- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കഴക്കൂട്ടത്തേക്ക് പരിഗണിക്കുന്നത് ബിജെപി പിന്തുണയോടെ മത്സരിച്ച് ചരിത്രമുള്ള കെപിസിസി നേതാവിനെ; കോൺഗ്രസിലെ അസംതൃപ്തനെ കൂറുമാറ്റിക്കാനുള്ള ചർച്ചകൾ നിയന്ത്രിക്കുന്നത് കേന്ദ്രമന്ത്രിയും ഉപമുഖ്യമന്ത്രിയും അടക്കമുള്ള ത്രിമൂർത്തികൾ; കേരളാ കോൺഗ്രസ് നേതാക്കളുമായും ചർച്ചകൾ; ബിജെപി സ്ഥാനാർത്ഥി പട്ടിക വൈകുന്നത് ആളെ ചാക്കിട്ടു പിടിക്കാൻ

കൊല്ലം: കഴക്കൂട്ടത്ത് കെപിസിസി ഭാരവാഹി ബിജെപി സ്ഥാനാർത്ഥിയാകുമെന്നാണ് റിപ്പോർട്ട്. നേരത്തെ കെപിസിസി ജനറൽ സെക്രട്ടറിയായിരുന്ന വിജയൻ തോമസ് ബിജെപിയിൽ എത്തിയിരുന്നു. സമാന രീതിയിൽ പലരും ഇനിയും വരുമെന്നാണ് സൂചന. തിരുവനന്തപുരത്ത് മുമ്പ് കോൺഗ്രസ് വിമതനായി മത്സരിച്ച് ചരിത്രമുള്ള നേതാവിനെയാണ് ബിജെപി കഴക്കൂട്ടത്തേക്ക് നോട്ടമിടുന്നത്. സ്വതന്ത്രനായി മത്സരിക്കുമ്പോൾ ഈ നേതാവിന് ബിജെപിയുടെ പിന്തുണയും ഉണ്ടായിരുന്നു. 2006ൽ കോൺഗ്രസിനെ തോൽപ്പിച്ച ആ വിമതൻ ഇത്തവണ ബിജെപി സ്ഥാനാർത്ഥിയാകുമെന്നാണ് സൂചന. അന്ന് ജയിച്ചത് ഇടത് സ്ഥാനാർത്ഥിയായിരുന്നു. വിമതൻ നേടിയ വോട്ടാണ് കോൺഗ്രസിന് തിരിച്ചടിയായത്.
എന്നാൽ എല്ലാം തീരുമാനിക്കുക ബിജെപി അധ്യക്ഷൻ അമിത് ഷായാണ്. ഈ നേതാവുമായി ഇന്നലെ രാത്രിയും ബിജെപി നേതാക്കൾ ചർച്ച നടത്തി. കോൺഗ്രസും പ്രതിരോധത്തിന് രംഗത്തുണ്ട്. അതിനിടെ മറ്റു രാഷ്ട്രീയ പാർട്ടികളുടെ നേതാക്കന്മാരെ വലവീശാനും മറുകണ്ടം ചാടിക്കാനും ബിജെപിയുടെ കേന്ദ്രസംഘം സജീവമാണെന്നും റിപ്പോർട്ട് എത്തുന്നു. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, കർണാടക ഉപമുഖ്യമന്ത്രി അശ്വന്ത് നാരായണൻ, കർണാടക എംഎൽഎ. സുനിൽകുമാർ കാർക്കളെ എന്നിവരാണ് നേതൃത്വം കൊടുക്കുന്നത്. ബിജെപിയിലെത്തുന്നവർക്ക് സ്ഥാനാർത്ഥിത്വവും പാർട്ടി ഭാരവാഹിത്വവും വാഗ്ദാനം ചെയ്യുന്നതും ഇവരാണ്.
ബിജെപിയിലെത്തിയ മുൻ കോൺഗ്രസ് നേതാക്കളായ വിജയൻ തോമസ്, പന്തളം പ്രതാപൻ എന്നിവരോട് ഇവർ സംസാരിച്ചിരുന്നു. കോൺഗ്രസിലെയും കേരള കോൺഗ്രസിലെയും ഇടതുപക്ഷത്തെയും ചില നേതാക്കന്മാരുമായും ആശയവിനിമയം നടക്കുന്നുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും പശ്ചിമബംഗാളിലും ചെയ്ത രീതിയിൽ മറ്റുകക്ഷികളിൽ നിന്ന് പരമാവധി നേതാക്കന്മാരെ ബിജെപിയിലെത്തിക്കാനാണ് നീക്കം. ഇങ്ങനെയെത്തുന്നവർക്കായി ചില മണ്ഡലങ്ങൾ ബിജെപി. ഒഴിച്ചിടുമെന്നാണ് സൂചന. ഇതിന് വേണ്ടിയാണ് ബിജെപി പല സീറ്റുകളും ഒഴിച്ചിട്ടിരിക്കുന്നത്. അടുത്തകാലത്ത് പി.ജെ. ജോസഫിനൊപ്പമെത്തിയ മറ്റൊരു കേരള കോൺഗ്രസ് ഗ്രൂപ്പ് നേതാവ് ബിജെപി. നേതൃത്വവുമായി രണ്ടുവട്ടം ചർച്ച പൂർത്തിയാക്കിയിട്ടുണ്ട്. ആന്റണി രാജുവുമായി തെറ്റിനിൽക്കുന്ന ജനാധിപത്യ കേരള കോൺഗ്രസ് നേതാക്കളുമായും ചർച്ച പുരോഗമിക്കുകയാണ്.
കേരളത്തിലെ ബിജെപി സ്ഥാനാർത്ഥിപ്പട്ടിക ഇന്നു പ്രഖ്യാപിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും പങ്കെടുത്ത കേന്ദ്രതിരഞ്ഞെടുപ്പു സമിതി യോഗം തീരുമാനങ്ങൾ ഏതാണ്ട് എടുത്തു കഴിഞ്ഞു. ബംഗാൾ, അസം മൂന്നാം പട്ടിക, തമിഴ്‌നാട്, പുതുച്ചേരി പട്ടികകളും സമിതി പരിഗണിക്കുന്നുണ്ട്. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, രാജ്‌നാഥ് സിങ്, നിതിൻ ഗഡ്കരി, സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.
അന്തിമ പട്ടികയിൽ ശോഭാ സുരേന്ദ്രന്റെ പേരുൾപ്പെടുത്തണമെന്നു കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടതായി അഭ്യൂഹങ്ങളുണ്ട്. രാജ്യസഭാ എംപിമാരിൽ അൽഫോൻസ് കണ്ണന്താനം, സുരേഷ് ഗോപി എന്നിവർ മത്സരിക്കുമെന്നാണു സൂചന. സുരേഷ് ഗോപി തൃശൂരിലും കണ്ണന്താനം കാഞ്ഞിരപ്പള്ളിയിലും മത്സരിക്കുമെന്നാണു സൂചന. സുരേഷ് ഗോപിയെ പരിഗണിച്ചിരുന്ന തിരുവനന്തപുരത്ത് നടൻ കൃഷ്ണകുമാറിന്റെ പേരാണ് ഒന്നാമതായുള്ളത്. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ പേര് മഞ്ചേശ്വരത്തും കോന്നിയിലുമുണ്ട്.
വട്ടിയൂർക്കാവിൽ വി.വി. രാജേഷ്, ആലപ്പുഴയിൽ സന്ദീപ് വാചാസ്പതി, ഗുരുവായൂരിൽ നിവേദിത, ഇരിങ്ങാലക്കുടയിൽ ജേക്കബ് തോമസ്, ചങ്ങനാശേരിയിൽ ജി. രാമൻനായർ, പാലായിൽ നാരായണൻ നമ്പൂതിരി, തൃപ്പൂണിത്തുറയിൽ കെ.എസ്. രാധാകൃഷ്ണൻ എന്നീ പേരുകളും അന്തിമ പട്ടികയിലുണ്ട്.


