കൊച്ചി: ഗുരുവായൂർ, തലശ്ശേരി, ദേവികുളം മണ്ഡലങ്ങളിലെ എൻ.ഡി.എ. സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രിക തള്ളിയ വിഷയത്തിൽ എൻ.ഡി.എയിൽ പ്രതിസന്ധി രൂക്ഷം. പത്രിക തള്ളിയ വിഷയത്തിൽ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഈ വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചാലും കാര്യമുണ്ടാവില്ലെന്ന നിയമോപദേശമാണ് ബിജെപിക്ക് കിട്ടിയത്. അതുകൊണ്ട് തന്നെ മൂന്നിടത്തും ബിജെപിക്ക് സ്ഥാനാർത്ഥി ഇല്ലാതാകും.

ഗുരുവായൂരിലെ ബിജെപി. സ്ഥാനാർത്ഥി അഡ്വ. നിവേദിത സുബ്രഹ്മണ്യൻ, തലശ്ശേരിയിലെ ബിജെപി. സ്ഥാനാർത്ഥി എൻ. ഹരിദാസ്, ദേവികുളത്തെ എ.ഐ.എ.ഡി.എം.കെ. സ്ഥാനാർത്ഥി ധനലക്ഷ്മി എന്നിവരാണ് പത്രിക തള്ളിയ വരണാധികാരികളുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ഇത് കോടതി തള്ളി. ഇതോടെ സുപ്രീംകോടതിയെ സമീപിക്കുന്നതിന്റെ നിയമ വിശങ്ങൾ ബിജെപി തേടി. തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളുടെ ചിത്രം വ്യക്തമായി കഴിഞ്ഞു. ബാലറ്റ് പേപ്പർ അച്ചടിയിലേക്ക് കാര്യങ്ങൾ കടന്നു. ഈ ഘട്ടത്തിൽ സുപ്രീംകോടതിയും ഈ വിഷയത്തിൽ ഇടപെടില്ലെന്നാണ് നിയമോപദേശം. അതുകൊണ്ട് മൂന്നിടത്തും ബിജെപി സ്വതന്ത്രരെ പിന്തുണച്ചേക്കും.

ഹർജികളിൽ ഇടപെടാനുള്ള പരിമിതിയാണ് ഹൈക്കോടതി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ തുടങ്ങിക്കഴിഞ്ഞ ശേഷം ഇത്തരം ഹർജികളിൽ ഇടപെടുന്നതിന് കോടതിക്ക് നിയമപരമായ പരിമിതികളുണ്ടെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ മൂന്ന് മണ്ഡലങ്ങളിൽ എൻ.ഡി.എയ്ക്ക് സ്ഥാനാർത്ഥികളില്ലാതായി. ഹൈക്കോടതിയുടെ നിലപാട് തന്നെയാകും സുപ്രീംകോടതിയും സ്വീകരിക്കുകയെന്ന നിയമോപദേശമാണ് ബിജെപിക്ക് കിട്ടിയത്. ഇതോടെയാണ് ഇന്ന് സുപ്രീംകോടതിയെ സമീപിക്കാൻ നടപടികൾ എടുക്കാത്തത്. നാളെയും ഇക്കാര്യത്തിൽ ബിജെപി ചർ്ച്ചകൾ തുടരും.

സാങ്കേതിക പിഴവിന്റെപേരിൽ പത്രിക തള്ളിയതിനെയാണ് എൻ. ഹരിദാസും അഡ്വ. നിവേദിതാ സുബ്രഹ്മണ്യനും ചോദ്യംചെയ്തത്. ഞായറാഴ്ച അടിയന്തര സിറ്റിങ് നടത്തി നിവേദിതയുടെയും ഹരിദാസിന്റെയും ഹർജികൾ കോടതി കേൾക്കുകയും ചെയ്തു. റിട്ടേണിങ് ഓഫീസർ ശരിയായി പരിശോധിക്കാതെ രാഷ്ട്രീയ കാരണങ്ങളാൽ ന്യായരഹിതമായി പത്രിക തള്ളുകയായിരുന്നുവെന്ന് ഇരുവർക്കുംവേണ്ടി ഹാജരായ അഭിഭാഷകർ വാദിച്ചു. എന്നാൽ ഇതൊന്നും ഹൈക്കോടതി മുഖവിലയ്ക്ക് എടുത്തില്ല. ഈ സാഹചര്യത്തിൽ ഗുരുവായൂരും തലശ്ശേരിയിലും ദേവികുളത്തും സ്വതന്ത്രർക്ക് പിന്തുണ നൽകുന്നത് ബിജെപി പരിഗണിക്കുന്നുണ്ട്.

ഗുരുവായൂരിൽ ആന്റണി എന്ന സ്വതന്ത്രൻ മാത്രമാണ് പത്രിക നൽകിയിട്ടുള്ളത്. ബിജെപി പിന്തുണ ഇദ്ദേഹം സ്വീകരിക്കുമോ എന്നതും നിർണ്ണായകമാണ്. ഇല്ലെങ്കിൽ ഗുരവായൂരിൽ ബിജെപിക്ക് സ്ഥാനാർത്ഥി ഇല്ലാതാകും. തലശ്ശേരിയിൽ ഹരിദാസൻ എന്ന സ്വതന്ത്രൻ മത്സരിക്കുന്നുണ്ട്. ഇതിനൊപ്പം സിപിഎം വിമതനായ സിഒടി നസീറും. ഇവരിൽ ഒരാൾക്ക് പിന്തുണ നൽകുന്നതാണ് ബിജെപി പരിഗണനയിൽ. ദേവികുളത്ത് എസ് ഗണേശൻ എന്ന സ്വതന്ത്രനും മത്സര രംഗത്തുണ്ട്. ഗണേശനെ പിന്തുണയ്ക്കുന്നതും ബിജെപി പരിഗണിക്കുന്നുണ്ട്. എന്നാൽ ഇവർക്ക് ബിജെപിയുടെ വോട്ടുകൾ മുഴുവൻ നേടാനാകില്ലെന്നതാണ് വസ്തുത.

തലശ്ശേരിയിലെ പത്രികയോടൊപ്പം നൽകിയ ഫോറം എ-യിൽ ബിജെപി. ദേശീയ അധ്യക്ഷന്റെ ഒപ്പില്ല എന്നതിന്റെ പേരിലും ഗുരുവായൂരിൽ നൽകിയ ഫോറത്തിൽ പാർട്ടി സംസ്ഥാന അധ്യക്ഷന്റെ ഒപ്പില്ല എന്നതിന്റെ പേരിലുമാണ് പത്രികകൾ തള്ളിയത്. പരിഹരിക്കാവുന്ന ക്ലറിക്കൽ പിഴവ് മാത്രമായിരുന്നു ഇതെന്നായിരുന്നു ഹർജിക്കാരുടെ വാദം. ഈ പിഴവുകൾ റിട്ടേണിങ് ഓഫീസർ ചൂണ്ടിക്കാട്ടിയിരുന്നെങ്കിൽ പരിഹരിക്കാൻ കഴിയുമായിരുന്നുവെന്നും വാദിച്ചു. തുടർന്ന് ഹർജികൾ തിങ്കളാഴ്ച ഉച്ചയ്ക്ക് പരിഗണിക്കാൻ കോടതി മാറ്റിവെക്കുകയായിരുന്നു.

പത്രിക തള്ളിയതിനെതിരായി സ്ഥാനാർത്ഥികൾ സമർപ്പിച്ച ഹർജി തള്ളണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്ന് കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ തുടങ്ങിയാൽ കോടതിക്ക് ഇടപെടാനാകില്ല. ഇക്കാര്യത്തിൽ സുപ്രീംകോടതി തീർപ്പുകൽപ്പിച്ചതാണെന്നും വരണാധികാരിയുടെ തീരുമാനം അന്തിമമായിരിക്കുമെന്നും കമ്മീഷൻ കോടതിയിൽ സമർപ്പിച്ച എതിർസത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു.