷും മേജർ രവിയും നേമത്തെ വെല്ലുവിളി ഏറ്റെടുക്കാൻ പോന്ന സ്ഥാനാർത്ഥികൾ അല്ലെന്ന പൊതുവികാരം ഉണ്ട്. ഏതായാലും ആന്റണിയുടെ നിലപാടാകും നേമം ചലഞ്ചിൽ നിർണ്ണായകമാകുക.
എംപിമാർക്ക് മത്സര ഇളവ് കൊടുക്കേണ്ടതില്ലെന്നാണ് പൊതുവിലെ തീരുമാനം. എന്നാൽ നേമത്തെ പ്രത്യേക സാഹചര്യത്തിൽ കെ മുരളീധരൻ സ്ഥാനാർത്ഥിയാകുന്നതാണ് നല്ലതെന്ന അഭിപ്രായം ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലയ്ക്കുമുണ്ട്. ഇക്കാര്യത്തിൽ ആന്റണി അനുകൂലമായ നിലപാട് എടുത്താൽ മുരളീധരന് ഇളവു കൊടുക്കും. എന്തു വെല്ലുവിളിയും ഏറ്റെടുക്കാമെന്ന് മുരളീധരനും വ്യക്തമാക്കിയിട്ടുണ്ട്. വിലപേശലുകൾക്ക് ശ്രമിക്കാതെയുള്ള മത്സര സന്നദ്ധത മുരളീധരൻ നടത്തിയെന്നാണ് സൂചന. ബിജെപിയുടെ സ്ഥാനാർത്ഥിയിൽ അന്തിമ തീരുമാനം വരാൻ വേണ്ടിയാണ് കാത്തിരിപ്പ് എന്നാണ് സൂചന.
മുല്ലപ്പള്ളി രാമചന്ദ്രൻ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി.ജനറൽ സെക്രട്ടറി താരിഖ് അൻവറുമായി കൂടിക്കാഴ്ച നടത്തും. എന്നാൽ ആൻണിയും രാഹുൽ തമ്മിൽ നടത്തുന്ന ചർച്ചയാകും അതിനിർണ്ണായകം. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും നേമത്ത് മത്സരിക്കില്ലെന്ന സൂചനയാണ് നിലവിൽ അണികൾക്ക് നൽകുന്നത്. ഉമ്മൻ ചാണ്ടി ഡൽഹിയിൽ നിന്ന് നേരെ എത്തുന്നത് പുതുപ്പള്ളിയിലുമാണ്. ഇവിടെ ഗ്രൂപ്പ് നേതാക്കളുടെ യോഗവും വിളിച്ചിട്ടുണ്ട്. നേമത്ത് താൻ മത്സരിക്കില്ലെന്ന് തന്നെയാണ് ഉമ്മൻ ചാണ്ടി ഇപ്പോഴും പറയുന്നത്. രമേശ് ചെന്നിത്തലയും ഹരിപ്പാട് വിടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
കോൺഗ്രസിലെ സ്ഥാനാർത്ഥി പ്രഖ്യാപനം വൈകരുതെന്ന് കെ. മുരളീധരൻ എംപി ആവശ്യപ്പെട്ടിട്ടുണ്ട്. നേമത്ത് കോൺഗ്രസിന് ജയിക്കാൻ കഴിയുന്ന സാഹചര്യമാണ് ഉള്ളത്. പാർട്ടി എവിടെ ആവശ്യപ്പെട്ടാലും മത്സരിക്കാൻ തയാറാണെന്നും മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു. ഇതോടെ നേമത്ത് മുരളീധരൻ തന്നെ മത്സരിക്കുമെന്ന സൂചനയാണ് സജീവമാകുന്നത്. നേമത്തേക്ക് പ്രമുഖന്മാർ വരാതെ തന്നെ യുഡിഎഫിന് ജയിക്കാൻ സാധിക്കും. സ്ഥാനാർത്ഥി നിർണയത്തിലെ തർക്കങ്ങൾ നീണ്ടുപോയി ഐശ്വര്യയാത്രയുടെ ഐശ്വര്യം കളയരുതെന്നാണ് നേതാക്കളോട് തനിക്ക് അഭ്യർത്ഥിക്കാനുള്ളതെന്നും മുരളീധരൻ വ്യക്തമാക്കി.
'നേമത്ത് എന്നോട് മത്സരിക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ല. പിന്നെ എനിക്ക് ബിജെപിയെ നേരിടാൻ ഭയമില്ല. ആദായനികുതി റെയ്ഡ് നടത്തിയിട്ടോ ഭീഷണിപ്പെടുത്തിയിട്ടോ എന്നെ മാറ്റാനാകില്ല. ഞാൻ എന്നും കോൺഗ്രസിൽ തന്നെ ഉറച്ചുനിൽക്കും.' -മുരളി പറഞ്ഞു. കോൺഗ്രസിന്റെ ദേശീയ നേതൃത്വം എന്താണോ ആവശ്യപ്പെടുന്നത്. അത് 100 ശതമാനം അനുസരിക്കും. സ്ഥാനാർത്ഥിയുടെ തൂക്കം നോക്കിയല്ല ശക്തനാണോ ദുർബലനാണോ എന്ന് നിശ്ചയിക്കുന്നത്.
എന്താണോ രാഹുൽ ഗാന്ധിയും നേതൃത്വവും പറയുന്നത് അത് 101 ശതമാനം അനുസരിക്കും. കരുണാകരനും കരുണാകരന്റെ മകനും സ്ഥാനാർത്ഥി ആവാൻ ഇതുവരെ പ്രതിഫലം ചോദിച്ചിട്ടില്ല. നേമത്ത് അത്ര പേടിക്കേണ്ട കാര്യമൊന്നുമില്ല. കൈപ്പത്തി ചിഹ്നത്തിൽ ആര് മത്സരിച്ചാലും ജയിക്കും. അത് കോൺഗ്രസ് മണ്ഡലമാണ്. കഴിഞ്ഞ തവണ സീറ്റ് പോയത് ചില പ്രത്യേക ആളുകൾക്ക് സീറ്റ് കൊടുത്തതുകൊണ്ടാണ്. പുലി വേണമെങ്കിൽ മണ്ഡലത്തിൽ പുലി തന്നെ ഇറങ്ങുമെന്നും മുരളീധരൻ കോഴിക്കോട് പ്രതികരിച്ചു.
വടകര സീറ്റ് ആർ എം പി ക്ക് കൊടുത്തിട്ടുണ്ട്. സ്ഥാനാർത്ഥികളെ തീരുമാനിക്കേണ്ടത് അവരാണ്. അവിടെ ആർ എം പി യുടെ ആര് മത്സരിച്ചാലും യു.ഡി.എഫ് പിന്തുണയ്ക്കും.സിപിഎമ്മൊക്കെ സിറ്റിങ് സീറ്റാണ് ഘടകക്ഷികൾക്ക് വിട്ട് കൊടുക്കുന്നത്. ആ സമയത്താണ് യുഡിഎഫിലേക്ക് വരാൻ നിൽക്കുന്നവർക്ക് പോലും സ്ഥിരം തോൽക്കുന്ന സീറ്റ് പോലും കൊടുക്കില്ലെന്ന് പറയുന്നത്. അത് ശരിയല്ല. മത മേലധ്യക്ഷന്മാരോ സമുദായക്കാരോ ഒന്നും കോൺഗ്രസിന്റെ സ്ഥാനാർത്ഥിത്വത്തിൽ ഇടപെട്ടിട്ടില്ലെന്നും മുരളീധരൻ വ്യക്തമാക്കി.
അതിനിടെ പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ വീടിനു മുന്നിൽ കോൺഗ്രസ് പ്രവർത്തകരുടെ വൈകാരിക പ്രകടനം നടന്നു. ഉമ്മൻ ചാണ്ടിയെ നേമത്തേക്ക് വിട്ടു നൽകില്ലെന്നും പുതുപ്പള്ളിയിൽ തന്നെ മത്സരിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. പ്രവർത്തകരിൽ ചിലർ ഉമ്മൻ ചാണ്ടിയുടെ ഫോട്ടോയുമായി വീടിനു മുകളിൽ കയറിയും പ്രതിഷേധിക്കുകയാണ്. അതേസമയം, ഉമ്മൻ ചാണ്ടി പുതുപ്പള്ളി വിട്ട് എങ്ങോട്ടും പോകില്ലെന്ന് കോൺഗ്രസ് നേതാവ് കെ.സി. ജോസഫ് പറഞ്ഞു.
ഇതോടെയാണ് ഉമ്മൻ ചാണ്ടി നേമത്തേക്ക് വരില്ലെന്ന ചർച്ച കോൺഗ്രസുകാരിൽ ചർച്ചയാകുന്നത്. ഹരിപ്പാട് വിടില്ലെന്ന് ചെന്നിത്തലയും പറയുന്നു. ഇതോടെ നേമത്ത് ആരാകുമെന്നതിൽ അനിശ്ചിതത്വവും കൂടി.


