- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചെന്നിത്തലയ്ക്കെതിരെ മത്സരിക്കാൻ ശ്രമിച്ച തമ്പി; ചേർത്തലയിലെ എൻഡിഎ സ്വതന്ത്രൻ തണ്ണീർമുക്കത്തെ സിപിഎം പ്രധാനി; മാവേലിക്കരയിൽ ചുനക്കര ലോക്കൽ കമ്മറ്റി അംഗം മത്സരിക്കുന്നത് താമര ചിഹ്നത്തിൽ; കോട്ടയത്തെ മിനർവാ മോഹന്റെ ചാട്ടവും പരിവാർ പക്ഷത്തേക്ക്; ബിജെപിയിലേക്ക് എത്തിയ 'സഖാക്കളുടെ' കഥ

ആലപ്പുഴ: കഴക്കൂട്ടത്ത് ശരത് ചന്ദ്രപ്രസാദിനെ സ്ഥാനാർത്ഥിയാക്കാനായിരുന്നു ബിജെപിയുടെ മോഹം. എന്നാൽ കോൺഗ്രസ് നേതാവ് വഴങ്ങിയില്ല. കെപിസിസി നേതാവ് വിജയൻ തോമസിന്റെ വിശ്വസ്തനായ യുവനേതാവിന് വേണ്ടിയും ചരട് വലിയും നടത്തി. അതും പൊളിഞ്ഞു. സീറ്റ് കിട്ടാത്ത ചില കോൺഗ്രസുകാർ ബിജെപിയിൽ എത്തി. എന്നാൽ ഏറെ ഞെട്ടിച്ചത് ഇടതുപക്ഷ നേതാക്കളുടെ ബിജെപിയിലേക്കുള്ള വരവാണ്. കോവളത്തെ ഒരു ബ്രാഞ്ച് മൊത്തത്തിൽ ബിജെപിയായി. ഇപ്പോൾ ചില സ്ഥാനാർത്ഥികളും.
സിപിഐ നേതാവ് തമ്പി മേട്ടുതറ കുട്ടനാട്ടിൽ ബിഡിജെഎസ് സ്ഥാനാർത്ഥിയായതോടെ ആലപ്പുഴയിൽ ഇത്തവണത്തെ എൻഡിഎ സ്ഥാനാർത്ഥിപ്പട്ടികയിൽ എൽഡിഎഫിൽനിന്നു 3 പേർ എത്തി. സിപിഐ ജില്ലാ കൗൺസിൽ അംഗവും ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമാണു തമ്പി. നേരത്തെ, ഹരിപ്പാട് മണ്ഡലത്തിലേക്കു സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് തയാറാക്കിയ 3 പേരുടെ പാനലിൽ ഉൾപ്പെട്ട തമ്പി, പാർട്ടിയുടെ അവഗണനയിൽ പ്രതിഷേധിച്ചു കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. പിന്നാലെയാണ് ബിഡിജെഎസിൽ ചേർന്ന് സ്ഥാനാർത്ഥിയായത്.
സിപിഎം മരുത്തോർവട്ടം ലോക്കൽ കമ്മിറ്റി അംഗവും തണ്ണീർമുക്കം പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.എസ്. ജ്യോതിസ് ആണ് പാർട്ടിയും മുന്നണിയും മാറി ആദ്യം ബിഡിജെഎസിൽ ചേർന്ന് എൻഡിഎ സ്ഥാനാർത്ഥിയായത്. ചേർത്തലയിൽ ജ്യോതിസ് എൻഡിഎ സ്വതന്ത്ര സ്ഥാനാർത്ഥിയായത് ബിഡിജെഎസ് പട്ടിക പുറത്തുവന്നശേഷമാണ് പാർട്ടി പ്രവർത്തകർ പോലും അറിഞ്ഞത്. മാവേലിക്കരയിൽ ബിജെപി സ്ഥാനാർത്ഥിയായത് ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗവും ചുനക്കര ലോക്കൽ കമ്മിറ്റി അംഗവുമായ കെ.സഞ്ജു.
സ്ഥാനാർത്ഥി പ്രഖ്യാപനം നടക്കുന്നതിനു തൊട്ടു മുൻപു വരെ സിപിഎമ്മിലെ സഹപ്രവർത്തകർക്കൊപ്പമുണ്ടായിരുന്ന സഞ്ജു ബിജെപി സ്ഥാനാർത്ഥിയാകുമെന്ന സൂചനയുണ്ടായപ്പോൾ അതു നിഷേധിക്കുകയും ചെയ്തിരുന്നു. തദ്ദേശ സ്ഥാപനങ്ങളിൽ പ്രതിനിധികളായിരുന്നവരാണ് 3 പേരും എന്ന പ്രത്യേകതയുണ്ട്. 2 പേർ ബിഡിജെഎസിനൊപ്പം ചേർന്നപ്പോൾ ഒരാൾ ബിജെപിയിലും. കോട്ടയത്തെ ബിജെപി സ്ഥാനാർത്ഥി മിനർവ മോഹൻ സിപിഎം നേതാവായിരുന്നു.
മിനർവാ മോഹൻ പൂഞ്ഞാർ ലോക്കൽ കമ്മിറ്റിയംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റിയംഗവുമായിരുന്നു. മാർച്ച് 2നാണ് ബിജെപിയിൽ ചേർന്നത്. ഇനിയും നിരവധി നേതാക്കൾ പ്രചരണ കാലത്ത് സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തുമെന്നാണ് എൻഡിഎയുടെ അവകാശ വാദം. കോൺഗ്രസുകാർ മാത്രമാണ് ബിജെപിക്കൊപ്പം വരുന്നതെന്ന പ്രചരണം തടയാനാണ് ഇത്. താഴേക്കിടയിലുള്ള സിപിഎം നേതാക്കളെ ബിജെപിയിലേക്ക് അടുപ്പിക്കാനാണ് നീക്കം.
തിരുവനന്തപുരത്തും കൊല്ലത്തും ആലപ്പുഴയിലും കോട്ടയത്തും ഇതിനുള്ള ശ്രമങ്ങൾ ബിജെപി നടത്തുന്നുണ്ട്. മധ്യകേരളത്തിൽ നുഴഞ്ഞു കയറ്റം നടത്താൻ ഇതിലൂടെ കഴിയുമെന്നാണ് വിലയിരുത്തൽ. കോൺഗ്രസ് നേതാവ് വിജയൻ തോമസ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമാണ് ബിജെപിയിൽ എത്തിയത്. സ്ഥാനാർത്ഥി പട്ടികിയിലും പ്രമുഖരെ ഉൾപ്പെടുത്താൻ ശ്രമിച്ചിരുന്നു. എന്നാൽ നടന്നില്ല.


