- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തലശ്ശേരിയിലെ നസീറിന് പരിവാറുകാരനാകാൻ താൽപ്പര്യമില്ല; ഹരിദാസൻ എന്ന സ്വതന്ത്രന് മത്സരത്തിനിറങ്ങിയത് ബിജെപിയുടെ അപരനായും; ഗുരുവായൂരിൽ 'ദാരിദ്ര്യത്തിന് ജാതിയില്ല' എന്ന മുദ്രാവാക്യവുമായി മത്സരിക്കുന്ന ദിലീപ് നായർ പ്രതീക്ഷയാകും; ദേവികുളത്തും അനിശ്ചിതത്വം; തലശ്ശേരിയിൽ ബിജെപി നേരിടുന്നത് വമ്പൻ പ്രതിസന്ധി
കണ്ണൂർ: തലശ്ശേരിയിൽ ബിജെപിക്ക് സ്ഥാനാർത്ഥി ഉണ്ടാകില്ലെന്ന് ഉറപ്പായി. ബിജെപി പിന്തുണ സ്വീകരിക്കില്ലെന്ന് സി ഒ ടി നസീർ വ്യക്തമാക്കിയതോടെയാണ് ഇത്. സിപിഎം വിമതനായ നസീർ ബിജെപിയുടെ ബാനർ ആഗ്രഹിക്കുന്നില്ല. എന്നാൽ ഗുരുവായൂരിൽ ബിജെപി കഷ്ടിച്ച് രക്ഷപ്പെട്ടു. 'ദാരിദ്ര്യത്തിന് ജാതിയില്ല' എന്ന മുദ്രാവാക്യവുമായി മണ്ഡലത്തിൽ മത്സരിക്കുന്ന ഡമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി (ഡിഎസ്‌ജെപി) എൻഡിഎയുടെ ഘടകകക്ഷിയാകും. ഇപ്പോഴത്തെ സാഹചര്യത്തിൽ ഡിഎസ്‌ജെപിയുടെ സ്ഥാനാർത്ഥിക്ക് എൻഡിഎ പിന്തുണ നൽകും. എൻഡിഎയുടെ സ്ഥാനാർത്ഥിയായി മത്സരിക്കാൻ സമ്മതമാണെന്ന് സംഘടനയുടെ സംസ്ഥാന ട്രഷറർ കൂടിയായ ദിലീപ് നായർ പറഞ്ഞു. ഇതോടെ ഗുരുവായൂരിൽ സ്വതന്ത്രനായ ആന്റണിയെ പിന്തുണയ്‌ക്കേണ്ടതില്ലെന്ന നിലപാടിലേക്ക് ബിജെപി എത്തി കഴിഞ്ഞു.
റിട്ടേണിങ് ഓഫീസർമാർ നാമനിർദ്ദേശപത്രിക തള്ളിയത് ചോദ്യംചെയ്ത് എൻ.ഡി.എ. സ്ഥാനാർത്ഥികൾ നൽകിയ ഹർജികൾ ഹൈക്കോടതി തള്ളിയിരുന്നു. തിരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ച സാഹചര്യത്തിൽ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് എൻ. നഗരേഷിന്റെ ഉത്തരവ്. തലശ്ശേരി മണ്ഡലത്തിലെ ബിജെപി. സ്ഥാനാർത്ഥി എൻ. ഹരിദാസ്, ഗുരുവായൂരിലെ ബിജെപി. സ്ഥാനാർത്ഥി അഡ്വ. നിവേദിതാ സുബ്രഹ്മണ്യം, ദേവികുളം മണ്ഡലത്തിലെ എ.ഐ.എ.ഡി.എം.കെ. സ്ഥാനാർത്ഥി ആർ. ധനലക്ഷ്മി എന്നിവരുടെ ഹർജികളാണ് തള്ളിയത്. ഇതിൽ ദേവികുളത്ത് ബിജെപിക്ക് വലിയ തോതിൽ വോട്ടില്ല. എന്നാൽ തലശ്ശേരിയിലും ഗുരുവായൂരിലും അടിത്തറ അതിശക്തമാണ്. ഈ സാഹചര്യമാണ് ബിജെപിയെ പ്രതിക്കൂട്ടിലാക്കുന്നത്.
സ്വന്തം സ്ഥാനാർത്ഥിയുടെ പത്രിക തള്ളിപ്പോകുകയും അതിനെതിരെ കോടതിയെ സമീപിച്ചിട്ടും രക്ഷയില്ലാതെ വരികയും ചെയ്തതോടെ തലശ്ശേരിയിലെയും ഗുരുവായൂരിലെയും ബിജെപി വോട്ടുകൾ എങ്ങോട്ടു പോകുമെന്ന ചർച്ച സജീവമാണ്. ബിജെപി വോട്ടുകൾ ആർക്കെന്നതു സംബന്ധിച്ച് എൽഡിഎഫും യുഡിഎഫും ആരോപണങ്ങളുമായി രംഗത്തെത്തിക്കഴിഞ്ഞു. തലശ്ശേരിയിൽ വേരുകളുള്ള സ്ഥാനാർത്ഥിയാണ് നസീർ. സിപിഎമ്മിന്റെ ഗുണ്ടാ രാഷ്ട്രീയത്തിന്റെ ബലിയാട്. അതുകൊണ്ട് തന്നെ നസീറിനെ പിന്തുണയ്ക്കുന്നത് പരിഗണനയിലുണ്ടായിരുന്നു. എന്നാൽ അദ്ദേഹം അത് നിരസിച്ചു. മറ്റൊരു സ്ഥാനാർത്ഥി ഹരിദാസനാണ്. ഹരിദാസനാകട്ടെ ബിജെപിയുടെ സ്ഥാനാർത്ഥിക്ക് അപരനായി മറ്റാരോ നിർത്തിയ സ്ഥാനാർത്ഥിയും. അതുകൊണ്ട് തന്നെ ഹരിദാസനും ബിജെപി ക്യാമ്പിലേക്ക് അടുക്കില്ല.
ബിജെപി വോട്ടുകൾ കോൺഗ്രസിനു പോകുമെന്നു സിപിഎമ്മും സിപിഎമ്മിനാണു പോകുകയെന്നു കോൺഗ്രസും പ്രചാരണം നടത്തുന്നു. മേൽക്കോടതിയിൽ പോകുമെന്നു ബിജെപി പറയുന്നുണ്ട്. എന്നാൽ മേൽകോടതിയിൽ പോയാലും ഇനി കോടതി വിഷയത്തിൽ ഇടപെടില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. തലശ്ശേരിയിൽ കഴിഞ്ഞ തവണ ബിജെപി സ്ഥാനാർത്ഥി വി.കെ. സജീവന് 22,125 വോട്ടുകളാണു കിട്ടിയത്. ജയിച്ച സിപിഎം സ്ഥാനാർത്ഥി എ.എൻ. ഷംസീറിന്റെ ഭൂരിപക്ഷം 34,117 ആയിരുന്നു. ഇത്തവണയും എൽഡിഎഫ് സ്ഥാനാർത്ഥിയായി ഷംസീർ തന്നെയാണു രംഗത്തുള്ളത്. യുഡിഎഫ് സ്ഥാനാർത്ഥിയായി കോൺഗ്രസിലെ എംപി.അരവിന്ദാക്ഷനും.
കഴിഞ്ഞ തവണ 36,624 വോട്ടാണ് യുഡിഎഫിനു കിട്ടിയത്. തുടർനിയമനടപടിയിലൂടെ സ്ഥാനാർത്ഥിത്വം അംഗീകരിച്ചു കിട്ടുന്നില്ലെങ്കിൽ നിലപാട് പിന്നീടു പ്രഖ്യാപിക്കുമെന്നാണു ബിജെപി നേതാക്കൾ പറയുന്നത്. ഉറച്ച കോട്ടയിൽ സിപിഎമ്മിനെ ബിജെപി നിലപാട് സ്വാധീനിക്കില്ല. എന്നാൽ വോട്ട് എങ്ങോട്ട് മറിയുമെന്നത് നിർണ്ണായകമാണ്. ഇത് ഭാവി രാഷ്ട്രീയ കേരളത്തിൽ ചർച്ചയാവുകയും ചെയ്യും. ഗുരുവായൂരിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേടിയത് 25,450 വോട്ടാണ്. ആരുടെയും വോട്ട് വേണ്ടെന്നു പറയില്ലെന്നാണു യുഡിഎഫ് സ്ഥാനാർത്ഥി കെ. എൻ.എ. ഖാദറിന്റെ പ്രതികരണം. കോലീബീ സഖ്യത്തിന്റെ നാടകമാണ് പത്രിക തള്ളൽ എന്ന ആരോപണമാണ് എൽഡിഎഫ് സ്ഥാനാർത്ഥി എൻ.കെ.അക്‌ബർ ഉന്നയിച്ചിരിക്കുന്നത്.
ഗുരുവായൂർ ക്ഷേത്രം കൂടി ഉൾപ്പെട്ട മണ്ഡലം ഇന്ത്യ മുഴുവൻ ശ്രദ്ധിക്കും എന്നതിനാൽ സ്ഥാനാർത്ഥിയില്ലാത്തതു ബിജെപിക്കു വലിയ ക്ഷീണമാണ്. ഇതിനിടെയാണ് ദിലീപ് നായരിൽ ഘടകക്ഷിയെ കണ്ടെത്തുന്നത്.
മറുനാടന് മലയാളി ബ്യൂറോ