കോഴിക്കോട്: എൻ.ഡി.എ.യുടെ മൂന്നുപത്രികകൾ തള്ളിയതിൽ ബിജെപി കേ്ന്ദ്ര നേതൃത്വം അസംതൃപ്തിയിൽ. തലശ്ശേരി, ഗുരുവായൂർ മണ്ഡലങ്ങളിൽ ബിജെപി.യുടെയും ദേവികുളത്ത് എ.ഐ.എ.ഡി.എം.കെ.യുടെയും സ്ഥാനാർത്ഥികളുടെ പത്രികകളാണ് സൂക്ഷ്മപരിശോധനയിൽ തള്ളിയത്. തലശ്ശേരിയും ദേവികുളവും ഗുരുവായൂരും ബിജെപി ശ്ക്തികാട്ടാനുള്ള ഒരുക്കത്തിലായിരുന്നു. കണ്ണൂരിൽ ബിജെപിക്ക് ഏറ്റവും കൂടുതൽ വോട്ടുള്ളത് തലശ്ശേരിയിലാണ്. ഗുരുവായൂരിലും മികച്ച വോട്ട് പ്രതീക്ഷിച്ചിരുന്നു.

പത്രിക തള്ളിയതിന് എതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് ബിജെപി നീക്കം. അത് ജയം കണ്ടില്ലെങ്കിൽ സ്വതന്ത്രനെ പിന്തുണയ്ക്കും. ഗുരുവായൂരപ്പന്റെ നാട്ടിൽ സ്ഥാനാർത്ഥിയില്ലെന്നതും പ്രതിസന്ധി കൂട്ടുന്നു. ദേവികുളത്തെ സിപിഎമ്മിലെ ഭിന്നത നേട്ടമാകുമെന്ന പ്രതീക്ഷയിലായിരുന്നു എഐഎഡിഎംകെ സ്ഥാനാർത്ഥി. ഇതും പ്രതിസന്ധിയിലായി. ഈ സാഹചര്യത്തിൽ ഹൈക്കോടതിയെ തിങ്കളാഴ്ച തന്നെ സമീപിക്കും. അല്ലാത്ത പക്ഷം എല്ലായിടത്തും സ്വതന്ത്രരെ നിശ്ചയിക്കും.

അടുത്തയാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രചാരണപരിപാടിക്ക് തലശ്ശേരിയിൽ ഒരുക്കം തുടങ്ങുന്നതിനിടെയാണ് ഇവിടെ ബിജെപി.ക്ക് സ്ഥാനാർത്ഥിയില്ലാതായത്. സിപിഎമ്മിന്റെ സിറ്റിങ് എംഎ‍ൽഎ. എ.എൻ. ഷംസീറാണ് ഇടതുമുന്നണി സ്ഥാനാർത്ഥി. സിപിഎം.-ആർ.എസ്.എസ്. സംഘർഷംകാരണം ഏറെപ്പേർ രക്തസാക്ഷികളും ബലിദാനികളുമായ മണ്ണാണ് തലശ്ശേരി. ഈ സാഹചര്യത്തിലാണ് അമിത് ഷാ തലശ്ശേരിയെ പ്രചരണത്തിന് തെരഞ്ഞെടുത്തത്. ഇവിടെ തന്നെ സ്ഥാനാർത്ഥിയില്ലെന്നത് ബിജെപിയെ വെട്ടിലാക്കുന്നു.

കഴിഞ്ഞതവണ തലശ്ശേരിയിൽ 22,125 വോട്ടുനേടിയ ബിജെപി. ഇത്തവണ കൂടുതൽ നേട്ടം പ്രതീക്ഷിച്ചാണ് ജില്ലാ പ്രസിഡന്റിനെത്തന്നെ സ്ഥാനാർത്ഥിയാക്കിയത്. ഷംസീർ കഴിഞ്ഞതവണ 34,117 വോട്ടിനാണ് വിജയിച്ചത്. എ.പി. അബ്ദുള്ളക്കുട്ടിയായിരുന്നു അന്ന് യു.ഡി.എഫ്. സ്ഥാനാർത്ഥി. 2016-ൽ ഇടതുമുന്നണിക്ക് 3.46 ശതമാനവും യു.ഡി.എഫിന് 6.66 ശതമാനവും വോട്ട് കുറഞ്ഞപ്പോൾ ബിജെപി.യുടെ വോട്ട് 10.76 ശതമാനം കൂടി. ഇത്രയും വളർച്ച നേടിയ മണ്ഡലത്തിലാണ് സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയത്.

കെ.വി. അബ്ദുൾഖാദർ തുടർച്ചയായി മൂന്നുതവണ സിപിഎം. ടിക്കറ്റിൽ ജയിച്ചുവന്ന ഗുരുവായൂരിൽ ഇത്തവണ എൻ.കെ. അക്‌ബറാണ് ഇടതുസ്ഥാനാർത്ഥി. മുസ്ലിംലീഗിലെ കെ.എൻ.എ. ഖാദർ യു.ഡി.എഫിനുവേണ്ടിയും മത്സരിക്കുന്നു. 2016-ൽ ബിജെപി. സ്ഥാനാർത്ഥിയായിരുന്ന നിവേദിത 25,490 വോട്ട് നേടിയിരുന്നു. അന്ന് 15,098 വോട്ടായിരുന്നു ഇടതുമുന്നണിയുടെ ഭൂരിപക്ഷം. സിപിഎമ്മിന് 3.77-ഉം ലീഗിന് 6.22-ഉം ശതമാനം വോട്ട് കുറഞ്ഞപ്പോൾ ബിജെപി. വോട്ടുവിഹിതം പത്തുശതമാനം കൂടി.

തലശ്ശേരിയിലെന്നപോലെ ബിജെപി.യുടെ കാൽലക്ഷത്തോളം വോട്ടുകൾ ആർക്കുവീഴുമെന്നത് സിപിഎമ്മിനെ കുഴക്കുന്നുണ്ട്. ഗുരവായൂരിൽ തൊഴത് കാണിക്ക ഇട്ടുള്ള കെ എൻ എ ഖാദറിന്റെ പ്രചരണം ഏറെ ചർച്ച ആയിരുന്നു. ദേവികുളത്ത് സിപിഎമ്മിലെ എസ്. രാജേന്ദ്രൻ 2011-ൽ 4078-ഉം 2016-ൽ 6232-ഉം വോട്ടിനാണ് ജയിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എ.ഐ.എ.ഡി.എം.കെ. 11,613-ഉം ബിജെപി. 9,592 ഉം വോട്ടുകൾ നേടിയിരുന്നു. ഈ സാഹചര്യത്തിലാണ് എ.ഐ.എ.ഡി.എം.കെയ്ക്ക് സീറ്റ് നൽകിയത്.