- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗുരുവായൂരിൽ കോളടിക്കുന്നത് കണ്ണന് കാണിക്ക അർപ്പിച്ച് പ്രചരണം തുടങ്ങിയ ഖാദറിനോ? തലശ്ശേരിയിൽ അമിത് ഷാ ഇനി ആർക്കു വേണ്ടി വോട്ട് തേടും? മൂന്നാറിലെ തമിഴ് തൊഴിലാളികളെ ലക്ഷ്യമിട്ടുള്ള എഐഎഡിഎംകെ തന്ത്രവും പാളി; പത്രിക തള്ളലിൽ ചർച്ചയാവുക 'വോട്ട് കച്ചവടം'; ഈ അബദ്ധം മുതലാക്കാൻ ഇടതും വലതും സജീവം; ബിജെപി പ്രതിസന്ധിയിൽ
കൊച്ചി: എൻഡിഎ സ്ഥാനാർത്ഥികളുടെ പത്രിക തള്ളിയ നടപടിയിൽ ഇടപെടില്ലെന്ന് ഹൈക്കോടതി നിലപാട് എടുക്കുമ്പോൾ ഇനി കേരള രാഷ്ട്രീയത്തിൽ വീണ്ടും വോട്ട് കച്ചവടം ചർച്ചകളിൽ നിറയും. കോൺഗ്രസുമായുള്ള ബിജെപി ഇടപാടാണ് പത്രിക തള്ളലിൽ നിഴലിക്കുന്നതെന്ന് സിപിഎം ആരോപിക്കുന്നു. കച്ചവടം സിപിഎമ്മും ബിജെപിയും തമ്മിലാണെന്ന് കോൺഗ്രസും. ഏതായാലും അന്തിമ ഫലത്തിൽ ഈ മൂന്ന് മണ്ഡലത്തിലും ജയത്തെ ഈ അബദ്ധം സ്വാധീനിക്കുമെന്ന് ഉറപ്പാണ്.
ബിജെപിയും കോൺഗ്രസും തമ്മിലെ വോട്ട് കച്ചവടം ഉന്നയിച്ച് ന്യൂനപക്ഷ വോട്ടുകൾ കീശയിലാക്കാനാണ് ഇടത് ശ്രമം. ഇത് തിരിച്ചറിഞ്ഞാണ് കോൺഗ്രസും പ്രതിരോധത്തിന് എത്തുന്നത്. 2016ലെ നേമം മോഡൽ തലശ്ശേരിയിൽ നടക്കുമെന്ന് സിപിഎം പറയുന്നു. ഗുരുവായൂരിലും ഈ ചതിയാണ് സിപിഎം മുന്നിൽ കാണുന്നത്. എന്നാൽ നേമത്ത് കെ മുരളീധരനെ മത്സരിപ്പിച്ചതിനാൽ ഈ ആക്ഷേപം വിലപോവില്ലെന്ന നിഗമനത്തിലാണ് കോൺഗ്രസ്.
തലശ്ശേരിയിൽ എൻ. ഹരിദാസിന്റെയും ഗുരുവായൂരിൽ നിവേദിത സുബ്രഹ്മണ്യന്റെയും ദേവികുളത്ത് ആർ.എം. ധനലക്ഷ്മിയുടെയും പത്രികകളാണ് തള്ളിയത്. ഇതോടെ ഈ മൂന്നു മണ്ഡലങ്ങളിലും ബിജെപിക്ക് സ്ഥാനാർത്ഥിയില്ലാത്ത അവസ്ഥയായി. പത്രിക തള്ളിയതിനെതിരെ സ്ഥാനാർത്ഥികൾ സമർപ്പിച്ച ഹർജി തള്ളണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയ എതിർസത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടിരുന്നു. ഇതിനെല്ലാം പിന്നിൽ ഉദ്യോഗസ്ഥ തല ഗൂഢാലോചനയാണെന്ന് ബിജെപിയും ആരോപിക്കും. കമ്മീഷന്റെ നിലപാടാണ് ഹൈക്കോടതിയിലും ബിജെപിക്ക് തിരിച്ചടിയായത്.
വരണാധികാരിയുടെ തീരുമാനം അന്തിമമായിരിക്കുമെന്നും കമ്മിഷൻ വ്യക്തമാക്കി. ഇതാണ് നീതിയും ന്യായവും നോക്കാതെ ഹൈക്കോടതി ഈ ഘട്ടത്തിൽ അംഗീകരിക്കുന്നത്. ഈ വിധിക്കെതിരെ സ്ഥാനാർത്ഥികൾ സുപ്രീംകോടതിയിൽ അപ്പീൽ നൽകും. പക്ഷേ ഓരോ മണ്ഡലത്തിലേയും സ്ഥാനാർത്ഥികളിൽ ഇന്ന് അന്തിമ തീരുമാനം ആവും. മത്സര ചിത്രം വ്യക്തമാക്കി സ്ഥാനാർത്ഥി പട്ടിക പ്രിന്റിംഗിന് പോകും. അതുകൊണ്ട് തന്നെ ഈ ഹർജിയിൽ ഈ ഘട്ടത്തിൽ സുപ്രീംകോടതി ഇടപെടാനും സാധ്യത കുറവാണ്. എങ്കിലും എല്ലാ സാധ്യതകളും പരിശോധിക്കാനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്.
നാമനിർദേശ പത്രിക തള്ളിയതിനെതിരെ തലശ്ശേരിയിലെയും ഗുരുവായൂരിലെയും ബിജെപി സ്ഥാനാർത്ഥികൾ നൽകിയ ഹർജികൾ ഞായറാഴ്ച ഹൈക്കോടതി പ്രത്യേക സിറ്റിങ് നടത്തി പരിഗണിച്ചിരുന്നു. തുടർന്ന് തിരഞ്ഞെടുപ്പു കമ്മിഷന്റെ വിശദമായ നിലപാടു തേടി ജസ്റ്റിസ് എൻ. നഗരേഷ് ഹർജികൾ ഇന്നത്തേക്കു മാറ്റുകയായിരുന്നു. തിരഞ്ഞെടുപ്പു വിജ്ഞാപനത്തിനുശേഷം കോടതിക്ക് ഇടപെടാനാവില്ലെന്ന വാദം തിരഞ്ഞെടുപ്പു കമ്മിഷൻ ഉന്നയിച്ചിട്ടുണ്ട്. പിറവത്തു സമാജ്വാദി പാർട്ടി സ്ഥാനാർത്ഥി റോബിൻ മാത്യുവിനു പത്രികയ്ക്കൊപ്പം വേണ്ട ഫോം എയും ബിയും നൽകാൻ ഇന്നു രാവിലെ വരെ സമയം അനുവദിച്ചിട്ടുണ്ടെന്നും സംസ്ഥാനത്തു പലർക്കും പല നീതിയാണെന്നും പത്രിക തള്ളപ്പെട്ട ഗുരുവായൂരിലെ ബിജെപി സ്ഥാനാർത്ഥി നിവേദിത സുബ്രഹ്മണ്യന്റെ അഭിഭാഷകൻ വാദിച്ചു. കൊണ്ടോട്ടിയിൽ സൂക്ഷ്മപരിശോധന പോലും മാറ്റിയെന്നറിയുന്നു.
റിട്ടേണിങ് ഓഫിസർമാർക്ക് ഓരോ സ്ഥലത്തും ഓരോ അളവുകോലാണെന്നു തലശ്ശേരിയിലെ സ്ഥാനാർത്ഥി എൻ. ഹരിദാസിന്റെ അഭിഭാഷകനും ആരോപിച്ചു. ഒപ്പിട്ടതിന്റെ ഒറിജിനൽ പകർപ്പു നൽകണമെന്നാണു വ്യവസ്ഥയെന്നും തലശ്ശേരിയിലെ സ്ഥാനാർത്ഥി സൂക്ഷ്മപരിശോധനയ്ക്കു മുൻപേ അപാകത പരിഹരിച്ചിരുന്നുവെന്നും സ്റ്റേറ്റ് അറ്റോർണി ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു. ഏതായാലും കേരള രാഷ്ട്രീയത്തിൽ വീണ്ടും വോട്ട് ചർച്ച എത്തിക്കുന്നതാണ് ഹൈക്കോടതിയുടെ വിധി. ഇതിനൊപ്പം ബിജെപി വലിയ പ്രതിസന്ധിയേയും നേരിടേണ്ടി വരും.
ബിജെപിക്ക് ഏറെ വോട്ടുകളുള്ള രണ്ട് മണ്ഡലങ്ങളാണ് ഗുരുവായൂരും തലശ്ശേരിയും. അടുത്തയാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രചാരണപരിപാടിക്ക് തലശ്ശേരിയിൽ ഒരുക്കം തുടങ്ങുന്നതിനിടെയാണ് ഇവിടെ ബിജെപി.ക്ക് സ്ഥാനാർത്ഥിയില്ലാതായത്. സിപിഎമ്മിന്റെ സിറ്റിങ് എംഎൽഎ. എ.എൻ. ഷംസീറാണ് ഇടതുമുന്നണി സ്ഥാനാർത്ഥി. സിപിഎം.-ആർ.എസ്.എസ്. സംഘർഷംകാരണം ഏറെപ്പേർ രക്തസാക്ഷികളും ബലിദാനികളുമായ മണ്ണാണ് തലശ്ശേരി. ഈ സാഹചര്യത്തിലാണ് അമിത് ഷാ തലശ്ശേരിയെ പ്രചരണത്തിന് തെരഞ്ഞെടുത്തത്. ഇവിടെ തന്നെ സ്ഥാനാർത്ഥിയില്ലെന്നത് ബിജെപിയെ വെട്ടിലാക്കുന്നു.
കഴിഞ്ഞതവണ തലശ്ശേരിയിൽ 22,125 വോട്ടുനേടിയ ബിജെപി. ഇത്തവണ കൂടുതൽ നേട്ടം പ്രതീക്ഷിച്ചാണ് ജില്ലാ പ്രസിഡന്റിനെത്തന്നെ സ്ഥാനാർത്ഥിയാക്കിയത്. ഷംസീർ കഴിഞ്ഞതവണ 34,117 വോട്ടിനാണ് വിജയിച്ചത്. എ.പി. അബ്ദുള്ളക്കുട്ടിയായിരുന്നു അന്ന് യു.ഡി.എഫ്. സ്ഥാനാർത്ഥി. 2016-ൽ ഇടതുമുന്നണിക്ക് 3.46 ശതമാനവും യു.ഡി.എഫിന് 6.66 ശതമാനവും വോട്ട് കുറഞ്ഞപ്പോൾ ബിജെപി.യുടെ വോട്ട് 10.76 ശതമാനം കൂടി. ഇത്രയും വളർച്ച നേടിയ മണ്ഡലത്തിലാണ് സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയത്. അതുകൊണ്ട് തന്നെ സ്വതന്ത്രനെ ഈ മണ്ഡലത്തിൽ പിന്തുണച്ചാൽ പോലും വോട്ട് വഴിമാറുമെന്ന് ഉറപ്പാണ്. ഇത് ആരെ സഹായിക്കുമെന്നതാണ് നിർണ്ണായകം. സിപിഎമ്മിന്റെ ഉറച്ച മണ്ഡലത്തിൽ ഈ വോട്ട് മാറ്റം ഫലത്തെ സ്വാധീനിക്കാനുള്ള സാധ്യത കുറവാണ്.
എന്നാൽ ഗുരുവായൂരിൽ കാര്യങ്ങൾ അങ്ങനെ അല്ല. അവിടെ ബിജെപി വോട്ടുകൾ നിർണ്ണായകമാകും. കെ.വി. അബ്ദുൾഖാദർ തുടർച്ചയായി മൂന്നുതവണ സിപിഎം. ടിക്കറ്റിൽ ജയിച്ചുവന്ന ഗുരുവായൂരിൽ ഇത്തവണ എൻ.കെ. അക്‌ബറാണ് ഇടതുസ്ഥാനാർത്ഥി. മുസ്ലിംലീഗിലെ കെ.എൻ.എ. ഖാദർ യു.ഡി.എഫിനുവേണ്ടിയും മത്സരിക്കുന്നു. 2016-ൽ ബിജെപി. സ്ഥാനാർത്ഥിയായിരുന്ന നിവേദിത 25,490 വോട്ട് നേടിയിരുന്നു. അന്ന് 15,098 വോട്ടായിരുന്നു ഇടതുമുന്നണിയുടെ ഭൂരിപക്ഷം. സിപിഎമ്മിന് 3.77-ഉം ലീഗിന് 6.22-ഉം ശതമാനം വോട്ട് കുറഞ്ഞപ്പോൾ ബിജെപി. വോട്ടുവിഹിതം പത്തുശതമാനം കൂടി. തലശ്ശേരിയിലെന്നപോലെ ബിജെപി.യുടെ കാൽലക്ഷത്തോളം വോട്ടുകൾ ആർക്കുവീഴുമെന്നത് സിപിഎമ്മിനെ കുഴക്കുന്നുണ്ട്. ഗുരവായൂരിൽ തൊഴത് കാണിക്ക ഇട്ടുള്ള കെ എൻ എ ഖാദറിന്റെ പ്രചരണം ഏറെ ചർച്ച ആയിരുന്നു.
ഖാദറിനെതിരെ ഈ വിഷയത്തിൽ സമസ്ത പോലും രംഗത്ത് വരികയും ചെയ്തു. ഖാദറിന്റെ സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ മുസ്ലിം ലീഗിൽ സമ്മർദ്ദവും ചെലുത്തി. അങ്ങനെ വിവാദങ്ങൾ ചർച്ചയായ ഗുരുവായൂരിലാണ് ബിജെപിക്ക് സ്ഥാനാർത്ഥി ഇല്ലാതാകുന്നത്. ഹിന്ദുത്വ രാഷ്ട്രീയവുമായി അയ്യപ്പ വിശ്വാസികളെ കൈയിലെടുക്കാൻ ശ്രമിക്കുന്ന ബിജെപിക്ക് ഗുരുവായൂരപ്പന്റെ മണ്ണിൽ സ്ഥാനാർത്ഥി ഇല്ലെന്ന കൗതുകവും ഇനി ചർച്ചയാകും.
ദേവികുളത്ത് സിപിഎമ്മിലെ എസ്. രാജേന്ദ്രൻ 2011-ൽ 4078-ഉം 2016-ൽ 6232-ഉം വോട്ടിനാണ് ജയിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എ.ഐ.എ.ഡി.എം.കെ. 11,613-ഉം ബിജെപി. 9,592 ഉം വോട്ടുകൾ നേടിയിരുന്നു. ഈ സാഹചര്യത്തിലാണ് എ.ഐ.എ.ഡി.എം.കെയ്ക്ക് സീറ്റ് നൽകിയത്. ദേവികുളത്ത് സിപിഎമ്മിൽ ഭിന്നത രൂക്ഷമാണ്. ഈ സാഹചര്യത്തിൽ ഇടതിനെ പിന്തുണയ്ക്കുന്ന തമിഴ് തൊഴിലാളികളുടെ വോട്ടുകൾ പിടിക്കാനായിരുന്നു എഐഎഡിഎംകെയ്ക്ക് ബിജെപി സീറ്റ് നൽകിയത്. അതും പൊളിയുകയാണ്. ഇവിടേയും ഈ വോട്ട് മാറ്റം തന്നെയാകും വിജയിയെ നിശ്ചയിക്കുക.
മറുനാടന് മലയാളി ബ്യൂറോ